Friday, 9 February 2018

ദ്രോണാചാര്യർ

ദ്രോണാചാര്യർ



ഗൗതമ മഹർഷിയുടെ പുത്രനായിരുന്നു ശരദ്വാൻ.ധനുർവ്വേദത്തിൽ ആകൃഷ്ടനായ ശരദ്വാൻ തപസ്സു ചെയ്ത് ദിവ്യാസ്ത്രങ്ങളെല്ലാം നേടിയെടുത്തു. ശരദ്വാന് കൃപൻ എന്നും കൃപി എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ശന്തനുവിന്റെ കാലം മുതലേ കൃപൻ ഹസ്തിനപുരത്തിൽ വളർന്നു.അച്ഛനിൽ നിന്ന് ധനുർവ്വേദം പഠിച്ച കൃപൻ രാജകുമാരന്മാരുടെ ആചാര്യനായി.


ദ്രോണാചാര്യർ ഹസ്തിനപുരത്ത് എത്തിച്ചേർന്നു. ഭീഷ്മർ അദ്ദേഹത്തെ സ്വീകരിച്ച് കൊട്ടാരത്തിൽ താമസിപ്പിച്ച് രാജകുമാരന്മാരെ ശസ്ത്രാസ്ത്രവിദ്യകൾ അഭ്യസിപ്പിക്കാൻ ചുമതലപ്പെടുത്തി. പൃഷതൻ എന്ന പാഞ്ചാലരാജാവിന്റെ പുത്രനായ ദ്രുപദൻ ഭരദ്വാജാശ്രമത്തിൽ താമസിച്ചു പഠിച്ചിരുന്നു. ഭരദ്വാജന്റെ മകനായ ദ്രോണരും, പാഞ്ചാല രാജാവിന്റെ പുത്രനായ ദ്രുപദനും കളിക്കൂട്ടുകാരായിരുന്നു.


പൃഷതനു ശേഷം ദ്രുപദൻ പാഞ്ചാല രാജാവായി. ദ്രോണർ കൃപാചാര്യരുടെ സഹോദരിയായ കൃപിയെ വിവാഹം ചെയ്യുകയും അവർക്ക് അശ്വത്ഥാമാവ് എന്നു പേരുള്ള പുത്രൻ ജനിക്കുകയും ചെയ്തു.


പരശുരാമൻ തനിക്കുള്ളതെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നു എന്നറിഞ്ഞ ദ്രോണർ അവിടെച്ചെന്ന് ഭൂസ്വത്തിനായി അപേക്ഷിച്ചു.പരശുരാമനാകട്ടെ ഭൂസ്വത്തെല്ലാം കശ്യപനും, മറ്റു ധനസമ്പത്തെല്ലാം ബ്രാഹ്മണർക്കും കൊടുത്തു കഴിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു ഇനി അമൂല്യമായ ശസ്ത്രാസ്‌ത്രങ്ങളും ,എന്റെ ഉടലും മാത്രമെ അവശേഷിക്കുന്നുള്ളൂ. ഇതിൽ ഏതു വേണമെന്ന് അങ്ങയ്ക്ക് തീരുമാനിക്കാം. ദ്രോണരാകട്ടെ സമസ്ത അസ്ത്രങ്ങളും, അവയുടെ പ്രയോഗത്തിലുള്ള ഗൂഢതത്വവും, സംഹാര ക്രമവും സഹിതം തരണമെന്ന് അപേക്ഷിച്ചു. പരശുരാമൻ സകല ദിവ്യാസ്ത്രങ്ങളും, ധനുർവ്വേദരഹസ്യവും ദ്രോണർക്ക് നൽകി.


ദ്രോണർ പിന്നെ ദ്രുപദന്റെ അടുത്തേക്ക് ചെന്നപ്പോൾ ദരിദ്രബ്രാഹ്മണനായ പഴയ തോഴനെ അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല ദു:ഖിതനായ ദ്രോണർ ഹസ്തിനപുരത്ത് എത്തി.ഒരിക്കൽ രാജകുമാരന്മാർ ഒരു മൈതാനത്ത് കളിക്കുന്ന സമയത്ത് അവരുടെ പന്ത് പൊട്ടക്കിണറ്റിൽ വീഴുകയും, ദ്രോണർ കുശപ്പുല്ലുകൾ പറിച്ച് അസ്ത്രമാക്കി എയ്ത് ആ  പന്ത് കിണറ്റിൽ നിന്നെടുക്കുകയും ചെയ്തു.ഈ വിവരം അറിഞ്ഞാണ് ഭീഷ്മർ ദ്രോണാചാര്യരെ വിളിച്ച് ഹസ്തിനപുരത്ത് താമസിപ്പിച്ച് രാജകുമാരന്മാരെ അസ്ത്രവിദ്യ പഠിപ്പിക്കുവാൻ നിയോഗിച്ചത്.

ഗരുഡൻ

ഗരുഡൻ



ഗരുഡനെ വിഷ്ണുവിന്റെ വാഹനമായും അംശാവതാരമായും പ്രകീര്ത്തിക്ക
ുന്നു. ഗരുഡന്റെ ജനത്തെ സംബന്ധിച്ച് മഹാഭാരത്തില് ഇപ്രകാരം പറഞ്ഞിരിക്കുന്നു. കശ്യപന്റെ രണ്ട് പത്നിമാരായിരുന്നു കദ്രുവും, വിനതയും. അവരുടെ ശുശ്രൂഷയില് സന്തുഷ്ടനായ കശ്യപന് ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന് പറഞ്ഞു. കദ്രു ആയിരം പുത്രന്മാരെയും, വിനത വീരശൂരപരാക്രമികളായ രണ്ട് പുത്രന്മാരെയും വരിച്ചു. അതനുസരിച്ച് കദ്രു ആയിരം അണ്ഡങ്ങള്ക്കും വിനത രണ്ട് അണ്ഡങ്ങള്ക്കും ജന്മം നല്കി. അഞ്ഞൂറ് വര്ഷം കഴിഞ്ഞപ്പോള് കദ്രുവിന്റെ അണ്ഡങ്ങള് വിരിഞ്ഞ് സര്പ്പസന്തതികള് ജാതരായി. ഇതുകണ്ട് കുണ്ഠിതയായ വിനത തന്റെ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില് നിന്നും പകുതി വളര്ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി. അവസരത്തില് മുട്ട പൊട്ടിച്ചതുകൊണ്ട് കുപിതയായ ശിശു വിനതയോട് ഇപ്രകാരം പറഞ്ഞു. “അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില് എന്നെ പ്രസവിച്ചതുകൊണ്ട് നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ. അഞ്ഞുറുവര്ഷം കൂടി കഴിഞ്ഞാല് ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ അവന് നിന്നെ ദാസ്യതയില് നിന്ന് മോചിപ്പിക്കുകയും ചെയ്യും.” ഇത്രയും പറഞ്ഞ് അരുണന് എന്ന് പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക് പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു.



ഒരു നാള് വൈകുന്നേരം കദ്രുവും വിനതയും കൂടി  ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണുകയുണ്ടായി. അതിന്റെ വാല് കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു. അടുത്തദിവസം രാവിലെ അത് പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള് ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര് തീരുമാനിച്ചു. കദ്രുവിന്റെ നിര്ദേശപ്രകാരം ചില നാഗങ്ങള് ഉച്ചൈശ്രവസ്സിന്റെ വാലില് തൂങ്ങിക്കിടക്കുകയും അങ്ങനെ വെളത്തതായ വാല് കറുത്തതായി കാണപ്പെടുകയും ചെയ്തു. പരാജിതയായ വിനിത കദ്രുവിന്റെ ദാസിയായിത്തീര്ന്നു. അഞ്ഞൂറുവര്ഷം കഴിഞ്ഞപ്പോള് വിനിതയുടെ മുട്ട വിരിഞ്ഞ് ഗരുഡന് ജനിച്ചു. മാതാവിന്റെ ദാസ്യത്വം ഗരുഡന് വലുതായ ദുഃഖമുണ്ടാക്കി. ദേവലോകത്തുചെന്ന് അമൃതംകൊണ്ടുവന്ന് നല്കിയാല് വിനതയെ ദാസ്യത്തില്നിന്ന് മോചിപ്പിക്കാമെന്ന് കദ്രു പറഞ്ഞു. അതനുസരിച്ച് ഗരുഡന് ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന് കദ്രുവിന് നല്കി വിനതയെ ദാസ്യത്വത്തില് നിന്ന് മോചിപ്പിച്ചു. അമൃതം ഭക്ഷിക്കുന്നതിനുമുമ്പായി സ്നാനം ചെയ്തുവരാന് കദ്രു സന്തതികളോട് പറഞ്ഞു.



നാഗങ്ങള് സ്നാനത്തിനായി പോയ നേരത്ത് ഇന്ദ്രന്
അമൃതകുംഭവുമെടുത്ത് ദേവലോകത്തേക്ക് പോയി. തിരികെയെത്തിയ നാഗങ്ങള് അമൃതം ലഭിക്കാഞ്ഞ് അത്യധികം കുണ്ഠിതരായി. അവര് അമൃതകുംഭം വച്ചിരുന്ന ദര്ഭയില് ആര്ത്തിയോടുകൂടി നക്കുകയും അതിന്റെ ഫലമായി നാഗങ്ങളുടെ നാക്ക് രണ്ടായിത്തീരുകയും ചെയ്തു. അന്നുമുതല്ക്കാണത്രേ, നാഗങ്ങള് ഇരട്ടനാക്കോടുകൂടിയവരായിത്തീര്
ന്നത്. പിന്നെ ഗരുഡന് വിഷ്ണുഭഗവാനെ പ്രസാദിപ്പിച്ച്‌ അദ്ദേഹത്തിന്റെ വാഹനമായി ഭവിച്ചു. പാലാഴിമഥന സമയത്ത് ഗരുഡന് മന്ദര പര്വതത്തിന്റെ മുകളില് നിന്നതായി പറയുന്നുണ്ട്. ഗരുഡന്റെ നാമധേയവുമായി ബന്ധപ്പെട്ട പുരാണമാണ് ഗരുഡപുരാണം. ഇതില് 19000 ശ്ലോകങ്ങളും 248 അദ്ധ്യായങ്ങളും അടങ്ങിയിരിക്കുന്നു. ഇത് പൂര്വഭാഗമെന്നും, ഉത്തരഭാഗമെന്നുമുള്ള രണ്ട് വിഭാഗങ്ങളോട് കൂടിയതാണ്. പൂര്വഭാഗത്തില്‍ നാനാവിധ വസ്തുതകളെ വിവരിക്കുന്നു. ഉത്തരഭാഗത്ത് മരണാനന്തര ക്രിയ തുടങ്ങിയവയെ വിവരിക്കുന്നു. ഉത്തരഭാഗം പ്രേതകല്പം എന്ന നാമധേയത്തിലും അറിയപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായി ഗരുഡന് മുഖ്യപ്രതിഷ്ഠയായിട്ടുള്ള ഗരുഡന്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സര്പ്പദോഷപരിഹാരത്തിനായിക്കൊണ്ട് ഇവിടെ പ്രത്യേക വഴിപാടുകള് നടത്തുന്നു.

ഭരതരാഘവ ധര്‍മസംവാദം

ഭരതരാഘവ ധര്‍മസംവാദം



ദശരഥ രാജാവ് പത്‌നിയായ കൈകേയിക്കു നല്കിയ രണ്ടു വരങ്ങളിലൊന്ന് ശ്രീരാമനെ പതിന്നാലു കൊല്ലം കാട്ടിലേക്ക് അയയ്ക്കുക എന്നും മറ്റൊന്ന് ഭരതനെ യുവരാജാവായി വാഴിക്കുക എന്നുമായിരുന്നു. വാക്കു പാലിക്കുവാനായി ശ്രീരാമന്‍ സഹോദരനോടും പത്‌നിയോടും കൂടി ഗംഗാനദി കടന്ന് ചിത്രകൂടത്തിലെത്തി വനവാസമാരംഭിച്ചു. രാജഗുരു വസിഷ്ഠ മഹര്‍ഷിയുടെ അടിയന്തര സന്ദേശം ലഭിച്ചു കുതിച്ചെത്തിയ ഭരതന്‍, അച്ഛനെ അന്വേഷിച്ചു. വാര്‍ധക്യബാധിതനായ അച്ഛന്‍ മരിച്ചുവെന്നും മരിക്കുന്നതിനു മുമ്പ് അയോധ്യയിലെ രാജാവായി നിന്നെയാണ് നിശ്ചയിച്ചതെന്നും കൈകേയി മകനോട് സന്തോഷത്തോടെ പറഞ്ഞു. ജ്യേഷുനായ ശ്രീരാമനെ ആരാഞ്ഞപ്പോള്‍ അച്ഛന്റെ നിര്‍ദേശപ്രകാരം വനവാസത്തിനു പോയെന്ന് പറഞ്ഞു. കൈകേയിയുടെ സന്തോഷത്തോടെയുള്ള മറുപടി കേട്ട് ഭരതന്‍ ഞെട്ടിത്തെറിച്ചു. കോപം നിയന്ത്രിക്കാന്‍ വയ്യാതെ അമ്മയെ കടുത്ത ഭാഷയില്‍ത്തന്നെ ശകാരിച്ചു.


പിതാവിനു സമാനമായി ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജ്യേഷുസഹോദരനെ കാട്ടിലേക്കു പറഞ്ഞയച്ചത് താന്‍ കാരണമാണെന്ന് ജ്യേഷുനും മാലോകരും തെറ്റിദ്ധരിക്കുമല്ലോ എന്നോര്‍ത്ത് ഭരതന്‍ വിലപിച്ചു. അയോധ്യയിലെ രാജാവാകേണ്ടത് രാജാവിന്റെ മൂത്തമകനും സമാദരണീയനുമായ ശ്രീരാമന്‍ ആണെന്നും തനിക്ക് ആ പദവി സ്വീകരിക്കാനുള്ള അര്‍ഹത തീരെ ഇല്ലെന്നും ഭരതന്‍ പ്രഖ്യാപിച്ചു. ജ്യേഷുനെ തിരികെ കൊണ്ടുവന്ന് രാജ്യഭാരം ഏല്പിക്കുവാന്‍ ഭരതന്‍ നിശ്ചയിച്ചു.


തന്നെ കാണാന്‍ വന്ന ഭരതശത്രുഘ്‌നന്മാരെ ശ്രീരാമന്‍ തന്റെ രണ്ടു മടികളിലുമായിരുത്തി ഗാഢമായി ആശ്ലേഷിച്ചു. സഹോദരസ്നേഹം ഇത്രയും ഉദാത്തമായി പ്രകടിപ്പിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം ലോക സാഹിത്യത്തിലുണ്ടോ എന്ന് സംശയമാണ്. ജ്യേഷുനെ അയോധ്യയിലെ രാജാവായി അവരോധിക്കുവാനുള്ള സന്നാഹത്തോടെയാണ് താന്‍ വന്നതെന്നും ഉടനെ രാജപദവി ഏറ്റെടുത്ത് രാജ്യപരിപാലനം ചെയ്യണമെന്നും ഭരതന്‍ ശ്രീരാമനോടഭ്യര്‍ഥിച്ചു. ശ്രീരാമന്‍ പറഞ്ഞത് അച്ഛന്റെ വാക്കു പാലിക്കാന്‍ മക്കളായ നമുക്കു രണ്ടുപേര്‍ക്കും തുല്യബാധ്യതയുണ്ടെന്നും അതുകൊണ്ട് നീ രാജ്യപരിപാലനവും ഞാന്‍ വനവാസവും നടത്തേണ്ടത് അത്യന്താപേക്ഷിതമെന്നുമാണ്.


അച്ഛന്‍ അമ്മയെ തൃപ്തിപ്പെടുത്തുവാന്‍ പക്ഷപാതപരമായിട്ടാണ് തീരുമാനമെടുത്തതെന്നും ആ തീരുമാനം അധാര്‍മികവും തള്ളിക്കളയേണ്ടതുമാണെന്നും ഭരതന്‍ വാദിച്ചു. അച്ഛന്‍ നല്കിയ വാക്ക് സത്യമായിത്തീരാന്‍ മക്കള്‍ സഹായിക്കണമെന്നും അല്ലെങ്കില്‍ അത് അധാര്‍മികമാണെന്നും ശ്രീരാമന്‍ പറഞ്ഞു.


ശ്രീരാമന്റെ ഉപദേശത്തില്‍ തൃപ്തനാവാത്ത ഭരതന്‍ മരണംവരെ ഉപവാസം നടത്തുന്നതിനു ശ്രമം തുടങ്ങി. ഭരതന്റെ നിര്‍ബന്ധബുദ്ധികണ്ട് ശ്രീരാമന്‍ കുലഗുരുവായ വസിഷ്ഠമഹര്‍ഷിയോട് തന്റെ അവതാരമെന്താണെന്ന് വ്യക്തമാക്കാന്‍ അഭ്യര്‍ഥിച്ചു.


വസിഷ്ഠമഹര്‍ഷി ശ്രീരാമനാരാണെന്നും ദൗത്യം രാവണവധമാണെന്നും അതുകൊണ്ട് ദൗത്യം നിര്‍വഹിക്കുവാന്‍ സഹായിക്കണമെന്നും ഭരതനെ ഉപദേശിച്ചു. യാഥാര്‍ഥ്യം മനസ്സിലാക്കിയ ഭരതന്‍ പരിവാരസമേതം മടങ്ങി നന്ദി ഗ്രാമമെന്ന കുഗ്രാമത്തില്‍ പര്‍ണശാല തീര്‍ത്ത് അവിടെ രാമപാദുകം പ്രതിഷുിച്ച് ശ്രീരാമന്റെ പ്രതിനിധിയായി രാജ്യസേവനമാരംഭിച്ചു.


സത്യധര്‍മത്തെക്കുറിച്ചുള്ള ഭരതന്റെ ആശയക്കുഴപ്പത്തെ സത്യപരിപാലനം തന്നെയാണ് ധര്‍മപരിപാലനമെന്ന് വ്യക്തമാക്കി ശ്രീരാമന്‍ പരിഹരിച്ചു. അര്‍ഹതയില്ലാത്ത തനിക്ക് രാജ്യാധികാരം ഏല്പിക്കരുതെന്ന് പറഞ്ഞ് മരണംവരെ ഉപവാസം ചെയ്യാന്‍ തയ്യാറായ അയോധ്യയിലെ നിയുക്ത രാജാവായ ഭരതനു സമാനമായി ലോകചരിത്രത്തില്‍ മറ്റൊരു വ്യക്തിയും ഉണ്ടായതായിട്ടറിവില്ല. അധികാരപദവിയേക്കാളും ധാര്‍മിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്കിയ ഭരതന്‍ നിത്യവിസ്മയമാണ്. പദവിക്കും അധികാരത്തിനും വേണ്ടി അധാര്‍മികമായി പ്രവര്‍ത്തിക്കുന്നവര്‍ ഭരതന്റെ ത്യാഗോജ്ജ്വലമായ ജീവിതം മാതൃകയാക്കേണ്ടാണ്.

പാലാഴി മഥനകഥ മഹാഭാരതം

പാലാഴി മഥനകഥ മഹാഭാരതം



പാലാഴി മഥനകഥ മഹാഭാരതം, രാമായണം, മറ്റ് പുരാണങ്ങള്‍ എന്നിവകളില്‍ കാണാം. ആ കഥയാവട്ടെ ഇന്ന്.

ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് മഹര്‍ഷി ഒരിക്കല്‍ ദേവലോകത്തെത്തി. ദേവരാജാവായ ദേവേന്ദ്രനെ കാണുകയാണ് മഹര്‍ഷിയുടെ ആഗമനോദ്ദേശം. മഹര്‍ഷിയെ ഇന്ദ്രദേവന്‍ വളരെ ബഹുമാനത്തോടടെ സ്വീകരിച്ചാനയിച്ചു.  ഇന്ദ്രന്റെ ആതിഥ്യമര്യാദയില്‍ സന്തുഷ്ടനായ ദുര്‍വ്വാസാവ് സ്വന്തം കഴുത്തില്‍ അണിഞ്ഞിരുന്ന ദിവ്യമായ പൂമാല ദേവേന്ദ്രനു സമ്മാനിച്ചു.


എന്നാല്‍ പൂമാല, ഇന്ദ്രന്‍ സ്വന്തം വാഹനമായ ഐരാവതത്തിനെ അണിയിച്ചു. മാലയിലെ പൂക്കളുടെ സുഗന്ധം മൂലം വണ്ടുകള്‍ മൂളിപ്പാഞ്ഞെത്തി. ഇതുസഹിക്കവയ്യാതെ ഐരാവതം മാല കഴുത്തില്‍ നിന്ന് ഊരി, നിലത്തിട്ട് ചവിട്ടി. ഇതുകണ്ടുനിന്ന ദുര്‍വ്വാസാവ് കോപം കൊണ്ടു ജ്വലിച്ചു. വൈകാതെ മഹര്‍ഷിയുടെ ഉഗ്രശാപവും വന്നു, "ദേവേന്ദ്രനും ദേവഗണങ്ങളും ജരാനരകള്‍ ബാധിച്ച വൃദ്ധന്‍മാരായി മാറട്ടെ". ശാപമോക്ഷത്തിനായി ദേവേന്ദ്രനും ദേവന്‍മാരും മഹാവിഷ്ണുവില്‍ അഭയം തേടി. ജരാനര മാറാന്‍ പാലാഴി കടഞ്ഞെടുക്കുന്ന അമൃത് ഭക്ഷിച്ചാല്‍ മതിയാകുമെന്ന് മഹാവിഷ്ണു ഉപദേശിച്ചു.


ദേവന്‍മാര്‍ക്ക് ഒറ്റയ്‍ക്ക് പാലാഴി കടയാന്‍ പറ്റില്ല. അതിനായി ദേവേന്ദ്രന്‍ അസുരന്‍മാരുടെ സഹായം തേടി.

ത്രിമൂർത്തിമാരുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. വലിയുടെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരം കൂർമ്മം ആയി അവതരിച്ചു. കൂർമ്മാവതാരം മന്ദരപർവ്വതത്തെ യഥാസ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്നു.



വീണ്ടും പാലാഴിമഥനം തുടർന്നു, കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി അസ്ഥാരസ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ഈ ദിവസമാണ് ശിവരാത്രിയായി ആചരിക്കുന്നത്.



വീണ്ടും പാലാഴിമഥനം തുടർന്നപ്പോൾ പലതരം ദിവ്യവസ്തുക്കളും ഉയർന്നുവന്നു. അവസാനം ധന്വന്തരി അമൃത് കുംഭവും കൊണ്ട് പുറത്തുവന്നു. ഉടനെ അസുരന്മാർ അമൃത് തട്ടിയെടുത്തുകൊണ്ട് പാതാളത്തിലേക്ക്‌ പോയി. ദേവന്മാർ രക്ഷിക്കുന്നതിനായി വീണ്ടും വിഷ്ണുവിന്റെ അടുത്തു അഭയംതേടി. വിഷ്ണു മോഹിനിരൂപത്തിൽ അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്ക് കൊടുത്തു.

പുരാണ - ഇതിഹാസ കഥാ തത്ത്വം

പുരാണ - ഇതിഹാസ കഥാ തത്ത്വം



ഇതിഹാസങ്ങളും പുരാണങ്ങളും വേദ- ഉപനിഷത്ത് തത്ത്വങ്ങളെ ബോധിപ്പിക്കുന്നതിനുള്ളതാണ്. കഥകളിലൂടെ നമ്മെ ബോധിപ്പിക്കുന്നത് സത്യദർശനം തന്നെയാണ്. ന്യൂട്ടന്റെ ചലന നിയമങ്ങൾ പറയുന്നതിനു മുൻപ് ടീച്ചർ ഒരു കഥ പറയും, ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ. ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴും മുൻപ് ഭൂമിക്ക് ഗുരുത്വാകർഷണമുണ്ടായിരുന്നു. ഇങ്ങനെ പലരുടെ തലയിലും കൈയ്യിൽ നിന്നും പലതും വീണിട്ടുമുണ്ട് താഴെ പോയിട്ടുമുണ്ട്. പക്ഷേ അവരൊന്നും അതു എന്തുകൊണ്ട് എന്ന് അന്വേഷിച്ചില്ല. അപ്പോൾ അന്വേഷകനുമാത്രമാണ് സത്യം വെളിപ്പെടു, അല്ലാത്തവർ മറ്റുള്ളവർ പറയുന്നത് വിശ്വസിച്ചോളണം.



ഇവിടെ ഓരോ കഥയും, കഥാപാത്രങ്ങളും ഓരോ തത്ത്വങ്ങളാണ്. ഉപയോഗിച്ചിരിക്കുന്ന പേരുകൾ പോലും അതു സൂചിപ്പിക്കുന്നുണ്ട്. കഥയിലൂടെ തത്ത്വം പറയുന്നത് ആചാര്യന്റെ ഒരു രീതിയായിരുന്നു. അതിനവർ തത്ത്വങ്ങളെ കഥയും, കഥാപാത്രങ്ങളുമാക്കി ചിത്രീകരിച്ചു. എന്നാൽ നമ്മൾ ഈ കഥയിൽ മാത്രം കുടുങ്ങിപ്പോയി. ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ അറിയാം എന്നാൽ ഭൂഗുരുത്വാകർഷണം, ചലന നിയമങ്ങൾ അറിയില്ല. കഥയ്ക്കു പിന്നിലെ തത്ത്വത്തെ അറിയാതെ പോയി. ഉദാഹരണമായി, H2O ജലത്തിന്റെ തന്മാത്ര വാക്യമാണ്. ഇവിടെ വേണമെങ്കിൽ ഹൈഡ്രജനേയും; ഓക്സിജനേയും കഥാപാത്രമാക്കി പഠിപ്പിക്കാം. ഒരു രാജ്യത്ത് ഹൈഡ്രജൻ എന്നു പേരായ രണ്ട് (H2) ഇരട്ട സഹോദരങ്ങൾ ഉണ്ടായിരുന്നു അവർ അയലത്തെ ഓക്സിജൻ എന്നു പേരായ രാജ്ഞിയെ വിവാഹം കഴിച്ചു ഇവർക്ക് വാട്ടർ (H2O) എന്നു പേരുള്ള ഒരു പുത്രനുമുണ്ടായി



ഇങ്ങനെ പറയാം; ഈ കഥ പറയുന്നത് രണ്ട് ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും ചേർന്നാൽ ജലം ഉണ്ടാകും എന്ന തത്ത്വം പറഞ്ഞു.
 ഇതാണ് വ്യാസനും, വല്മീകിയും ചെയ്തത്. പക്ഷേ നാം കഥയിൽ ഭ്രമിച്ച് കഴമ്പില്ലാത്തവരായി മാറി. ഈ തത്ത്വം അറിയാത്തതാണ് പല ചോദ്യങ്ങൾക്കും നമുക്ക് ഉത്തരം ലഭിക്കാതെ പോകുന്നതും. ഈ തത്ത്വം ഗ്രഹിക്കുവാൻ നമുക്ക്‌ സാധിക്കട്ടെ....


ഹരി ഓം

മഹാഭാരത കഥകൾ

മഹാഭാരത കഥകൾ



ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനുമായി യമുനാതീരത്തെത്തി. യമുനയുടെ കുളിര്‍ കാറ്റേറ്റപ്പോള്‍, കൃഷ്ണനില്‍ തന്‍റെ പ്രണയിനിയായ രാധയുടെയും, ഗോപികമാരുടെയും ഗതകാലസ്മരണയുണ്ടായി. സ്മരണകളില്‍ നിന്ന് കൃഷ്ണനെ വിമുക്തനാക്കാന്‍, അര്‍ജ്ജുനന്‍ കൃഷ്ണനു മായി യമുനാതീരത്തു കൂടി ഏറെ ദൂരം നടന്നു. യാത്രയ്ക്കൊടുവില്‍ അവര്‍ ഖാണ്ഡവവനമെന്ന ഘോര വനത്തിലെത്തി. ഒരു വൃക്ഷ കൊമ്പില്‍ അവരിരുവരും ഇരുന്നു.


സ്വര്‍ണ്ണ നിറമുള്ള തേജസ്വിയായ ഒരു ബ്രാഹ്മണന്‍ അപ്പോള്‍ അവിടെ എത്തി. അദ്ദേഹം മുഖവുര കൂടാതെ കാര്യത്തിലേയ്ക്ക് കടന്നു. ഞാന്‍ അഗ്നിയാണ്. ക്ഷുത്തൃപീഡിതനായ ഞാന്‍ ഏറെ നാളായി ഈ വനം ദഹിപ്പിച്ചു എന്‍റെ വിശപ്പടക്കാന്‍ ശ്രമിയ്ക്കുന്നു. അപ്പോഴെല്ലാം ഇന്ദ്രന്‍ തന്‍റെ സുഹൃത്തായ തക്ഷകന്‍റെ ആവാസ കേന്ദ്രമായ ഈ വനം ദഹിപ്പിയ്ക്കുന്ന ഉദ്യമത്തില്‍ നിന്ന് എന്നെ തടയുന്നു. എന്‍റെ ആഗ്രഹം നിങ്ങള്‍ നിറവേറ്റിത്തരണം. അര്‍ജ്ജുനന്‍ പ്രതികരിച്ചു. അസ്ത്രങ്ങള്‍ തൊടുക്കാനുള്ള ധനുസ്സ് എന്‍റെ പക്കലില്ല. മാത്രമല്ല, വേഗത കൂടിയ തേരും ലഭ്യമാക്കിയാല്‍ അങ്ങയുടെ ആഗ്രഹം ഞാന്‍ നിറവേറ്റാം. അഗ്നി, വരുണന്‍റെ സഹായത്താല്‍ ഗാണ്ഡീവം എന്ന ശ്രേഷ്ഠമായ ധനുസ്സും, എണ്ണിയാല്‍ ഒടുങ്ങാത്ത അമ്പുകള്‍ നിറച്ച തൂണിരവും പാര്‍ത്ഥന് നല്‍കി. കൂടാതെ നാലു കുതിരകളെ പൂട്ടിയ വേഗത ഏറിയ തേരും. നാരായണ ദത്തമായ സുദര്‍ശനവും , കൌമേദകം എന്ന ഗദയും അഗ്നി ശ്രീകൃഷ്ണനു നല്‍കി. നോക്കി നില്‍ക്കെ അഗ്നി താണ്ഡവമാടി. ഇന്ദ്രന്‍ വാര്‍ത്ത അറിഞ്ഞു. അദ്ദേഹം പേമാരി പെയ്യിച്ചു അഗ്നിയെ കെടുത്താന്‍ ശ്രമം നടത്തി. അര്‍ജ്ജുനന്‍ അസ്ത്രത്താല്‍ മേഘങ്ങളെ തടഞ്ഞുനിര്‍‍ത്തി. ഈ സമയം തക്ഷക പുത്രനായ അശ്വസേനന്‍ തന്‍റെ അമ്മയുടെ സാഹസ പ്രവര്‍ത്തി മൂലം രക്ഷപ്പെട്ടു . ഇന്ദ്രന്‍ പുഷ്ക്കല, ആവര്‍ത്തക എന്നീ മേഘജാലങ്ങളെ ആഹ്വാനം ചെയ്തു. അര്‍ജ്ജുന ശരപേടകം തകര്‍ക്കാന്‍, മേഘങ്ങള്‍ വര്‍ഷിച്ച പേമാരിക്കായില്ല. തോല്‍വി സമ്മതിയ്ക്കാന്‍ തയ്യാറല്ലാത്ത ഇന്ദ്രന്‍ വായ വ്യാസ്ത്രം പ്രയോഗിച്ച് അതി ഭയങ്കരമായ കാറ്റു സൃഷ്ടിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. അര്‍ജ്ജുനന്‍ പ്രത്യസ്ത്രത്താല്‍ ഇന്ദ്രനെ പാരാജയപ്പെടുത്തി. ഇന്ദ്രന്‍ വജ്രായുധം ചുഴറ്റിയപ്പോള്‍ ആകാശത്ത് നിന്ന് അശരീരി ഉണ്ടായി.


ഇന്ദ്രാ! അങ്ങയുടെ സുഹൃത്ത് തക്ഷകന്‍ ഖാണ്ഡവ വനത്തിലില്ല. തക്ഷക പുത്രനും രക്ഷപ്പെട്ടിരിക്കുന്നു. നരനാരായണന്മാരായ അര്‍ജ്ജുനനോടും കൃഷ്ണനോടും യുദ്ധത്തില്‍ ജയിയ്ക്കാന്‍ താങ്കള്‍ക്കാവില്ല. അവര്‍ അജയ്യരാണ്. ഇന്ദ്രന്‍ തോല്‍വി സമ്മതിച്ചു അവരുടെ മുന്നിലെത്തി. ദിവ്യങ്ങളായ അസ്ത്രശസ്ത്രങ്ങള്‍ വേണ്ട അവസരത്തില്‍ പുത്രന് നല്‍കാമെന്ന് ഇന്ദ്രന്‍ വാഗ്ദാനം ചെയ്തു. പുത്രനെ അനുഗ്രഹിച്ചു. കൃഷ്ണനെ വണങ്ങി തിരിച്ചു പോയി. അഗ്നിയും സംതൃപ്തിയോടെ വിടവാങ്ങി. ഖാണ്ഡവ വനത്തില്‍ പടര്‍ന്ന അഗ്നിയില്‍ നിന്ന് അര്‍ജ്ജുനന്‍ രക്ഷപ്പെടുത്തിയ മയന്‍ എന്ന അസുര ശില്പി അവരുടെ മൈത്രി സ്വീകരിച്ചു.



തന്‍റെ ജീവന്‍ രക്ഷിച്ച അര്‍ജ്ജുനനു വേണ്ടി, എന്തെങ്കിലും ചെയ്യണമെന്നു മയന്‍ ആഗ്രഹിച്ചു. ജ്യേഷ്ഠനു വേണ്ടി നല്ലൊരു രാജസഭ നിര്‍മ്മിയ്ക്കണമെന്ന ആഗ്രഹം അര്‍ജ്ജുനന്‍ പ്രകടിപ്പിച്ചു. അസുര ശില്പിയായ മയന്‍ ആ ദൌത്യം സന്തോഷപ്പൂര്‍വ്വം സ്വീകരിച്ചു. നാലുമാസത്തിനുള്ളില്‍ മയന്‍ രമ്യമായ സഭാതലം പൂര്ത്തിയാക്കി. കൈലാസ പര്‍വ്വതത്തിനും, മൈനാക പര്‍വ്വതത്തിനും ഇടയിലുള്ള ബിന്ദു സരസ്സില്‍ അനേകം പാത്രങ്ങളിലായി വിശിഷ്ട രത്നങ്ങള്‍ ഉണ്ടെന്നും, അതുകൊണ്ട് സഭാതലം മോടിപിടിപ്പിച്ചാല്‍ ആകര്‍ഷകമാകുമെന്നും മയന്‍ അറിയിച്ചു. അര്‍ജ്ജുനനുമായി ബിന്ദു സരസ്സില്‍ എത്തിയ മയന്‍ രത്നങ്ങള്‍ക്കൊപ്പം കിട്ടിയ ദേവദത്തം എന്ന ശ്രേഷ്ഠമായ ശംഖു അര്‍ജ്ജുനന് ദാനം ചെയ്തു. വിഖ്യാതമായ ഒരു ഗദ കൂടി അവിടുന്ന് കണ്ടെടുത്തു. ഈ ഗദ, മയന്‍ ഭീമന് നല്‍കി. ഈ ബിന്ദു സരസ്സില്‍ വെച്ചാണ്‌ ശിവന്‍റെ ജടയില്‍ നിന്നും ഗംഗാനദി ബിന്ദുക്കളായി ഭൂമിയില്‍ പതിച്ചത്. ഈ സരസ്സില്‍ നിന്നും ഗംഗാ നദി പശ്ചിമത്തിലേയ്ക്കും, പൂര്‍വ്വത്തിലേയ്ക്കുമായി മുമൂന്നായ്‌ പിരിഞ്ഞു. ശേഷിച്ച ഗംഗാ ജലത്തെ ഭഗീരഥന്‍ തന്‍റെ രാജ്യത്തിലേയ്ക്ക് കൊണ്ടു പോയി. അതിനാല്‍ ബിന്ദു സരസ്സ് സപ്ത നദികളുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്നു.


യമ നിര്‍മ്മിതമായ യുധിഷ്ഠിരന്‍റെ രാജസഭ ഇന്ദ്രസഭാതലമായ സുധര്‍മ്മ യെ പോലും വെല്ലുന്നതായിരുന്നു.

പാലാഴി മഥനവും അര്‍ത്ഥവും

പാലാഴി മഥനവും അര്‍ത്ഥവും




ഒരമ്മ സായാഹ്നവേളയില്‍ മക്കളുമൊത്ത് പാര്‍ക്കില്‍ വിശ്രമിക്കവേ തന്‍റെ മക്കള്‍ക്ക് പാലാഴി മഥനം കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.



ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും. അതിന് കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോളാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.



ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?


ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഒരു അധ്യാപകന്‍ പതുക്കെ പ്രശ്നത്തില്‍ ഇടപെട്ടു. അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അമ്മ പറഞ്ഞതൊക്കെ നുണയാണ് മോനേ.. ഒന്നും വിശ്വസിക്കണ്ട. ഞാന്‍ പറഞ്ഞു തരാം. അവരെ പിന്തുണക്കാനൊരാളെ കിട്ടിയപ്പോ അവര്‍ക്ക് സന്തോഷമായി. പിന്നെ ചോദ്യം ആ അധ്യാപകനോടായി.



ഇതോക്കെ നുണക്കഥയല്ലേ ചേട്ടാ? ഒരു കുട്ടി ചോദിച്ചു.
അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലെ ബുദ്ധിയുള്ള ഇന്നത്തെ കാലത്തെ കുട്ടികളോട് ഇങ്ങനെ കഥ പറഞ്ഞുതന്നതാണ് തെറ്റ്. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി കവി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.



ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ? മൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.



അപ്പോ കടയുന്നതിനിടക്ക് പര്‍വ്വതം താഴ്ന്നുപോയി എന്നു പറഞ്ഞാലെന്താണര്‍ത്ഥം? അധ്യാപകന്‍ ചോദിച്ചു.


"വിവേകം താഴ്ന്നുപോയി". കുട്ടികള്‍ പറഞ്ഞു.


ഹാ..ഹ... അതെ... ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയില്‍പ്പെട്ട് നമ്മുടെ വിവേകം താഴ്ന്നുപോയി. അപ്പോള്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനര്‍ത്ഥം.?



ബോധം ഉണര്‍ന്ന് വീണ്ടും പഴയതലത്തിലേക്ക് വിവേകത്തെ ഉയര്‍ത്തിക്കൊണ്ട് വരണം.


അപ്പോള്‍ അടുത്ത ചോദ്യം, ഈ ബോധവും വിവേകവും രണ്ടാണോ?
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ല. ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കില്‍ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കില്‍ ദൈവം എന്നൊക്കെ വിളിക്കുന്നത്.



ബോധം കൂര്‍മ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?
കൂര്‍മ്മം എന്നാല്‍ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ. അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാല്‍ , കാമ-മോഹ-ലോഭങ്ങള്‍ക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയര്‍ത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാന്‍ കൂര്‍മ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്.



അങ്ങനെ വിവേകം വീണ്ടും ഉയര്‍ന്ന് ധ്യാനം തുടര്‍ന്നാല്‍ ആദ്യം മൂദേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനര്‍ത്ഥം? ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാരവിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂദേവി.. പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആര്‍ത്തികളും, പുറത്ത് പോകും. എന്നാല്‍ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങള്‍ നമ്മുടെ ബോധത്തിലെത്തും. വീണ്ടും ധ്യാനം തുടരുമ്പോള്‍ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാല്‍ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.


എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്. വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.



ആ അമൃത് കുടിച്ചവര്‍ക്ക് പിന്നെ വാര്‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?
ഇനി പറയൂ.. പാലാഴി മഥനം വെറും കഥയാണോ ?


"അല്ല"
എന്ന് കുട്ടികള്‍

എത്ര വലിയ മഹാതത്വത്തെയാണ് നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ഈ കഥയിലൂടെ പറയുന്നത്.