Friday, 9 February 2018

കൈകേയി - പുരാണകഥാപാത്രങ്ങൾ

കൈകേയി - പുരാണകഥാപാത്രങ്ങൾ


ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്‌നിയായി കോസലത്തിലെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി കൂടെയുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ സ്വന്തം കൈവിരല്‍ ആണിയായി യുദ്ധം കഴിയുന്നതുവരെ നിര്‍ത്തി ഭര്‍ത്താവിനെ മരണത്തില്‍നിന്ന് രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്ത ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി. ദശരഥന്‍ ആ യുദ്ധവിജയസമയത്തുനല്കിയ രണ്ട് വരങ്ങളെക്കുറിച്ച് തക്കസമയത്ത് മന്ഥര അവരെ ഓര്‍മിപ്പിക്കുന്നു. രാമായണത്തിന്റെ പ്രത്യേകത മന്ഥരയിലും കാണാം. ദാസിയാണെങ്കില്‍ അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസി!


കൈകേയിയോടുള്ള സത്യം പാലിക്കുന്നതില്‍ ദശരഥമഹാരാജാവ് ഏറെ വെമ്പല്‍കൊണ്ടതിനുപിന്നില്‍ കൈകേയിയോടുള്ള പ്രേമവും സത്യപാലനത്തിലുള്ള വ്യഗ്രതയുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? കേകയരാജാവ് അശ്വപതിയുടെ പുത്രനായ യുധാജിത് തന്റെ സഹോദരി കൈകേയിയോടും അവരുടെ പുത്രന്‍ ഭരതനോടും ഏറെ സ്‌നേഹവും വാത്സല്യവും പുലര്‍ത്തിയിരുന്നു. വിവാഹസമയത്ത് താന്‍ നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ യുധാജിത് പടപ്പുറപ്പാടുമായിവന്ന് അയോധ്യ കീഴടക്കി രാമനെ തടവിലാക്കി ഭരതനെ അയോധ്യാധിപതിയായി വാഴിക്കുമോ എന്ന പേടി ഒരുപക്ഷേ, ദശരഥനുണ്ടായിരുന്നോ?


ദശരഥന് ഏറ്റവും പ്രിയമേറിയ പത്‌നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്ന ദശരഥന്‍ അവര്‍ക്ക് നല്കിയ വാക്കുപാലിക്കാതിരിക്കുക തികച്ചും അസാധ്യമായിരുന്നിരിക്കണം. എങ്കിലും ഇത്തരമൊരു വലിയ പ്രശ്‌നത്തില്‍ ചെന്നുചാടിയ ദശരഥന്‍ ഒരു ഉപദേഷ്ടാവിനോടും അഭിപ്രായം ചോദിക്കുന്നതായി കാണുന്നില്ല. പ്രജ്ഞയറ്റതുപോലെ വീണുപോയ ദശരഥന്‍ അന്തഃപുരത്തില്‍ കിടന്നുവിലപിക്കുക മാത്രം ചെയ്യുന്നു.


രാമായണം എന്ന കഥയുണ്ടാകാന്‍ അങ്ങനെ പ്രധാന കാരണക്കാരിയായിമാറുകയാണ് കൈകേയി.

സുദാമാവേ നീയാണ് എന്റെ പ്രിയപ്പെട്ട ചങ്ങാതി

സുദാമാവേ നീയാണ് എന്റെ പ്രിയപ്പെട്ട ചങ്ങാതി


സാന്തീപനി മഹർഷിയുടെ ഗുരുകുലത്തിൽ വിദ്യാഭ്യാസത്തിന് വന്നതായിരുന്നു സുദാമാവ്. ഒരു സാധു ഗൃഹത്തിലെ ബ്രാഹ്മണ ബാലൻ. 

ഗുരുവിന് ശുശ്രൂഷ ചെയ്തിരിക്കുമ്പോൾ ഗുരുനാഥന്‍ കൃഷ്ണന്റെയും രാമന്‍റെയും കഥകൾ പറയും. കണ്ണൻ വെണ്ണ തിന്നതും പാലുകുടിക്കുന്നതും ഗോപികമാരുടെ ഗൃഹത്തിൽ പോകുന്നതും എല്ലാം കേൾക്കുമ്പോൾ സുദാമാവിന് പറയാനാവാത്ത ആനന്ദം. കണ്ണൻ ഗോപക്കുട്ടികളുടെ കൂടെ കളിക്കുന്നതും പശുക്കളെ മേയ്ക്കാൻ അവരോടൊപ്പം പോകുന്നതും അത്ഭുതത്തോടെ കേട്ടിരിക്കും. ദാരിദ്ര്യത്തില്‍ വളർന്ന ആ ബാലന് കണ്ണൻ ധാരാളം വെണ്ണയും പാലും പഴങ്ങളും കഴിക്കുന്നത് കേട്ടപ്പോള്‍ ഒരിക്കൽ പോലും കൊതിച്ചില്യ തനിക്ക് അതുപോലെ വെണ്ണയും പാലും പഴങ്ങളും കഴിക്കണം ന്ന്. പിന്നെ ഗുരുനാഥനോടു ചോദിച്ചതോ?


"ഗുരുനാഥാ ആ കണ്ണൻ എന്നാ എനിക്ക് ചങ്ങാതിയായി വരുന്നത്? എന്നാ അതുപോലെ എന്റെ കൂടെ കളിക്കുക? എന്നെങ്കിലും കണ്ണനെ കെട്ടിപ്പിടിച്ചു ഉറങ്ങാന്‍ എനിക്കും കഴിയോ?

കണ്ണനെ ഒന്നു കാണാനെങ്കിലും കഴയുമോ?" ചോദിക്കുക മാത്രല്ല  എന്നും സുദാമാവ് ഇതു തന്നെ ചിന്തിച്ചു. സദാ കൃഷ്ണാ കൃഷ്ണാ എന്ന് മനസ്സില്‍ വിളിച്ചു. ഗോപന്മാരുടെ കൂടെ താനും കണ്ണന്റെ കൂടെ കളിക്കുന്നത് സ്വപ്നം കണ്ടു. അങ്ങിനെ ഒരു നാൾ അതാ കണ്ണനും രാമനും സാന്തീപനീ ഗൃഹത്തിൽ
കണ്ണനെക്കാണാൻ എല്ലാ കുട്ടികളും ഗുരുനാഥനോടൊപ്പം നിന്നു. സുദാമാവിന്റെ ഹൃദയം പട പടാ മിടിച്ചു. ഒടിച്ചെന്ന് ഒന്ന് നമസ്ക്കരിക്കണോ. അതോ കെട്ടിപ്പിടിക്കണോ. കൃഷ്ണാ ന്ന് ഒന്നു ഉറക്കെ വിളിക്കണോ. എന്താ ചെയ്യണ്ടേ ന്നറിയാതെ ആ സച്ചിദാനന്ദ രൂപം കണ്ണുകൊണ്ട് കുടിച്ച് ആനന്ദത്തിൽ എല്ലാം മറന്നു നിന്നു. കണ്ണനോ ഒരു ചാരുസ്മിതത്തോടെ മുന്നോട്ടു ചെന്ന് ഗുരുനാഥനെ നമസ്ക്കരിച്ചു.

Image result for സുദാമാവ് കൃഷ്ണൻ
ഗുരുനാഥന്‍റെ തൊട്ടടുത്താണ് സുദാമാവ് നിന്നിരുന്നത്. സുദാമാവിന്റെ ശരീരം അടിമുടി വിറച്ചു. ഹാ ! സച്ചിദാനന്ദ ഗന്ധം.താൻ ആനന്ദത്താൽ താഴേ വീണുപോകുമോ എന്ന് സുദാമാവിന് തോന്നി. ആ സമയം കണ്ണൻ എഴുന്നേററ് സുദാമാവിന്റെ കരം പിടിച്ചു. ആനന്ദം പരമാനന്ദം. കണ്ണന്റെ സ്പർശം. സുദാമാവ് വിറയലോടെ കൃഷ്ണാ എന്ന് വിളിച്ചു. പക്ഷേ തൊണ്ടയിടറി ശബ്ദം പുറത്തു വന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണനെ കാണാൻ പറ്റാതായി


കണ്ണൻ പ്രേമത്തോടെ തന്റെ കരങ്ങളാൽ സുദാമാവിന്റെ കണ്ണുനീര്‍ തുടച്ചു. രണ്ടു കരങ്ങൾ കൊണ്ടും സുദാമാവിന്റെ മുഖം കവർന്ന് ആ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. സുദാമാവേ നീയ്യാണ് എന്നും എന്റെ പ്രിയപ്പെട്ട ചങ്ങാതി. അന്ന് ചേർത്തുപിടിച്ച കണ്ണൻ പിന്നീട് ഒരിക്കലും സുദാമാവിനെ കൈവിട്ടില്ല. അതാണ് കൃഷ്ണ കൃപ. 

ഗുണപാഠകഥകൾ

ഗുണപാഠകഥകൾ




നദിയിൽ ഒരു ആനയുടെ ജഡം ഒഴുകിയിരുന്നു. ഒരു കാക്ക അതു കണ്ടു. അതിനു സന്തോഷമായി. അത് ആ ജഡത്തിൽ വന്നിരുന്നു യഥേഷ്ടം മാംസം ഭക്ഷിച്ചു. ദാഹത്തിന് നദിയിലെ വെള്ളവും കുടിച്ചു. ആ ജഡത്തിനു മുകളിൽ അങ്ങോട്ടുമിങ്ങോട്ടും പാറി കൊണ്ടും മാറിയിരുന്നു കൊണ്ടും അതിന്നു തൃപ്തിയായി ഇരുന്നു. അത് അലോചിച്ചു. ഇത് അത്യന്തം സുന്ദരമായ ഒരു യാത്ര തന്നെ. ഇവിടെ ഭക്ഷണവും ജലവും ധാരാളം ഒന്നിനും ഒരു കുറവുമില്ല. ഇതിനെ വിട്ടു പോവണോ മറ്റു വല്ലയിടത്തും ? കാക്ക കുറച്ചു ദിവസം ആ നദിയിലെ ജലത്തിൽ തന്നെ ആ ജഡത്തിനു മുകളിൽ അങ്ങിനെ കഴിഞ്ഞു. വിശന്നാൽ മാംസം കഴിക്കും. ദാഹിച്ചാൽ നദിയിലെ ജലം കുടിക്കും. വലിയ ജലപ്രവാഹമുള്ള അഗാധജലരാശിയായിരുന്നു അത്.അതിന്റെ തീരങ്ങൾ പോലും കാണാൻ പ്രയാസ്സമായിരുന്നു. ആ പ്രകൃതിമനോഹാരിത കണ്ടു കണ്ടു കാക്ക വ്യാമോഹിതയായി.


 ഒരു ദിവസം പെട്ടെന്ന് നദി മഹാസമുദ്രത്തിൽ ലയിച്ചു.. ആ നദിക്കു സന്തോഷമായി. അത് അതിന്റെ ലക്ഷ്യത്തിലെത്തിയ സന്തോഷം . സാഗരത്തിലെത്തുക എന്നതാണതിന്റെ ചരമ ലക്ഷ്യം. എന്നാൽ ആ ദിവസം ലക്ഷ്യ ഹീനനായ കാക്കയ്ക്ക് അതിന്റെ ദുർഗ്ഗതി ആയിരുന്നു. നാലു ദിവസത്തേക്കു മാത്രമേ ആ ആനയുടെ ജഡാംശം ആ കടലിൽ ഉണ്ടായുള്ളു. അതിന്നു ശേഷം അതെല്ലാം മറ്റു ജലജന്തുക്കളുടെ പോലും ആഹാരമായി ഒന്നുമില്ലാതായി. കാക്കയുടെ ഭക്ഷണവും ഇല്ലാതായി ശുദ്ധമായ വെള്ളവും ഇല്ലാതായി. അതിനു് ഇരിക്കാൻ പോലും ഇടമില്ലാതായി. ചുറ്റും കരകാണാൻ കഴിയാത്ത സമുദ്രം. വലിയ തിരമാലകൾ .കാക്ക വിഷമിച്ചു വലഞ്ഞു. കുറച്ചു ദിവസം വെള്ളത്തിൽ തന്നെ ചിറകു വിടർത്തി നീന്തിക്കുഴഞ്ഞ് പറക്കാനും ഒന്നും കഴിയാതെ ആ സമുദ്രത്തിൽ സങ്കടപ്പെട്ടു ദു:ഖം സഹിക്കവയ്യാതെ തിരമാലകളിൽ വീണു ഒരു കാലരൂപിയായ മത്സ്യത്തിന്റെ വായിൽ പെട്ടു തന്റെ ജീവിതത്തെ അവസാനിപ്പിക്കേണ്ടി വന്നു.


ശാരീരിക സുഖങ്ങൾക്ക് പിന്നാലെ പോകുന്ന മനുഷ്യന്റെ ഗതിയും ഈ കാക്കയുടെതുപോലാകുന്നു. ആഹാരത്തിനും ആശ്രയത്തിനുമായി നശിച്ചുപോകുന്ന ലൌകിക വിഷയങ്ങളെ കെട്ടിപ്പിടിച്ച് ഈ സാഗരരൂപിയായ അനന്ത സംസാരത്തിൽ രമിക്കുന്നു. ആരാണ് ജയിച്ചത് ആരാണ് തോറ്റത്. ആർക്കു വേണ്ടി പാടുപെട്ടു. ഇവിടെ വരുന്നവരെല്ലാം ഒരിക്കൽ തിരിച്ചു പോവേണ്ടവരാണ്.ഒരു നിമിഷത്തേക്കു അല്ലെങ്കിൽ ദിവസത്തേക്കു ജീവിക്കാൻ ഇത്രമാത്രം അഹങ്കാരമോ? നല്ല പോലെ ചിന്തിച്ചാൽ മനസ്സിലാക്കാം


ഹരേ ഹരേ കൃഷ്‌ണ 

ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാര വിമോചന മാർഗ്ഗം കൃഷ്ണ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

ഹരേ രാധാപാദസരോജം ശരണം

ഭീമപത്‌നി ഹിഡിംബി

ഭീമപത്‌നി ഹിഡിംബി



അരക്കില്ലം കത്തിയമര്‍ന്നു.പാണ്ഡവകുടുംബമെന്നോണം, ആറു കാട്ടു മനുഷ്യര്‍ അരക്കില്ലത്തോടൊപ്പം ഉരുകിയൊടുങ്ങി.തങ്ങളുടെ ജീവനു ഭീഷണിയായി എഴുന്നുനില്ക്കുന്ന ദുര്യോധനഖഡ്ഗം ഭയന്ന്, പാണ്ഡുപുത്രരും കുന്തിയും പലായനം തുടരുകയായിരുന്നു.യാത്ര... നീണ്ട യാത്ര...അന്ധകാരത്തിലേക്ക്, ഭൂഗോളം ആഴ്ന്നാഴ്ന്നറങ്ങവേ, അരികെയൊരു പ്രശാന്തമായ വനപ്രദേശം കാണായി. ആരെയോ ഭയന്നിട്ടാവാം, കാട്ടുജാതികള്‍ പോലും ഒച്ചയടക്കി ഒളിച്ചിരിക്കുന്ന വനപ്രദേശം. ഒളിമിന്നുന്ന ചന്ദ്രപ്രഭയില്‍, നീലവനം, നിറന്നു ശോഭിക്കുന്നു. 


പകല്‍ മുഴുവന്‍ തുടര്‍ന്ന‍ യാത്രയില്‍, പാണ്ഡവകുടുംബം തളര്‍ന്നു കഴിഞ്ഞു. ഇനി മുന്നോട്ട് ഒരടി വെയ്ക്കാനാവതില്ലാതെ കുന്തീ മാതാവ്, ഒരു കല്‍ പീഠത്തിലിരുന്നു. ക്ഷീണവും തളര്‍ച്ചയും, മറ്റുള്ളവരേയും ബാധിച്ചു തുടങ്ങി. അവരും ഓരോരുത്തരായി, അവിടവിടെ തളര്‍ന്നിരുന്നു. തളര്‍ച്ചയിലും തളര്‍ച്ച മറന്ന്, ഭീമസേനന്‍, അവര്‍ക്കു കുടിപ്പതിനു ശുദ്ധജലം തേടി പുറപ്പെട്ടു. അധികം നടക്കേണ്ടി വന്നില്ല, മനോഹരമായ തടാകം കണ്ണില്‍ പെട്ടു. അടിത്തട്ടു കാണ്കെ, തെളിനീരൊഴുകുന്നു.... 

കൌമുദീ വല്ലഭരായ ജലപുഷ്പങ്ങള്‍‍, ചന്ദ്രപ്രഭയില്‍ തെളിഞ്ഞു വിലസുന്നു. ആ തടാകത്തില്‍‍ നിന്നും, കോട്ടിയെടുത്ത ഇല കുമ്പിളുകളില്‍, ജലം നിറച്ച്, ഭീമസേനന്‍ വിശ്രമസങ്കേത്തിലേയ്ക്ക് മടങ്ങി. തളര്‍ന്നവശരായ കൂടപ്പിറപ്പുകളും, മാതാവും, നിദ്രയെ പൂകിയിരുന്നു. അവരെയോരോരുത്തരെയും സ്നേഹപൂര്‍വ്വം വിളിച്ചുണര്‍ത്തി, അമൃതജലം നല്കി. സംഭരിച്ചിരുന്ന കാട്ടു കിഴങ്ങുകള്‍ വീതിച്ചു നല്കി. വീണ്ടും അവരെ ഉറങ്ങാന്‍ വിട്ടിട്ട്, അവര്‍ക്കു കാവൽക്കാരനായി ഉണര്‍ന്നിരുന്നു. പ്രകൃതിപോലും വിറങ്ങലിച്ചു നിന്ന, ആ വനഭാഗം, ഹിഡിംബവനത്തിന്‍റെ രാജധാനിയായിരുന്നു.


 ഹിഡിംബന്‍ എന്ന ദുഷ്ടരാക്ഷസന്റെ കേളീ രംഗം. ആ വനഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന വനവൃക്ഷത്തില്‍, മനുഷ്യകപാലങ്ങളും, മൃഗാസ്ഥികളും, മരത്തോലും കൊണ്ട്, കെട്ടിയുണ്ടാക്കിയ വമ്പന്‍ ഏറുമാടത്തില്‍, ഹിഡിംബന്‍ ഉറക്കമുണര്‍ന്നു. അടുത്ത ശയ്യയില്‍, ഇഹം മറന്നുറങ്ങുന്ന, സ്വസഹോദരി,,  ഒന്നു തിരിഞ്ഞു കിടന്ന്, ഉറക്കമുണര്‍ന്ന ഹിഡിംബി കണ്ണുകള്‍ തുറന്നു നോക്കവേ, ഹിഡിംബന്‍ എന്തിലോ ബദ്ധശ്രദ്ധനായി നില്ക്കുന്നതറിഞ്ഞു. നാസികകള്‍ വികസിപ്പിച്ച്, വായു ആവോളം ശക്തിയായി അകത്തേയ്ക്കു വലിച്ച്, അവന്‍, എന്തിന്‍റെയോ മധുരസുഗന്ധം ആസ്വദിക്കുകയായിരുന്നു. ആ സുഗന്ധത്തില്‍ മതിമറന്നു നിന്ന് ഹിഡിംബന്‍ പതുക്കെ പുലമ്പി...“ഗന്ധം... മനുഷ്യ സുഗന്ധം... നമ്മുടെ ചുറ്റുവട്ടത്തിലെവിടെയോ മനുഷ്യരെത്തിയിട്ടുണ്ട്. നാളുകള്‍ക്കുമുമ്പ്, പത്ഥ്യമായ മനുഷ്യമാസം യഥേഷ്ടം കിട്ടിയിരുന്നു... ഇന്നാവട്ടെ. ഭയചകിതരായ മനുഷ്യവര്‍ഗ്ഗങ്ങളാരുംതന്നെ, ഈ ഹിഡിംബവനത്തില്‍‍ എത്താറില്ല.... കാട്ടുമൃഗങ്ങളേയും, കാട്ടുപക്ഷികളേയും ഭുജിച്ച് മടുപ്പായിത്തുടങ്ങി. ഇന്നു മൃഷ്ടാന്നമൊരുക്കണം...”


എന്നിട്ട് ഹിഡിംബിയോടായി പറഞ്ഞു.“വിഡ്ഢികളായ മനുഷ്യരാരോ അടുത്തെത്തിയിട്ടുണ്ട്... ഒളിച്ചും മറഞ്ഞും എങ്ങിനെയെങ്കിലും നീ അവരെ കണ്ടുപിടിക്കണം... എന്നിട്ട്, നീഎനിക്കു വിവരം നല്കൂ... നമുക്കിന്ന് മൃഷ്ടാന്നം തന്നെ...”വനവഴിയിലൂടെ, നിശ്ശബ്ദയായി, ഏകയായി അവള്‍ മനുഷ്യഗന്ധം ആസ്വദിച്ചു നടന്നു.....ഒരു വൃക്ഷപ്പടര്‍പ്പിനുതാഴെ, നാലു ഭൂസുന്ദരന്മാര്‍, അഗാധനിദ്രയില്‍ ആഴ്ന്നു കിടക്കുന്നു.... അപ്പുറത്തു മാതാവ്.... 


ഏകനായൊരുവന്‍, നിദ്രാലേശമില്ലാതെ, കൂടപ്പിറപ്പുകള്‍ക്കും മതാവിനും കാവലിരിക്കുന്നു.... വൃകോദരനായ ആ അമാനുഷന്‍റെ ശരീരഭാഷ ഒന്നു വേറെ തന്നെ....... അവനെ നേരിടുന്നത് ശ്രമകരം തന്നെ.... എണ്ണയൊഴുകുന്ന ആ ഗാഢ ശരീരത്തില്‍, ഇറ്റിനില്ക്കുന്ന വിയര്‍പ്പുകണങ്ങള്‍ക്കു‍പോലും എത്ര ചന്തം.... ആഹാ...അവള്‍ സ്വയംമറന്ന് അല്പനേരം നിന്നുപോയി. അവള്‍ തന്‍റെ മനസ്സു നിറഞ്ഞ് ആ അമാനുഷനില്‍ പ്രണയപ്പൂക്കളര്‍പ്പിച്ചുപോയി... 

.ജന്മസിദ്ധമായ അത്ഭുതശക്തിയാല്‍, അവള്‍, സുന്ദരിയായൊരു തരുണീരത്നമായി, ഭീമസേനന്‍റെ മുന്നിലേക്ക് അടിവച്ചു. പ്രണയം വഴിയുന്ന കണ്ണുകളാല്‍, അവളൊന്നു കടാക്ഷിച്ചു.......ആ സൌന്ദര്യധാമത്തെ കണ്ട് ഭീമസേനന്‍ ആത്മഗതം ചെയ്തു...“ഈ ഇരുണ്ടവനത്തിലെ തരുണീമണിയാര്... അസമയത്തുഴറി നടക്കുന്ന ഇവള്‍, വനദുര്ഗ്ഗയോ.... രക്തം കുടിക്കാന്‍ വെമ്പുന്ന വനയക്ഷിയോ....  കാത്തിരുന്നു കാണുക തന്നെ...” സൌന്ദര്യോതര്‍ക്കമായ ചുവടുകള്‍ വച്ച്, അടുത്തെത്തിയ അവള്‍ ഭീമസേനന്‍റെ കാലടികളില്‍ കുനിഞ്ഞു ചുംബിച്ചു......


സഹോദരിയെ കാണാതെ തിരഞ്ഞെത്തിയ ഹിഡിംബന്‍ ഈ കാഴ്ചകള്‍ കണ്ടു... ലോകം നടുങ്ങുമാറ് അവന്‍ ഗര്‍ജ്ജിച്ചു.... മഹാകായന്മാരായ ഭീമനും, ഹിഡിംബനും മുഖാമുഖം കണ്ടു....ഭയാശങ്കകളൊന്നുമില്ലാതെ, ഭീമന്‍, ഹിഡിംബനോട് നിശ്ശബ്ദനാകാന്‍ ആജ്ഞാപിച്ചു... തളര്‍ന്നുറങ്ങുന്ന മാതാവിനേയും, സഹോദരങ്ങളെയും ഉപദ്രവിക്കാതെ, അകന്നുപോകുവാന്‍ കല്പിച്ചു....കോപാവിഷ്ഠനായ ഹിഡിംബന്‍, ഭീമനെ താഡിച്ചു...ഭീമനു ഗതിമുട്ടി... സിംഹതുല്യനായി, അവന്‍, ഹിഡിംബന്‍റെ മേല്‍ ചാടി വീണു...രണ്ടു ഹിംസ്രജന്തുക്കളേപ്പോലെ യുദ്ധം തുടങ്ങി.... ഭീകരമായൊരു മുഷ്ഠിയുദ്ധം...ഭീമന്റെ ബലിഷ്ഠമായ കരങ്ങള്‍ക്കുമുമ്പില്‍ അധികനേരം പോരാടാനാവാതെ, ഹിഡിംബന്‍ നിശ്ശബ്ദനായി....

നിവര്ന്നുനോക്കിയ ഭീമന്‍റെ മുമ്പില്‍, രാക്ഷസ്സിയായി ഹിഡിംബി നിന്നിരുന്നു....സഹോദരനെ നഷ്ടപ്പെട്ടതില്‍ അവള്‍ വിലപിച്ചു... തനിക്കിനി ആരോരുമില്ലെന്നു തേങ്ങിക്കരഞ്ഞു...രാക്ഷസിയെങ്കിലും അരക്ഷിതയായ സ്ത്രീയേ കണ്ട ഭീമസേനനും മനമുലഞ്ഞു. അവളെ തനിക്കൊപ്പം സ്വീകരിച്ചിരുത്തുകയെന്നതാണ് തന്‍റെ ധര്‍മ്മമെന്ന് അവനോര്‍ത്തു..പക്ഷെ, മനുഷ്യനേയും രാക്ഷസ്സിയേയും എങ്ങിനെ ചേര്‍ത്തിരുത്താനാവും......ഈ സത്യം ഭീമസേനന്‍, ഹിഡിംബിയെ അറിയിച്ചു. യുദ്ധകാഹളത്തില്‍ ഉറക്കമുണര്‍ന്ന കുന്തീദേവിയും സഹോദരന്മാരും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി... മറുപടിക്കായി പരതി നില്ക്കുന്ന സ്വപുത്രന്മാരോടും ഹിഡിംബിയോടുമായി അവര്‍ പറഞ്ഞു...

“രാക്ഷസ കുലത്തില്‍‍ പിറന്ന ഹിഡിംബിയേയും കൊണ്ട് മാനവകുലോത്തമനായ ഭീമന്, നാടുപൂകാനാവില്ല... തങ്ങള്‍ക്കെന്നും കാവലാളായ ഭീമനെ, വനത്തില്‍വിട്ട് തങ്ങള്‍ക്കു പോകാനുമാവില്ല.. അതുകൊണ്ട്, രാക്ഷസകുലജന്യയായ സ്ത്രീയേ, നീ മറ്റാരെയെങ്കിലും തെടിക്കൊള്‍ക...”ഹൃദയംനുറുങ്ങുന്ന വ്യഥയോടെ, ഹിഡിംബി വിങ്ങിക്കരഞ്ഞു...അവള്‍ കുന്തീമാതാവിന്‍റെ കാല്ക്കല്‍ നമിച്ചു പറഞ്ഞു...


“മാതേ... അവിടുത്തെ പുത്രനെ മനസാ വരിച്ചു കഴിഞ്ഞ ഞാന്‍, ഇനി മറ്റൊരു പുരുഷനെ തേടുകയില്ല.. അദ്ദേഹത്തെ ചെറിയൊരു കാലയളവിലേയ്ക്കെങ്കിലും ഈ സാധുവിന് വിട്ടുതന്നാലും.... ഭാര്യാഭര്‍ത്താക്കന്മാരായി കുറച്ചു കാലം ഞങ്ങളെ ജീവിക്കാനനുവദിക്കൂ.... ആ ദാമ്പത്യത്തില്‍ ഞാനൊരു സത്പുത്രനു ജന്മം നല്കുകയും വഴിയെ, ഇദ്ദേഹത്തെ അവിടുത്തേയ്ക്കുതന്നെ മടക്കി തരികയും ചെയ്യാം... പിന്നീട് മാനവശ്രേഷ്ഠനായി, ഇദ്ദേഹത്തിന് നഗരത്തില്‍ തന്നെ കാലം കഴിക്കാം... കാലം വൈകാതെ സ്വപുത്രന്‍റെ കൈത്താങ്ങില്‍ ഞാന്‍ ശേഷജീവിതം പൂര്‍ത്തിയാക്കിക്കൊള്ളാം. ഞങ്ങളുടെ പുത്രനെ എപ്പോള്‍ വേണമെങ്കിലും അവിടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യാം....”ഇങ്ങിനെ പറഞ്ഞവസാനിപ്പിച്ച ഹിഡിംബി, കുന്തീദേവിയെ പ്രതീക്ഷയോടെ നോക്കി. അവളുടെ കണ്ണുകളിലപ്പോഴും പ്രത്യാശയുടെ നിഴല്‍ പടര്‍ന്നിരുന്നു... ഒന്നു രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍ മണ്ണില്‍ വീണു ചിതറി...

കുന്തീദേവിയും കുറച്ചുനേരം ചിന്തയില്‍ മുഴുകി.“ഇനിയും കുറേക്കാലങ്ങള്‍ കൂടി തങ്ങള്‍ക്ക് വനാന്തരത്തില്‍ കഴിച്ചുകൂട്ടേണ്ടതായിട്ടുണ്ട്. അപ്പോള്‍ ഈ ബാഹുല്യ കാന്താരത്തില്‍ ഒരു ബന്ധമുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. ശേഷിക്കുന്ന കാലയളവിന്‍റെ ഒരു ഭാഗം അവര്‍ സന്തുഷ്ടരായി ജീവിച്ചുകൊള്ളട്ടെ.  അപ്പോഴേക്കും കാലം തികയുകയും, ഹിഡിംബി ഒരു പുത്രന് ജന്മം നല്കുകയും ചെയ്തുകൊള്ളും. അതുകഴിഞ്ഞാല്‍ ഭീമസേനന്‍ തങ്ങളില്‍തന്നെ ചേരുകയും ചെയ്തുകൊള്ളും.”കുന്തീദേവി, ഹിഡിംബിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട്, അവളുടേയും ഭീമസേനന്‍റേയും കരങ്ങള്‍ ചേര്‍ത്തു വച്ചുകൊടുത്തു.പരിപൂര്‍ണ്ണ തൃപ്തിയുടെ മധു നുകര്‍ന്ന്, അവരിരുവരും കുന്തീമാതാവിന്‍റെ പാദദ്വയങ്ങളില്‍ തൊട്ടു വണങ്ങി, ദാമ്പത്യത്തിന്‍റെ നിധികുംഭം ഏറ്റെടുത്തു.ജീവനറ്റ ഹിഡിംബനെ വിധിയാം വണ്ണം പിതൃലോകത്തേയ്ക്കയച്ച്, പുലര്‍ന്നു തുടങ്ങിയ പ്രഭാതത്തിലേക്ക് അവരിറങ്ങി.ഹിഡിംബന്‍റെ മൃത്യുവോടെ ഉണര്‍ന്നുതുടങ്ങിയ വനാന്തരത്തിലൂടെ.... ശാന്തരായടുത്തുവന്ന ക്രൂരമൃഗങ്ങളുടെ ചാരേകൂടെ.... കളകളം പാടുന്ന പക്ഷിവര്‍ഗ്ഗത്തിന്‍റെ സംഗീതത്തിലൂടെ.... ജലധന്യമായ തടാക തീരത്തിലൂടെ... ആകെ വശ്യയായ പ്രകൃതിയിലൂടെ... അവരങ്ങിനെ നടന്നു... ഘടോല്കചന്‍ എന്ന സുപുത്രന്‍റെ ജന്മം വരെ.....

വ്യാസന്റെ വ്യസനം

വ്യാസന്റെ വ്യസനം



സരസ്വതീനദി ശാന്തമായി ഒഴുകുന്നു.  ആ നദീതീരത്താണ് വ്യാസാശ്രമം.  ഒരുദിവസം സായാഹ്നത്തിൽ വ്യാസൻ
അശ്രദ്ധമായി നദിക്കരയിൽ ഇരിക്കുകയായിരുന്നു.  പെട്ടെന്ന് തന്റെ വീണ മീട്ടിക്കൊണ്ട് നാരദമഹർഷി അവിടെ പ്രത്യക്ഷപ്പെട്ടു.  വ്യാസൻ പരിഭ്രമിച്ച് എഴുന്നേറ്റ് ദേവർഷിയെ വന്ദിച്ച് ആസനസ്ഥനാക്കി.  വ്യാസനെ നോക്കി ചിരിച്ചുകൊണ്ട് നാരദൻ പറഞ്ഞു:  "അങ്ങേയ്ക്ക് സുഖം തന്നെയാണല്ലോ.  തടാകം പോലെ നിർമ്മലമായ അങ്ങയുടെ മനസ്സിന് യാതൊരു ക്ഷോഭവും സംഭവിക്കാൻ ഇടയില്ലെന്നു എനിക്ക് ഉറപ്പുണ്ട്.  എങ്കിലും അങ്ങയിൽ എന്തോ ഒരു പ്രസാദമില്ലായ്മ കാണുന്നു. എന്താണ് അങ്ങയെ വിഷമിപ്പിക്കുന്നത്?"


"അങ്ങ് പറയുന്നത് പരമാർത്ഥവും സത്യവുമാണ്.  എന്റെ സംശയനിവൃത്തി വരുത്തുവാൻ അങ്ങേയ്ക്കെ കഴിയൂ."  വ്യാസൻ പറഞ്ഞു:  " കുറേക്കാലം മുൻപ് ധ്യാനനിമഗ്നനായി ഇരിക്കുമ്പോൾ ലോകത്തിന്റെ ഭാവി ഞാൻ മനസ്സിൽ കണ്ടു.  ധർമ്മം ക്ഷയിച്ചു വരുന്നതായും, മനുഷ്യന് ധർമ്മഭ്രംശം വരുന്നതായും മനസ്സിലാക്കി.  അവരുടെ സങ്കടത്തിനു പരിഹാരമായി ഞാൻ വേദം പരിശോധിച്ച് നാലാക്കി പകുത്തു. അത് ലോകോപകാരത്തിനായി എന്റെ ശിഷ്യർക്ക് ഉപദേശിക്കുകയും അവർ അത് ലോകത്തിനു നൽകുകയും ചെയ്തു."  എന്റെ ഈ പ്രവൃത്തി മതിയായില്ലെന്നു എനിക്ക് തോന്നി. വേദം പഠിക്കാൻ പ്രയാസമുള്ളവർക്കായി വേദസാരങ്ങൾ അടങ്ങിയ മഹാഭാരതം എന്ന ഇതിഹാസവും രചിച്ചു.  എന്നിട്ടും എന്റെ പ്രയത്നം എനിക്ക് സംതൃപ്തി നൽകുന്നില്ല. എന്റെ മനഃശാന്തിക്ക് എന്താണ് ഉപായം?"


പുഞ്ചിരിയോടെ വീണ്ടും നാരദൻ പറഞ്ഞു:  കാരണം എനിക്കറിയാം.  താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം എത്രയോ പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനു ഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു.  മനുഷ്യധർമ്മങ്ങളെ പറ്റി  അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്.  എങ്കിലും ഭഗവതപ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം   ഭക്തിയാണെന്നു  അങ്ങേയ്ക്ക് അറിയില്ലേ ?  ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല.  ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും"



നാരദൻ തുടർന്നു:  സത്തുക്കൾ ഉപദേശിക്കുന്ന കർത്തവ്യങ്ങളിൽ വീഴ്ച വന്നാലും,  എല്ലാ സദാചാരങ്ങളും തെറ്റിനടന്ന് പാപിഷ്ഠനായാലും ഒരുവന്റെ ഹൃദയത്തിൽ എപ്പോൾ ഭഗവത്പ്രേമമോ, ഭക്തിയോ ഉദിക്കുന്നുവോ, അപ്പോൾ സർവ്വപാപങ്ങളും നശിച്ച് ഭഗവത്പ്രസാദം ഉണ്ടായിത്തീരുന്നു എന്ന് മനുഷ്യരെ ധരിപ്പിക്കുക.  ശ്രീനാരായണന്റെ അനേകം അവതാരങ്ങളെയും അവയുടെ ഉദ്ദേശ്യങ്ങളെയും പറ്റി എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുക.  അപ്പോൾ അങ്ങയുടെ പ്രയത്നം സഫലമായി തീരുകയും, അങ്ങേയ്ക്ക് മനഃശാന്തി ലഭിക്കുകയും ചെയ്യും.  അങ്ങനെയാണത്രെ വ്യാസൻ ഭക്തിപ്രധാനമായ ശ്രീമദ്ഭഗവതം രചിച്ചത്.

നാഗാസ്ത്രം

നാഗാസ്ത്രം




ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത ശിവന്റെകണ്ഠത്തിലെ ഭൂഷണമായ ഒരുനാഗഭൂതമാണ് 


ഉത്ഭവം

ഒരിക്കൽ നാഗൻ എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു . 


ബ്രഹ്മനിർദ്ദേശമനുസരിച്ചുനാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു .

ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി .ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെ സ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . 


നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി .


തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും , നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു



ഇന്ദ്രജിത്തും നാഗാസ്ത്രവും

ലക്ഷ്മണനോടുള്ള യുദ്ധത്തിൽ ജയം കിട്ടാതായപ്പോൾ ഇന്ദ്രജിത്ത് മായയെടുത്ത് ആകാശത്തിൽ മറഞ്ഞുനിന്നു നാഗാസ്ത്രത്തെ അഭിമന്ത്രിച്ചു ശത്രുനിരയിലേക്കു അയയ്ച്ചു . ആ അസ്ത്രമേറ്റു ലക്ഷ്മണനും വാനരങ്ങളുമെല്ലാം ചേതനയറ്റു നിലംപതിച്ചു . ഹനുമാനെയും ജാംബവാനേയും നാഗാസ്ത്രം ബാധിച്ചില്ല . ശ്രീരാമനും വിഭീഷണനും മറ്റൊരിടത്തായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു . ഇത്തരത്തിൽ അവർ ദുഃഖിച്ചിരിക്കുമ്പോൾ ശ്രീരാമദേവന്റെ ആജ്ഞയനുസരിച്ചു ഗരുഡൻ അവിടെയെത്തുകയും ലക്ഷ്മണന്റെ ശരീരത്തിൽ നിന്നും നാഗപാശത്തെ കൊത്തിയറുത്തു മാറ്റുകയും ചെയ്ത ശേഷം യുദ്ധഭൂമിയാകെ ഒന്ന് ചുറ്റിപ്പറന്നു . അപ്പോൾ മരിച്ചുകിടന്ന വാനരങ്ങളും ലക്ഷ്മണനുമെല്ലാം ജീവനോടെ എഴുന്നേറ്റു വന്നു .



കർണ്ണന്റെ നാഗാസ്ത്രം

അർജ്ജുനനുമായുള്ള അവസാനയുദ്ധത്തിൽ അർജ്ജുനനോളം ഉയരാൻ സാധിക്കാതെ വന്നപ്പോൾകർണ്ണൻ തന്റെ കൈവശമുള്ള നാഗാസ്ത്രത്തെ അർജ്ജുനനുനേരെ അയയ്ക്കുവാൻ തീരുമാനിച്ചു . ആ സമയം യുദ്ധം കാണുവാൻ വന്നിരുന്നഅശ്വസേനൻ എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു . ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി . അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു . അതിനു കാരണം പണ്ട് ഖാണ്ഡവവനം ദഹിപ്പിക്കുന്ന സമയത്തു അർജ്ജുനൻ അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് . 


കർണ്ണൻ നാഗമന്ത്രം ഉരുവിട്ടുകൊണ്ടു തനിക്കു പരശുരാമനിൽ നിന്നും സിദ്ധിച്ചനാഗാസ്ത്രം പുറത്തെടുത്തു . ദിവസവും കർണ്ണൻ അതിനെ ചന്ദനപ്പൊടിയിട്ടു പൂജിച്ചു വന്നിരുന്നു . അർജ്ജുനവധത്തിനായി പ്രത്യേകം കരുതി വച്ചിരുന്നതാണത് . അത്തരത്തിലുള്ള നാഗാസ്ത്രം കർണ്ണൻ എടുത്ത മാത്രയിൽ അശ്വസേനനും നാഗാസ്ത്രത്തിൽ കയറിപ്പറ്റി . തുടർന്ന് കർണ്ണൻ ബാണം പ്രയോഗിച്ചപ്പോൾ , ഇടിമിന്നലിന്റെ തീക്ഷ്ണതയോടെ മഹാവിഷം വമിച്ചുകൊണ്ടു ആ ബാണം പാഞ്ഞുപോയി . ബാണത്തിന്റെ വേഗം കണ്ടു " അർജ്ജുനാ നീ മരിച്ചു " എന്ന് കർണ്ണൻ വിളിച്ചുപറഞ്ഞു . എന്നാൽ തക്കസമയത്ത് ഭഗവാൻകൃഷ്ണൻ പ്രവർത്തിച്ചു . ഇടിമിന്നലിന്റെ വേഗതയിൽ തേരിൽ നിന്നും ചാടിയിറങ്ങിയ ഭഗവാൻ കൃഷ്ണൻ മഹാബലത്തോടെ അർജ്ജുനന്റെ തേരിനെ ഒരു ചാണോളം ആഴത്തിൽ ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തി . അപ്പോൾ വേഗമേറിയ ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം ശിരസ്സിനു മുകളിലെ കിരീടത്തെ എടുത്തുകൊണ്ടു പാഞ്ഞുപോയി . കിരീടംകത്തിക്കരിഞ്ഞു നിലംപതിച്ചു . 


ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു . അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ വൈശ്രവണന്റേയോ യമന്റെയോ വരുണന്റെയോ പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം , എന്നാൽ കർണ്ണന്റെ ബാണമേറ്റു കത്തിക്കരിഞ്ഞു തകർന്നു.

അനിരുദ്ധന്‍ - പുരാണകഥാപാത്രങ്ങൾ

അനിരുദ്ധന്‍ - പുരാണകഥാപാത്രങ്ങൾ



ഒരു പുരാണ കഥാപാത്രം. ശ്രീകൃഷ്ണന്റെ മകനായ പ്രദ്യുമ്നന് മായാവതിയിലുണ്ടായ പുത്രന്‍. അര്‍ജുനനില്‍നിന്ന് ശസ്ത്രവിദ്യ അഭ്യസിച്ചു. ബാണാസുരന്റെ മകള്‍ ഉഷ, അനിരുദ്ധനില്‍ അനുരക്തയായി.


ഉഷയുടെ തോഴിയായ ചിത്രലേഖ യോഗശക്തി ഉപയോഗിച്ച് അനിരുദ്ധനെ ബാണന്റെ രാജധാനിയായ ശോണിതപുരത്തിലെത്തിച്ചു. ബാണനിയോഗപ്രകാരം ഏറ്റുമുട്ടിയ ഭടന്‍മാരെ അനിരുദ്ധന്‍ ഇരുമ്പുഗദകൊണ്ട് അടിച്ചുകൊന്നു. ബാണന്റെ മായാപ്രയോഗത്താല്‍ ബന്ധനസ്ഥനായി. ഇതറിഞ്ഞ് കൃഷ്ണനും ബലരാമനും പ്രദ്യുമ്നനും ശോണിതപുരത്തിലെത്തി ബാണനോടു യുദ്ധം ചെയ്തു. യുദ്ധദേവനായ സ്കന്ദനും ബാണന്റെ ദ്വാരപാലകനായ ശിവനും അസുരപക്ഷത്തെ സഹായിച്ചു. ഗരുഡനും പ്രദ്യുമ്നനും സ്കന്ദനെ തോല്പിച്ചു; കൃഷ്ണന്‍ ശിവനെയും.


അങ്ങനെ ബാണന്‍ പരാജിതനായപ്പോള്‍ അനിരുദ്ധന്‍ ഉഷയെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് ദ്വാരകയിലേക്കുപോയി.

ഈ ഇതിവൃത്തത്തെ ആധാരമാക്കി എഴുതിയിട്ടുള്ളതാണ് വള്ളത്തോള്‍ നാരായണമേനോന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ ബന്ധനസ്ഥനായ അനിരുദ്ധൻ‍. വജ്രന്‍ എന്നൊരു പുത്രനുണ്ടായശേഷം അനിരുദ്ധന്‍ വിദര്‍ഭരാജാവായ രുക്മിയുടെ പൌത്രി രോചനയേയും പരിഗ്രഹിച്ചു.


യദുവംശത്തില്‍ത്തന്നെയുള്ള മറ്റൊരു അനിരുദ്ധനെക്കൂടി മഹാഭാരതത്തില്‍ (ആദിപര്‍വം) പരാമര്‍ശിക്കുന്നുണ്ട്. രണ്ടുപേരും പാഞ്ചാലീസ്വയംവരവേളയില്‍ സന്നിഹിതരായിരുന്നു.


ഭാരതീയ തത്ത്വചിന്തയില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു സങ്കല്പമാണ് അനിരുദ്ധന്‍ എന്നത്. അനിരുദ്ധന്റെ നാഭിയില്‍ നിന്ന് ബ്രഹ്മനുണ്ടായി, രൌദ്രഭാവത്തില്‍നിന്ന് ശിവനും.


നരനും നാരായണനും ചേരുന്നതാണ് അഗോചരമായ അണു. ആ അണുവില്‍നിന്ന് പ്രദ്യുമ്നന്‍ എന്ന മനസ്സ് ഉദ്ഭവിക്കുന്നു. അവിടെനിന്നും അനിരുദ്ധന്‍ അഥവാ അനിയന്ത്രിതനായ പ്രധാനന്‍ ജന്‍മമെടുക്കുന്നു. ബ്രഹ്മന്‍ എന്ന അഹങ്കാരത്തിന്റെ മൂലം ഈ പ്രധാനനാണ്. ബ്രഹ്മനില്‍നിന്നുണ്ടാകുന്ന പുരുഷന്‍ വീണ്ടും അനിരുദ്ധനില്‍ എത്തുന്നു. പരമമായ പ്രപഞ്ചശക്തി അനിരുദ്ധതനുസ്ഥിതമാണ്, അഥവാ ബന്ധിച്ചുനിര്‍ത്താനാവാത്ത രൂപത്തിലാണ് എന്നു സാരം.