Friday, 30 June 2017

പഴയ കാലങ്ങളിൽ എല്ലാ തിരുവാതിര നാളുകളിലും സ്ത്രീകൾ

"പഴയ കാലങ്ങളിൽ എല്ലാ തിരുവാതിര നാളുകളിലും സ്ത്രീകൾ നിലമ്പരണ്ടയുടെ നീരും ,നിലപ്പനക്കിഴങ്ങും കദളിപ്പഴവും ശർക്കരയും കൂവപ്പൊടിയും ചേർത്തുണ്ടാക്കിയ പായസം കഴിക്കുമായിരുന്നു.വർഷത്തിലൊരിക്കൽ ഇത് കഴിച്ചാൽ മതി.പാർവ്വതീ രജസ്സ് സമുജ്ജ്വലമായി നില്ക്കുന്ന സൈ്ത്രണ സങ്കല്പങ്ങളുടെ ശാരീരിക സ്ഥിതിയിലേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടുപോകും .തിരുവാതിര നാളിൽ കഴിക്കുന്ന കൂവപ്പായസവും, അതിനൊപ്പം നടക്കുന്ന സംഗീതവും സാഹിത്യവും കലയും അനുഷ്ഠാനവുമൊക്കെച്ചേർന്ന് അവളുടെ കോശ താളങ്ങളെ സമുജ്ജ്വലങ്ങളാക്കി മാറ്റും.ആ ഉൾച്ചേർച്ചയിൽ ഒഴിവാകുന്നതാണ് അവളിലെ രോഗകോടികളാകെ.

ഒരു വിവാഹത്തിലൂടെ രണ്ട് പേർ ചേരുകയാണെന്ന് പറഞ്ഞാൽ അതിനർത്ഥം , രണ്ടു സംസ്കൃതികൾ തമ്മിൽ ചേരുകയെന്നാണ്. ആ രണ്ടു സങ്കല്പങ്ങളുടെ സമന്വയഭൂവിൽ, അതുവരെയുള്ള അവരുടെ രണ്ട് ജീവിത മാതൃകകളും സങ്കല്പങ്ങളുമാണ് സംഹരിക്കേണ്ടി വരുന്നത്. എങ്കിൽ മാത്രമേ , അവർക്ക് പുതിയതായൊരു ജീവിതമുണ്ടാകുകയുള്ളൂ.അങ്ങനെയൊരു പുതു ജീവിതത്തിന് വേണ്ടി പരസ്പരം തീരുമാനമെടുക്കുന്ന വിവാഹപൂർവ്വ കർമ്മമാണ് നാന്ദി ശ്രാദ്ധം .അങ്ങനെ തീരുമാനമെടുത്ത് പൂർവ്വ രൂപങ്ങളെ ത്യജിച്ച് ലയിച്ചാൽ , അവർക്ക് അവസാനകാലം വരെ സുഖജീവിതമുണ്ടാവുകയും ചെയ്യും.

രക്ഷാബന്ധനത്തെ ഇന്നു നിങ്ങൾ , സഹോദരി സഹോഭരന്മാരെന്ന് സങ്കല്പിച്ചാണ് ആചരിക്കുന്നത്.എന്നാൽ , വൈദിക കാലങ്ങളിൽ ഈ ചടങ്ങ് ,വിവാഹത്തിന് മുമ്പുള്ള കൗതുക ബന്ധനച്ചടങ്ങായാണ് സങ്കല്പിച്ചിരുന്നത്.ഇതിൽ ,ഒരു സ്ത്രീയെ പുരുഷൻ രക്ഷിക്കുന്നുവെന്നതിനോളം പ്രാധാന്യമുള്ളതു തന്നെയാണ് പുരുഷനെ സ്ത്രീ  രക്ഷിക്കുന്നുവെന്നുള്ളതും.

പഴയകാലങ്ങളിൽ, തെങ്ങിൽ നിന്ന് തേങ്ങയിടുമ്പോൾ കൂട്ടത്തിൽ ഒന്നോരണ്ടോ പേടു തേങ്ങയുണ്ടാകും.അധികം കാമ്പുണ്ടാവില്ല. എന്നാൽ നല്ല മധുരമുണ്ടാകും.വൃദ്ധരായവർ അത് കഴിക്കുമെങ്കിലും കുട്ടികളെ കഴിക്കാൻ അനുവദിക്കുമായിരുന്നില്ല.അതുപോലെ പുതുതായി വിവാഹം കഴിച്ചവർക്കും കൊടുക്കുമായിരുന്നില്ല.അവരുടെ ഭാഷയിൽ തീർത്തു പറയും - തിന്നാൽ പേടു പെറുമെന്ന്.പഴുത്ത മാങ്ങ തിന്നാനെടുക്കുമ്പോൾ ,അതിനകത്തെ അണ്ടി കാമ്പില്ലാത്തതാണെങ്കിൽ കുട്ടികൾക്ക് കൊടുക്കില്ല. അവർക്കറിയാമായിരുന്നു , കാമ്പില്ലാത്ത ഫലങ്ങൾ കഴിച്ചാൽ തങ്ങളുടെ വരും തലമുറ വിത്തുകുത്തിപ്പോകുമെന്ന്.

ബീജ ശേഷിയുണ്ടാകാൻ ,പഴയകാലത്തെ അമ്മമാർ ആൺമക്കൾക്ക് ആഹാരം കൊടുത്തിരുന്നത് അതീവ ശ്രദ്ധയോടെയായിരുന്നു. ആഹാരത്തിൽ ഇളം വെണ്ടക്ക ധാരാളമായി ഉൾപ്പെടുത്തിയിരുന്നു.അതു പോലെ  തെങ്ങിൻ കരിക്ക് യഥേഷ്ടം കഴിപ്പിക്കും.മൂപ്പെത്താത്ത തേങ്ങയും ശർക്കരയും കൂട്ടി തിന്നാൻ കൊടുക്കും. ശർക്കര ചേർത്ത് അടയുണ്ടാക്കിക്കൊടുക്കും.

ഇതൊക്കെക്കൊണ്ടാണ് വന്ധ്യത അന്നൊരു വലിയ പ്രശ്നമല്ലാതിരുന്നത്.
അതുകൊണ്ടാണ് പൂർവ്വികർ പറഞ്ഞത്, ആഹാരം ശുദ്ധവും പക്വവും മര്യാദാമസൃണവും ആയിരിക്കണം എന്ന് "
നിർമലാനന്ദ ഗിരി

Wednesday, 28 June 2017

എന്തുവന്നാലും ഈശ്വരനെ വിളിച്ചു കേഴുന്നത് ശരിയോ?

എന്തുവന്നാലും ഈശ്വരനെ വിളിച്ചു കേഴുന്നത് ശരിയോ?

തന്നെ സമ്പൂര്‍ണ്ണം ഈശ്വരനു സമര്‍പ്പിച്ചു എന്നു കരുതിയിരുന്ന ഒരു സംഗീതാദ്ധ്യാപകനുണ്ടായി-
രുന്നു. ഒരിക്കല്‍ കിണറ്റു കരയില്‍ അദ്ദേഹം കുളിക്കുന്ന സമയം. സോപ്പ് മുഖത്ത് തേയ്ക്കുന്നതിനിടയില്‍ എങ്ങനെയോ കൈ തട്ടി ബക്കറ്റ് കയറോടു കൂടി കിണറ്റില്‍ വീണു.
സംഗീതാദ്ധ്യാപകന്‍ വിഷമത്തിലായി. കണ്ണു തുറക്കാന്‍ വയ്യ. “ഈശ്വരാ എന്നെ രക്ഷിക്കൂ” എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹം കിണറിനു സമീപത്തുള്ള അലക്കുകല്ലിലിരുന്ന് സംഗീതാലാപനം തുടങ്ങി. കുളിക്കാന്‍ പോയ ഭര്‍ത്താവിനെ കാണാതെ തിരക്കിവന്ന ഭാര്യ കേട്ടത് കിണറ്റിന്‍ കരയിലെ സംഗീത കച്ചേരിയും തന്നെ സഹായിക്കാനെത്താന്‍ വൈകുന്ന ദൈവത്തോടുള്ള പരിദേവനവും. അവര്‍ ഉടന്‍ അളുക്കളയില്‍ പോയി ഒരു കുടം വെള്ളവുമായി വന്ന് അദ്ദേഹത്തിന്റെ തലയിലൂടെ കമഴ്ത്തി…

ഭര്‍ത്താവ് ഞെട്ടിപ്പോയി. ഭാര്യ ചോദിച്ചു, “ഇതിനു വേണ്ടിയാണോ നിങ്ങള്‍ ഇത്രനേരം കാറി പാടിയത്? ബക്കറ്റ് കിണറ്റില്‍ വീണപ്പോള്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ വെള്ളം കൊണ്ടു വരുമായിരുന്നില്ലേ. അതിനുള്ള ബുദ്ധി പോലും ഈശ്വരന്‍ തന്നിട്ടില്ലേ. അലസന്റെ പ്രാര്‍ത്ഥനയും കരച്ചിലും ദൈവം കേള്‍ക്കില്ല.”

സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല. അതുകൊണ്ട് ഈശ്വരന്‍ കനിഞ്ഞേകിയ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുക. എന്നിട്ടും കുറവുകള്‍ ഉണ്ടായാല്‍ അത് ഈശ്വരന്‍ പരിഹരിക്കും.

സദാ സര്‍വ്വത്ര ഈശ്വരചിന്ത ഉണ്ടാകുന്നത് ഉത്തമം തന്നെ. പക്ഷേ അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഈശ്വരനെ വിളിക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. ശരിയായ ഈശ്വരഭക്തന്‍ അദ്ധ്വാനിയുമായിരിക്കും.

കാര്യം കണ്ട് കഴിഞ്ഞാല്‍ കാണാത്ത മട്ടില്‍ പോകുന്നവരില്ലേ. എന്താണവരെക്കുറിച്ച് അഭിപ്രായം?

കാര്യം കണ്ട് കഴിഞ്ഞാല്‍ കാണാത്ത മട്ടില്‍ പോകുന്നവരില്ലേ. എന്താണവരെക്കുറിച്ച് അഭിപ്രായം?

ചുട്ടുപഴുത്ത മണല്‍ പരപ്പിലൂടെ നടക്കുമ്പോഴാണ് അങ്ങകലെ ഒരു കൂറ്റന്‍ വൃക്ഷം കണ്ടത്. അയാള്‍ അതിയായ ആഹ്ലാദത്തോടെ മരചുവട്ടിലേക്ക് കുതിച്ചു.

മരച്ചുവട്ടിലെത്തിയപ്പോള്‍ സ്വര്‍ഗം കിട്ടിയാലെന്നപോലെ തോന്നി. കുറച്ചുനേരം തണലേറ്റപ്പോള്‍ തല തണുത്തു. കുളിര്‍മ്മയുള്ള നിഴല്‍ ഉന്മേഷം പകര്‍ന്നു. അയാള്‍ ആ വൃക്ഷം ശ്രദ്ധിച്ചു നോക്കി. ആ വിജനപ്രദേശത്ത് ആ ഒരൊറ്റ വ്യക്ഷം മാത്രമേയുള്ളൂ. നന്നായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷം. ഇതില്ലായിരുന്നെങ്കില്‍ വെയ‌ിലേറ്റ് താന്‍ മരിച്ചു പോകുമായിരുന്നു. അയാള്‍ അതിന്റെ ശിഖരങ്ങളിലൂടെ കണ്ണോടിച്ചു. പൂവോ, കായോ, പഴമോ,യാതൊന്നും അതില്‍ കണ്ടില്ല.
“ഉം…കഷ്ടം… ഒരു പ്രയോജനവുമില്ലാത്ത വൃക്ഷം. ഒരു കായ്പോലും പിടിച്ചിട്ടില്ല. ഇതു കൊണ്ട് എന്തു ഗുണം…?”

“ഇത്ര നന്ദികേടരുത്” പെട്ടെന്ന് ഒരു സ്വരം. അത് വൃക്ഷത്തിന്റേതായിരുന്നു. എന്റെ തണലിലുരുന്നല്ലേ, നീ പറയുന്നത്. ഈ തണല്‍ നിന്റെ ജീവന്‍ രക്ഷിച്ചില്ലേ. എന്നിട്ടും എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പറയാന്‍ നിനക്കെങ്ങനെ തോന്നി?”

എപ്പോഴെങ്കിലും, എന്നെങ്കിലും, ആരുടെയെങ്കിലും ചെറിയ സഹായമെങ്കിലും നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, ഒരിക്കലും അവരെ നിന്ദിച്ചു പറയരുത്. കൃതഘ്നത മഹാപാപം തന്നെ. മറ്റുള്ളവര്‍ നമ്മോട് നന്ദികേട് കാണിച്ചേക്കാം. പക്ഷേ അങ്ങനെയാകരുത്. മാത്രമല്ല നന്ദിപ്രതീക്ഷിച്ച് നാം ഒന്നിലും ഏര്‍പ്പെടുകയുമരുത് നമുക്ക് ചെയ്യാവുന്ന കാര്യം ഇതാണ്.

 നാം മുന്നോട്ട്

ആത്മബോധം!!!

ആത്മബോധം!!!
ഃഃഃഃഃഃഃഃഃഃഃ
മാംസഭുക്കുകളായ മൃഗങ്ങൾ പോലും സസ്യഭുക്കുകളായ മൃഗങ്ങളേയേ ഭക്ഷിക്കൂ.
          സൃഷ്ടിയുടെ നിയമത്തിൽ സസ്യഭുക്കുകൾ എന്നും മാംസഭുക്കുകൾ എന്നും രണ്ട് വിഭാഗം ഉണ്ട്
മനുഷ്യൻ ഏതുവിഭാഗത്തിൽ പെടുന്നു എന്നുനോക്കി വേണം ആഹാരം നിശ്ചയിക്കാൻ.
രണ്ടിനും ശരീരഘടനയിൽ വെത്യാസം ഉണ്ട്.
ദഹനേന്ദ്രിയങ്ങളുടെ ഘടനയും വെത്യാസമുണ്ട്.
         സസ്യഭുക്ക് ജനിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും. മാംസഭുക്ക് ജനിക്കുമ്പോൾ കണ്ണ് അടഞ്ഞിരിക്കും. മനുഷ്യൻ ജനിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും
          സസ്യഭുക്കിന് രാത്രി വെളിച്ചത്തിൽ കണ്ണുകാണും. മാംസഭുക്കിന് രാത്രിയിലും പകലും കണ്ണുകാണും. മനുഷ്യന് രാത്രി വെളിച്ചത്തിൽ കണ്ണുകാണും(ഇരുട്ടത്ത് കാഴചയില്ല).
             സസ്യഭുക്ക് പകൽ ഉണർന്നിരിക്കും മാംസഭുക്ക് പകൽ ഉറങ്ങും. മനുഷ്യൻ രാത്രി ഉറങ്ങും.
        സസ്യഭുക്കിന് പരന്ന അണപ്പല്ല്. മാംസഭുക്കിന് കൂർത്ത കോംപല്ല്. മനുഷ്യന് പരന്ന അണപ്പല്ല്.
        സസ്യഭുക്ക് താടഎല്ലുകോണ്ട് ഇടതും വലതുമായി ചവച്ചരക്കും. മാംസഭുക്ക് ചവച്ചരക്കില്ല. മനുഷ്യൻ ചവച്ചരക്കും.
         സസ്യഭുക്ക് വെളളം ചുണ്ടുകൊണ്ട് വലിച്ചുകുടിക്കുന്നു. മാംസഭുക്ക് നാവുകൊണ്ട് നക്കിക്കുടിക്കുന്നു മനുഷ്യൻ ചുണ്ടുകൊണ്ട് വലിച്ചുകുടിക്കുന്നു.
            സസ്യഭുക്ക് നഖം പരന്ന് സ്ഥരമായിരിക്കും മാംസഭുക്ക് നഖം കൂർത്ത് ചലിക്കുന്നതായിരിക്കും. മനുഷ്യന് പരന്ന് സ്ഥിരമായിരിക്കും.
           സസ്യഭുക്ക് വായിൽ ഉമിനീര് ക്ഷാരമയമായിരിക്കും. മാംസഭുക്ക് ഉമിനീര് അമ്ലമയമാമിരിക്കും. മനുഷ്യൻ വായിൽ ഉമിനീര് ക്ഷാരമയമായിരിക്കും.
             സസ്യഭുക്ക് വയറ്റിൽ ആസിഡ്1-2%ആയിരിക്കും. മാംസഭുക്ക് വയറ്റിൽ ആസിഡ് 6-10% (മാംസത്തെ ദഹിപ്പിക്കാൻ) മനുഷ്യന് 1-2% .
               സസ്യഭുക്ക് ത്വക്കിൽ സ്വേദഗ്രന്ധിയുണ്ട്.മാംസഭുക്കിന് ഇല്ല . മനുഷ്യന് ഉണ്ട്.
                  സസ്യഭുക്കിന് യൂറിക്കാസിഡ് അമിതമായി ആവശ്യമില്ല. മാംസഭുക്കിന് ധാരാളമായി വേണം. മനുഷ്യന് കുറച്ചുമതി.
(1Gm Uric Acid അലിഞ്ഞു ചേരുവാൻ 6 ലിറ്റർ രക്തം വേണം)
                   സസ്യഭുക്കിന് കുടലിന് നീളം കൂടുതലാണ്. മാംസഭുക്കിന് കുറവാണ്. മനുഷ്യന് കൂടുതലാണ്. (വായ് മുതൽ മലദ്വാരം വരെയുളള ഉളളിലെ നീളത്തെ നട്ടെല്ലിന്റെ നീളംകൊണ്ട് ഹരിച്ചുകിട്ടുന്നഫലം).സസ്യഭുക്ക് -21 .മാംസഭുക്ക് -5  . മനുഷ്യൻ- 12 .
മനുഷ്യൻ- 12 (ഫലഭുക്ക്).കുരങ്ങ് 12 (ഫലഭുക്ക്).
             സസ്യഭുക്കിന് ഭക്ഷണം അകത്ത് സാവധാനം ജീർണ്ണിക്കും. മാംസഭുക്കിന് വേഗത്തിൽ ജീർണ്ണിക്കും. മനുഷ്യന് സാവകാശം ജീർണ്ണിക്കും.
മാംസഭുക്കുകൾളുടെ വൃക്കകളും കരളും വലുതായിരിക്കും. സസ്യഭുക്കുകളുടേത് താരതമ്യേന ചെറുതായിരിക്കും.
          മനുഷ്യന്റെ കരൾ പുറപ്പെടുവിക്കുന്ന ദഹനരസവും മാംസഭുക്കുകളുടെ കരൾ പുറപ്പെടുവിക്കുന്ന ദഹനരസവും വെത്യസ്തമായിരിക്കും.
           മനുഷ്യന്റെ ആന്തരിക അവയവങ്ങൾ സസ്യാഹാരത്തിന് യോജിച്ചതാണ് എന്നതിന് ഇതിലും കൂടുതൽ തെളിവുകൾ വേണമോ ?
             മനുഷ്യന്പ്രോട്ടീൻ ലഭിക്കുവാൻ മത്സ്യം മാംസം മുട്ട കഴിച്ചേതീരൂ എന്നചിന്താഗതി ബാലിശമാണ്. മനുഷ്യൻ തിന്നുന്ന മാംസത്തിൽ പ്രോട്ടീൻ എവിടെ നിന്നുലഭിക്കുന്നു.
സസ്യഭുക്കുകളായ മൃഗങ്ങളെ ഭക്ഷിക്കാറുളള മൃഗങ്ങൾക്ക് പ്രോട്ടീൻ സസ്യത്തിൽ നിന്നും ലഭിക്കുമ്പോൾ മനുഷ്യൻ അതിനായി മൃഗത്തെ തേടുന്നു.
      മാംസഭുക്കുകളായ മൃഗങ്ങൾപോലും
സസ്യഭുക്കുകളായ മൃഗത്തേയേ ഭക്ഷിക്കൂ.
ഇതിൽ നിന്നും മനുഷ്യന് ലവണങ്ങളും മറ്റുപോഷകങ്ങളും ലഭിക്കാൻ സസ്യാഹാരം മതിഎന്ന് സ്പഷ്ടമാണ്.

"നിങ്ങൾ എന്ത് ഭക്ഷിക്കുന്നോ അതാണ് നിങ്ങൾ "
                                               ബർണാഡ്ഷാ

ഭരതൻ ബ്രഹ്മവിദ്യ ഉപദേശിക്കുന്നു.

ഭരതൻ ബ്രഹ്മവിദ്യ ഉപദേശിക്കുന്നു.

ലജ്ജ മൂലമുണ്ടായ കണ്ണുനീരിൽ കുളിച്ചുകൊണ്ട് രാജാവ് പറഞ്ഞു: "എന്റെ അഭിമാനം അങ്ങ് നശിപ്പിച്ചിരിക്കുന്നു.  എന്റെ ധിക്കാരത്തിന് മാപ്പ് തന്നാലും.  അങ്ങ് ആരാണെന്നു എന്നോട് പറയുവാൻ ദയവുണ്ടാകണം.  ഞാൻ സിന്ധുസൗവീരങ്ങളുടെ ഭരണാധികാരിയായ രഹുഗുണനാണ്.  അങ്ങയെ കണ്ടുമുട്ടിയത് എനിക്ക് വന്നിട്ടുള്ള ഒരു മഹാഭാഗ്യമാണ്.  സത്യത്തിലേക്കുള്ള മാർഗ്ഗത്തെപ്പറ്റി എന്നെ ഉത്ബുദ്ധനാക്കിയാലും"

അപ്പോൾ ഭരതൻ രാജാവിനോട് ഒരു കാര്യം പറഞ്ഞു.

അകോവിദഃ കോവിദവാദവാദാൻ വദസ്യഥോ നാതിവിദാം വരിഷ്ഠഃ
ന സൂരയോ ഹി വ്യവഹാരമേനം തത്ത്വാവമർശേന സഹാമനന്തി

സത്യമെന്താണെന്ന് അറിയാത്ത ഭവാൻ വിദ്വാന്മാരെപ്പോലെ സംസാരിക്കുന്നു.  ജ്ഞാനികൾ ഒരിക്കലും പ്രപഞ്ചത്തെ സത്യമായി കണക്കാക്കുകയില്ല.  ആര് ആരുടെ യജമാനനാണ് രാജാവേ, അല്ലെങ്കിൽ ഭൃത്യൻ? പറയാമോ?

രാജാവ് നിശ്ശബ്ദനായിരുന്നു.  സത്യം അറിയാനുള്ള രാജാവിന്റെ ഉത്സാഹം കണ്ട് ഭരതന് അതിരറ്റ അനുകമ്പ തോന്നി.  അദ്ദേഹം പറഞ്ഞു:  "ഞാൻ അങ്ങയെ സഹായിക്കാം.  മുക്തിമാർഗ്ഗം അങ്ങ് ദർശിക്കും.  ഞാൻ വിശദമായി അങ്ങയോട് പറയുന്നതെല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുക"

ഭരതൻ തുടർന്നു:  "മനുഷ്യൻ സംസാരമാകുന്ന ചെളിക്കുണ്ടിൽ വീഴുന്നതിനും, അതിൽനിന്ന് മുക്തി നേടുന്നതിനും കാരണം മനസ്സാണ്.  മനസ്സിനെയാണ് കീഴടക്കേണ്ടത്.  സത്വ രജസ്തമോഗുണങ്ങൾ മനസ്സിനെ കളങ്കപ്പെടുത്തുമ്പോൾ അതിന്റെ ഗതി ലൗകിക വിഷയങ്ങളിലേക്ക് തിരിയുന്നു.  അതിനു നല്ലതോ, ചീത്തയോ ആയ കർമ്മങ്ങൾ എപ്പോഴും ചെയ്തുകൊണ്ടേ ഇരിക്കേണ്ടിവരും.  ജനനമരണങ്ങളാകുന്ന ശൃംഖല അനന്തവും ആയിരിക്കും.  അത് ആഗ്രഹങ്ങളെ സ്വീകരിക്കുന്നു.  അതിന്റെ അധോഗതിയും, പുരോഗതിയും ഈ ആഗ്രഹങ്ങളുടെ ഗുണദോഷം അനുസരിച്ചായിരിക്കുകയും ചെയ്യും"

"സുഖവും ദുഃഖവും മനുഷ്യജീവിതത്തെ ബാധിക്കുന്നു.  അത് അവസാനമില്ലാത്തതാണ്.  പ്രപഞ്ച വിഷയങ്ങളിൽ മനസ്സ് ആസക്തമായിരിക്കുന്നിടത്തോളം  കാലം അതൊരിക്കലും സ്വയം പ്രകാശം ആവുകയുമില്ല.  ഉദാഹരണമായി ഒരു ചെറിയ വിളക്ക് എടുക്കുക.  അതിൽ ഒരു തിരിയുണ്ട്.  ആ തിരിയെ ജ്വലിപ്പിച്ച് നിർത്തുന്നത് അൽപ്പം നെയ്യാണ്.  അത് കത്തുമ്പോൾ അതിനെ നിലനിർത്തുന്ന  നെയ്യിന്റെ തരമനുസരിച്ച് തീജ്വാലക്ക് തെളിച്ചമുണ്ടായിരിക്കും.  എന്നാൽ എപ്പോൾ നെയ്യ് തീർന്നുപോകുന്നുവോ, അപ്പോൾ തിരി അതിന്റെ സ്വന്തം പ്രകൃതിക്ക് അനുസരിച്ച് കത്തുകയും  പിന്നീടത് ശൂന്യമായി തീരുകയും ചെയ്യും".

"ഈ തിരിപോലെയാണ് മനുഷ്യമനസ്സും.  അത് ഗുണങ്ങളെക്കൊണ്ട് പോഷിപ്പിക്കുന്നിടത്തോളം കാലം അവയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിച്ചുകൊണ്ടിരിക്കും.  ഗുണങ്ങൾ മനസ്സിനെ വിടുമ്പോൾ അതിനു അസ്തിത്വം ഇല്ലാതായിത്തീരും.  വായു എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് പോലെ  ഈശ്വരൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നു.  എപ്പോൾ ആസക്തി മുഴുവൻ കൈവെടിയുന്നുവോ, കാമക്രോധാദി ശത്രുക്കളെ ജയിക്കുന്നുവോ, ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് സ്വയം പ്രകാശിതമായി തീരുന്നുവോ, അപ്പോൾ ജീവൻ മുക്തനാകുന്നു.  എന്നാൽ അതുവരെ ഈ ലോകത്തിൽ വീണ്ടുംവീണ്ടും ജനിക്കുകയെന്ന ദുഃഖം അനുഭവിക്കുകതന്നെ വേണം.

അരുണാചല രമണന്‍

ശ്രീനാരായണ ഗുരുവും   ശിഷ്യനായിരുന്ന അമൃതനാഥയതീന്ദ്രനും ഭഗവാന്‍ രമണ മഹര്‍ഷിയോടു വലിയ ആദരവായിരുന്നു. രമണ മഹര്‍ഷിയുടെ സന്നിധിയില്‍  അനുഭവപ്പെട്ടിരുന്ന അവാച്യമായ ശാന്തിയും പിന്നെ മഹര്‍ഷിയുടെ മഹിമയും കണ്ട് അമൃതനാഥയതീന്ദ്രന്‍ ഭഗവാനെ കുറിച്ച് വലിയ സങ്കല്പങ്ങള്‍ വച്ച് പുലര്‍ത്തി. രമണ ഭഗവാന്‍ സുബ്രഹ്മണ്യന്റെയോ സാക്ഷാല്‍ അരുണാചല ശിവന്റെയോ അവതാരമാണെന്നു വരെ അദ്ദേഹം സംശയിച്ചിരുന്നു.
ഗുരുമഹിമയെ കുറിച്ചുള്ള തന്റെ ഈ സംശയം ഭഗവാനോട് തന്നെ ചോദിക്കാം എന്ന് അമൃതനാഥ യതീന്ദ്രന്‍ തീര്‍ച്ചയാക്കി. വിരൂപാക്ഷ ഗുഹയില്‍ വച്ച് ഭഗവാനില്ലാത്ത സമയം അദ്ദേഹം കടലാസില്‍ തന്റെ സംശയം ഒരു മലയാള ശ്ലോകമായി എഴുതി ഭഗവാന്റെ ഇരിപ്പിടത്തിനു സമീപം വച്ചു. ആ ശ്ലോകം ഇപ്രകാരം ആയിരുന്നു.
അരുണാചലശിഖരോപരി വിരുതാര്‍ന്നൊരു ഗുഹയില്‍
കരുണാകര വിരുതാവലി ഭഗവാന്‍ മുനി രമണന്‍
ഹരിയോ ശിവഗുരുവോ വരരുചിയോ യതിവരനോ
അറിവാനൊരു കുതുകം മമ ഹൃദയേ ഗുരുമഹിമ
(അരുണാചല പര്‍വത ശിഖരത്തിലെ വിരൂപാക്ഷ ഗുഹയില്‍ കരുണയുടെ മൂര്‍ത്തിമത് രൂപമായ ഭഗവാന്‍ രമണന്‍ വിരാജിക്കുന്നു. ആരാണ് ഇദ്ദേഹം? ഭഗവാന്‍ മഹാവിഷ്ണുവോ, ശിവഗുരുവായ സുബ്രഹ്മണ്യനോ, പണ്ഡിത ശ്രേഷ്ഠനായ വരരുചിയോ അതോ ശ്രേഷ്ഠനായ യതിയോ? ഈ ഗുരുമഹിമയെ അറിയാന്‍ എന്റെ ഹൃദയത്തില്‍ ഒരു ജിജ്ഞാസ.)
മലയിലെ തന്റെ പതിവ് നടത്തത്തിനുശേഷം
ശേഷം വിരൂപാക്ഷ ഗുഹയില്‍ ഭഗവാന്‍ മടങ്ങിയെത്തി. അമൃതനാഥ യതീന്ദ്രന്‍ എഴുതിവച്ച കടലാസിന്റെ മറുപുറത്തില്‍ മലയാള ശ്ലോകമായി ഭഗവാന്‍ മറുപടി എഴുതി.
ഹരിയാദിയപരജീവദഹരനീരജഗുഹയില്‍
അറിവായ്‌ രമി പരമാത്മനെ അരുണാചല രമണന്‍
പരമാദര പരനായ് ഹൃദിപരനാര്‍ന്നൊരു ഗുഹയാര്‍ന്ന-
അറിവാം വിഴിതുറന്നീ നിജമറിവായത് വെളിയാം
(മഹാവിഷ്ണു മുതല്‍ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ഹൃദയ ഗുഹയില്‍ അറിവായി, ആനന്ദസ്വരൂപമായി വിരാജിക്കുന്ന പരമാത്മാവാണ് അരുണാചല രമണന്‍. ഭക്തിയോടെ, പരമാദരവോടു കൂടി ഹൃദയത്തില്‍ ആഴ്ന്നിറങ്ങി വിചാരം ചെയ്താല്‍ രമണന്റെ അപരിമേയമായ യഥാര്‍ത്ഥ സ്വരൂപം അറിയാം.)

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

തന്റെ പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു വയ്പ്പിച്ച് പാണ്ഡവർ കൊന്നതിൽ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവർക്കുനേരെ നാരായണാസ്ത്രം തൊടുത്തു വിട്ടു . ഭയങ്കരമായ ആ നാരായണാസ്ത്രം ദ്രോണാചാര്യർ നാരായണനെ പൂജിച്ചു നേടിയതാണ് . ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണർക്കു താക്കീതു നൽകിയിട്ടുണ്ടായിരുന്നു . കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും . എന്നാൽ അസ്ത്രത്തെ കുമ്പിട്ടു നമസ്ക്കരിക്കുന്നവരെ അസ്ത്രം വധിക്കുകയില്ല . മനസ്സ് കൊണ്ടെങ്കിലും എതിർത്താൽ , ഈ അസ്ത്രം എതിർത്തവനെ ഏതു പാതാളത്തിൽ പോയൊളിച്ചാലും പിന്തുടർന്ന് ചെന്ന് , കൊന്നു വീഴ്ത്തും .ഇതായിരുന്നു നാരായണാസ്ത്രത്തിന്റെ പ്രത്യേകത . ഈ അസ്ത്രം പിന്നീട് ദ്രോണർ പുത്രന് ഉപദേശിച്ചു . അർജ്ജുനനു പോലും ദ്രോണർ ഇത് ഉപദേശിച്ചു കൊടുത്തിട്ടില്ല . ഇത്തരത്തിലുള്ള അസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്ക്ക് എതിരായി തൊടുത്തു വിട്ടത് . നാരായണമഹാസത്രം പ്രകടമായ ഉടനെ പിൻപുറത്തു നിന്ന് കാറ്റടിച്ചു . ആകാശത്തിൽ മേഘമില്ലാതെ ഇടിവെട്ടി . പലതരം ചക്രങ്ങളും , ഇരുമ്പുണ്ടകളും , അസ്ത്രങ്ങളും , വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപെട്ടു . എതിർത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്ത്തിത്തുടങ്ങി . പാണ്ഡവപ്പട നാമാവശേഷമായിത്തുടങ്ങി .

ഈ സമയം ഭഗവാൻ കൃഷ്ണൻ അസ്ത്രത്തിന്റെ ശമനത്തിനുള്ള വഴി കണ്ടു . എല്ലാരോടും ആയുധമുപേക്ഷിച്ച് കൈകൂപ്പി നമസ്ക്കരിക്കാൻ അദ്ദേഹം ഉപദേശിച്ചു . പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല . അതിനു കാരണം ഭീമൻ ആയുധം വെടിയാത്തതായിരുന്നു . ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല . അതിനാൽ അവൻ അർജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നും , ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ അടക്കുവാനും ഉപദേശിച്ചു .

എന്നാൽ അർജ്ജുനൻ അതനുസരിച്ചില്ല . അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല . അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ് . ഗോക്കളിലും , ബ്രാഹ്മണരിലും , നാരായണാസ്ത്രത്തിലും താൻ ആയുധം പ്രയോഗിക്കുകയില്ലെന്നു അർജ്ജുനൻ തീർത്ത് പറഞ്ഞു .

തുടർന്ന് ഭീമൻ ഒറ്റയ്ക്ക് കൗരവരെ എതിർത്തു . ഭീമൻ എത്ര ശക്തിയായി എതിർത്തുവോ , അതിന്റെ പതിന്മടങ്ങു അസ്ത്രത്തിന്റെ ശക്തി വർദ്ധിച്ചു വന്നു .നാരായണാസ്ത്രത്തിലെ തീ ജ്വാലകൾ ഭീമനെ മൂടി . നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോൾ അർജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടും , കരം കൊണ്ടും പിടിച്ചു വലിച്ചു . മഹാബലവാനായ കൃഷ്ണൻ ഭീമനെ ബലമായി പിടിച്ചു വലിച്ച് താഴെയിറക്കി , കൈകളിൽ നിന്നും അസ്ത്രങ്ങളും ആയുധങ്ങളും പിടിച്ചു വാങ്ങി . അതോടെ ഭീമനും നിരായുധനായി .
തുടർന്ന് നാരായണാസ്ത്രം ശമിക്കുകയും , പാണ്ഡവർ രക്ഷപ്പെടുകയും ചെയ്തു .