Friday, 9 February 2018

പുരാണകഥകൾ - ശ്രീരാമസഖ്യം നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ശക്തിയെ പുറത്തെത്തിക്കുന്നു

പുരാണകഥകൾ - ശ്രീരാമസഖ്യം നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ശക്തിയെ പുറത്തെത്തിക്കുന്നു





ബാലിയെ ഭയന്ന്‌ നാടുവിട്ടോടി ബാലികേറാമല എന്നറിയപ്പെടുന്ന ഋഷ്യമൂകാചലത്തിൽ ഒളിവുജീവിതം നയിച്ച സുഗ്രീവൻ, രാമനിൽ കണ്ടതു സമാനദുഃഖിതനെയായിരുന്നു. രാവണനാൽ ബലാൽ അപഹരിക്കപ്പെട്ട സീതയുടെ ഭർത്താവായ രാമനിൽ ബാലിയാൽ ബലാൽ അപഹരിക്കപ്പെട്ട രുമയുടെ ഭർത്താവായ സുഗ്രീവൻ സമാന ദുഃഖിതനെ കണ്ടതു സ്വാഭാവികം. അതിനാൽ ഭാര്യയെ വീണ്ടെടുക്കാൻ സഹായിക്കാം എന്നവർ പരസ്പരം സഖ്യവും ചെയ്തു. സുഗ്രീവപത്നിയായ രുമയെ വീണ്ടെടുക്കുവാൻ ബാലിവധം അനിവാര്യമായിരുന്നു. രാമൻ ബാലിവധം ചെയ്തു വാക്കുപാലിച്ചു.



 എന്നാൽ ലങ്കയിൽ സീതയെ എവിടെ ഒളിപ്പിച്ചിരിക്കുന്നു എന്നു കണ്ടെത്തി രാവണവധം ചെയ്തു സീതയെ വീണ്ടെടുക്കുവാൻ ശ്രീരാമനെ സഹായിക്കാം എന്ന പ്രതിജ്ഞ കിഷ്ക്കിന്ധയുടെ രാജാവായതോടെ സുഖഭോഗങ്ങളിൽ മുഴുകിയ സുഗ്രീവൻ പാടെ വിസ്മരിച്ച മട്ടായി. അധികാരത്തിൽ ഇല്ലാതിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ അധികാരത്തിൽ ഏറിയാൽ മറന്നുപോവുക എന്നത്‌ അഥവാ വാഗ്ദാനങ്ങൾ വിസ്മരിക്കുക എന്നതു ഇക്കാലത്തെ രാഷ്ട്രീയകക്ഷികളുടെ മാത്രം സ്വഭാവമല്ല അക്കാലത്തെ രാജാക്കന്മാരുടെയും സ്വഭാവമാണെന്നുള്ളതിൽ ദൃഷ്ടാന്തമാണ്‌ സുഗ്രീവൻ. സുഗ്രീവന്റെ മന്ത്രിയായ ഹനുമാൻ ഇത്തരം വാഗ്ദാന ലംഘന സ്വഭാവവും വാഗ്ദാന വിസ്മരണയും ശുഭകരമല്ലെന്നും നാശകാരിയാണെന്നും സുഗ്രീവനെ സധൈര്യം ഓർമ്മപ്പെടുത്തുന്നുണ്ട്‌.



“പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”

എന്നുതന്നെ ഹനുമാൻ പറയുന്നു. ഈ ഹനുമൽ വാക്യം എല്ലാ രാഷ്ട്രീയകക്ഷികളും അവരുടെ ആസ്ഥാനമന്ദിരത്തിനകത്ത്‌ വലിയ അക്ഷരത്തിൽ എഴുതിവയ്ക്കുന്നത്‌ വാഗ്ദാനവിസ്മരണം ഒഴിവാക്കുവാൻ ഒരുപക്ഷേ അവരെ സഹായിച്ചേക്കാം.



എന്തായാലും ഹനുമാന്റെ കുറിക്കുകൊള്ളുന്ന ഹിതോപദേശം ഫലിച്ചു. വാഗ്ദാനലംഘനത്തിൽ കോപിഷ്ഠനായ ലക്ഷ്മണനെ അനുനയിപ്പിക്കുവാനും പറഞ്ഞ വാക്കു പാലിക്കുവാൻ എന്തുവിലകൊടുത്തും പരിശ്രമിക്കാനും ശ്രീരാമസന്നിധിയിലെത്തി സുഗ്രീവൻ തയ്യാറായി. അംഗദൻ (ബാലിപുത്രൻ) ജാംബവാൻ, ഹനുമാൻ എന്നിവരുൾപ്പെട്ട വാനരവീരസംഘം ലങ്കയിലേയ്ക്ക്‌ കടത്തപ്പെട്ട സീതയെ കണ്ടെത്തി വീണ്ടെടുക്കുവാൻ ത്വരിതാന്വേഷണം ആരംഭിച്ചു. ലങ്കയിൽ എത്തുവാൻ കടൽ കടക്കണം. ഒരു മരത്തിൽ നിന്നു മറ്റൊരു മരത്തിലേയ്ക്ക്‌ എടുത്തുചാടി അഭ്യാസം കളിക്കുന്നപോലെ എളുപ്പമുള്ള കാര്യമല്ല സമുദ്രതരണം എന്നു സുഗ്രീവാജ്ഞ പാലിക്കുവാൻ പുറപ്പെട്ടു അലയാഴിത്തീരത്തെത്തിയ വാനരപ്രമുഖർക്ക്‌ ബോധ്യമായി. സുഗ്രീവാജ്ഞ നിറവേറ്റാതിരുന്നാൽ സുഗ്രീവനാൽ കൊല്ലപ്പെടും. സുഗ്രീവാജ്ഞ നിറവേറ്റുവാൻ കടൽച്ചാടിക്കടക്കുവാൻ ശ്രമിച്ചാൽ കടലിൽ മുങ്ങിച്ചാവേണ്ടിയും വരും. ഇതായിരുന്നു സീതാന്വേഷണത്തിനു പുറപ്പെട്ടു കടൽക്കരയോളമെത്തിയ വാനരപ്രമുഖരുടെ ദുർഘടാവസ്ഥ. 



ഒടുവിൽ സുഗ്രീവ സേനയിലെ ഭീഷ്മ പിതാമഹൻ എന്നു വിശേഷിപ്പിക്കാവുന്ന ജാംബവാൻ ഹനുമാന്റെ അരികിലെത്തി ഈ സമുദ്രം ഒരു തോടുപോലെ തരണം ചെയ്യാനുള്ള ശക്തി നിന്നുലുണ്ടെന്നു പറഞ്ഞ്‌ ഉദ്ബോധിപ്പിച്ച്‌ ഹനുമാനെ വർധിത വീര്യനാക്കി. കൃഷ്ണാവതാരത്തിനു മുമ്പാണ്‌ രാമാവതാരം എന്ന പൗരാണിക ക്രമമനുസരിച്ചുള്ള യുക്തിയിൽ ചിന്തിച്ചാൽ എന്തു ചെയ്യേണ്ടു എന്നറിയാതെ വിഷാദിച്ച അർജ്ജുനനെ ചെയ്യേണ്ടതു ചെയ്യാൻ പ്രാപ്തനാക്കി യുദ്ധക്കളത്തിൽ വീര്യം വീണ്ടെടുത്തുകൊടുത്ത ഭഗവദ്ഗീതയേക്കാൾ മുമ്പുണ്ടായ പ്രചോദനാത്മകപ്രസംഗമാണ്‌ ജാംബവാൻ ഹനുമാനു നൽകുന്ന ഉദ്ബോധനം എന്നു പറയാം.



“നിൻ കയ്യിലല്ലയോ തന്നതു രാഘവ-
നംഗുലീയമതുമെന്തിനെന്നോർക്കനീ!
ത്വൽബല വീര്യവേഗങ്ങൾ വർണ്ണിപ്പതി-
നി പ്രപഞ്ചത്തിങ്കലാർക്കുമാമല്ലെടോ”


“സീതയെ കണ്ടാൽ, രാമദൂതനാണു താനെന്നു അവൾക്കു ബോധ്യപ്പെടുവാൻ കാണിക്കുവാനുള്ള അടയാളമായ മോതിരം നിന്നെഏൽപ്പിച്ച ശ്രീരാമൻ അല്ലയോ ഹനുമാനേ ഒന്നും കാണാതെ അതു ചെയ്യുമോ?” എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ജാംബവാന്റെ പ്രസംഗത്താൽ പ്രചോദിതനാകുന്ന ഹനുമാനിലാണ്‌ കിഷ്ക്കിന്ധാകാണ്ഡം അവസാനിക്കുന്നത്‌. 


ശബ്ദസൗന്ദര്യം മുറ്റിയ സുന്ദരകാണ്ഡമാകട്ടെ, കടൽതരണം ചെയ്ത്‌ ലങ്കയിൽ എത്തുന്ന ഹനുമാനോടെയാണ്‌ അതിന്റെ ആരംഭഭാഗങ്ങൾ അവതരിപ്പിക്കുന്നതും. അർത്ഥമോ പ്രയോഗമോ പിഴയ്ക്കാതെ സാരമാത്രമായി  സംസാരിക്കുന്ന ഹനുമാനെ ആദ്യസമാഗമത്തിൽ തന്നെ ശ്രീരാമൻ അഭിനന്ദിക്കുന്നുണ്ട്‌. ഹനുമാന്റെ ബുദ്ധിവൈഭവത്തിനെയാണ്‌ ആ രാമായണ സന്ദർഭം ദൃഷ്ടാന്തീകരിക്കുന്നത്‌. എന്നാൽ സമുദ്രതരണം, ലങ്കാദഹനം എന്നിവ ചെയ്യുന്ന ഹനുമാനെ കാട്ടിത്തരുന്ന സുന്ദരകാണ്ഡം ഹനുമാന്റെ കായികബലത്തെയാണ്‌ ദൃഷ്ടാന്തീകരിക്കുന്നത്‌.   ബാലിയുടെ ബലം ഭയന്ന്‌ ഋഷ്യമൂകാചലത്തിൽ ഒളിച്ചു കഴിഞ്ഞ സുഗ്രീവനെയും ഹനുമാൻ ഉൾപ്പെട്ട കൂട്ടാളികളെയും ദേവേന്ദ്രനും ഭയം ജനിപ്പിക്കുന്ന രാവണനെപ്പോലും കിടുകിടെ വിറപ്പിക്കുവാൻ തക്കവിധം അവരിലൊളിഞ്ഞിരുന്ന ബലത്തെ പുറത്തേയ്ക്കെടുപ്പിക്കുന്നതിനു രാമസഖ്യം സഹായകമായി. ദുർബലരുടെ ബലത്തെ കണ്ടെത്തുവൻ ദുർബലരെ സഹായിക്കുന്ന കലയാണു മഹത്തായ സംഘാടനം! അതു ശ്രീരാമനു ഉണ്ടായിരുന്നു

നരസിംഹാവതാരം - പുരാണകഥകൾ

നരസിംഹാവതാരം - പുരാണകഥകൾ


"ശ്രീമദ് ഭാഗവത മാഹാത്മ്യം"


ഭഗവാന്റെ ദശാവതാരങ്ങളില് ഒന്നാണ്  നരസിംഹാവതാരം.  പകുതി മനുഷ്യനും പകുതി സിംഹവും ആയ അതി ഭീഭത്സമായ സ്വരൂപം.
കനല്ക്കട്ടപോലെ ചുവന്നു തിളങ്ങുന്ന കണ്ണുകള്, സിംഹത്തെപോലുള്ള സടകള്, കൂര്ത്തുമൂര്ത്ത ദംഷ്ട്രകള് , രക്തം ഒലിച്ചിറങ്ങുന്ന വായ്, രക്തം നക്കി നുണയുന്ന നീണ്ട നാക്ക്, വളഞ്ഞ പുരികം, രോമം നിറഞ്ഞ ശരീരം , കഴുത്തില് കുടല്മാല ആഭരണം.

Image result for നരസിംഹാവതാരം

സാക്ഷാല് മഹാവിഷ്ണു തന്നെയാണ് ഈ രൂപത്തില് അവതരിച്ചിരിക്കുന്നത്. 
വൈകുണ്ഡത്തിലെ ദ്വാരപാലകന്മാരായ ജയവിജയന്മാര് ശാപമേറ്റ് അസുരന്മാരായി കശ്യപന്റെയും ദിതിയുടെയും പുത്രന്മാരായി പിറന്നു. അതില് ഒരുവനായ ഹിരണ്യാക്ഷനെ ഭഗവാന് വരാഹരൂപം ധരിച്ച് കൊന്നു. അവന്റെ സഹോദരനായ ഹിരണ്യകശുപുവിനെ വധിക്കാന് വേണ്ടിയാണ് ഭഗവാന് നരസിംഹമായി അവതരിച്ചത്.


സഹോദരനെ കൊന്നതിന്റെ പകരം വീട്ടാനായി, ഹിരണ്യകശിപു ദേവന്മാരെയും മുനികളെയും പീഡിപ്പിച്ചു . കൂടുതല് ശക്തി ലഭിക്കുന്നതിനായി ഹിരണ്യകശിപു മന്ദര പര്വതത്തില് പോയി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന് നൂറു സംവത്സരം കഠിനതപസ്സനുഷ്ടിച്ചു.
തപസ്സിന്റെ കാഠിന്യം കൊണ്ട് ബ്രഹ്മാവ് പ്രത്യക്ഷപെട്ടു . "തനിക്ക് ബ്രഹ്മാവ് സൃഷ്ടിച്ച ജീവജാലങ്ങളില് നിന്നൊന്നും മരണം പാടില്ല; ആകാശത്തിലും ഭൂമിയിലും വച്ച് മരണം പാടില്ല; രാത്രിയും പകലും മരണം പാടില്ല; ഒരു തരത്തിലുള്ള ആയുധങ്ങള് കൊണ്ടും മരണം സംഭവിക്കാന് പാടില്ല; പോരില് തനിക്കു തുല്യരായി ലോകത്ത് ആരും ഉണ്ടാകരുത്" എന്നീ വരങ്ങളാണ് ആവശ്യപ്പെട്ടത് . ബ്രഹ്മാവ് ഈ വരങ്ങളെല്ലാം നല്കി അപ്രത്യക്ഷമായി.



വരബലത്താല് മത്തനായ അസുരന് മൂന്ന് ലോകങ്ങളെയും  കീഴടക്കി ഭരിക്കാന് തുടങ്ങി. "ആരും വിഷ്ണുവിനെ പൂജിക്കരുത് ; ഹിരണ്യായ നമ! എന്ന് ജപിക്കണം " എന്നായിരുന്നു ആജ്ഞ.
ചാരന്മാരെ വിട്ട് അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. നാരായണ നാമം ജപിക്കുന്നവരുടെ നാവു പിഴുതെടുക്കുകയും ചെയ്തിരുന്നു.
സജ്ജനങ്ങളും, ദേവന്മാരും, ഋഷിമാരും വിഷ്ണുവിനോട് പരാതി ബോധിപ്പിച്ചു. ഭഗവാന് അവരെ സമാധാനപ്പെടുത്തി പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പും കൊടുത്തു. ഹിരണ്യ കശിപിന്റെ നാല് പുത്രന്മാരില് മൂത്ത പുത്രനാണ് പ്രഹ്ലാദന്. അതായത് കശ്യപന്റെയും ദിതിയുടെയും പൌത്രന്.
ഈ കുട്ടി സത്യസന്ധനും, സദാചാരനിഷ്ടനും, ജിതേന്ദ്രിയനും, സര്വ്വഭൂത സുഹൃത്തും , വിഷ്ണു ഭക്തരില് അഗ്രഗണ്യനും ആയിരുന്നു. ജനിച്ചു വീണ നിമിഷം മുതല് കുട്ടിക്ക് നാരായണാ നാരായണാ എന്നാ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.


നേരത്തെ പറഞ്ഞപോലെ, ഹിരണ്യകശിപു തപസ്സിനു പോകുന്ന സമയത്ത് ഭാര്യ കയാധു പ്രഹ്ലാദനെ ഗര്ഭം ധരിച്ചിരിക്കുകയായിരുന്നു. ഈ തക്കം നോക്കി ഇന്ദ്രന് അസുരന്മാരെ തോല്പ്പിച്ച് കയാധുവിനെ പിടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇത് കണ്ട നാരദന് ഇന്ദ്രനോട് താന് ചെയ്യുന്നത് തെറ്റാണന്നും, കയാധുവിന്റെ ഗര്ഭത്തില് കിടക്കുന്ന കുഞ്ഞ് മഹാഭാഗവതനും ബാലവാനുമാണ് എന്ന് പറഞ്ഞു. ഇതുകേട്ട ഇന്ദ്രന് കയാധുവിനെ വിടുകമാത്രമല്ല പ്രദക്ഷിണം വച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു .



നാരദന് കയാധുവിനെ തന്റെ ആശ്രമത്തില് കൂട്ടിക്കൊണ്ടുപോകയും ഉള്ളില് കിടക്കുന്ന കുട്ടിയെ ഉദ്ദേശിച്ച് മുനി അമ്മക്ക് ധര്മ്മസ്വരൂപവും ആത്മജ്ഞാനവും ഉപദേശിച്ചു കൊടുത്തു. കുട്ടി ഇതെല്ലാം നല്ലവണ്ണം പഠിച്ചു. ഇങ്ങനെയാണ് പ്രഹ്ലാദന് ജന്മനാ ഭാഗവതോത്തമാനായത്.
ഹിരണ്യകശിപു തന്റെ മകനെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി 
അസുരഗുരുവായ ശുക്രമുനിയുടെ പുത്രന്മാരായ ശണ്ഡന്റെയും അമര്ക്കന്റെയും പക്കല് ഏല്പ്പിച്ചു. കുറച്ചു നാള് കഴിഞ്ഞ് മകനോട്, ഇതുവരെ പഠിച്ചതില് ശ്രേഷ്ഠമായിട്ടുള്ളത് എന്താണ് എന്ന് ചോദിച്ചു. അതിനു മറുപടിയായി പ്രഹ്ലാദന് "നല്ലത് നാനാജഗദ്ഗുരു മാധവന്, കല്യാണവാരിധി താന് പാദസേവയില് മീതെ നമുക്കേതുമില്ലെന്നതെന്നുടെ ചേതസി നന്നായുറച്ചിതു കേവലം" എന്ന് പറഞ്ഞു. അതായത് ഭഗവാന്റെ പാദസേവക്കു മീതെയായിട്ടൊന്നുമില്ല എന്ന് അര്ത്ഥം.



ക്രുദ്ധനായ ഹിരണ്യകശിപു മകനെ ശാസിക്കുകയും, വിഷ്ണുഭക്തി മാറ്റിയെടുക്കാന് ശുക്രപുത്രന്മാരോടു ആജ്ഞാപിക്കുകയും ചെയ്തു. ഇതിനിടയില് പ്രഹ്ലാദന് തന്റെ കൂട്ടുകാരേയും ഭഗവദ് ഭക്തരാക്കി മാറ്റി.
ഹിരണ്യകശിപു പ്രഹ്ലാദനെ കൂടുതല് പീഡിപ്പിക്കാന് തുടങ്ങി. രാക്ഷസന്മാരുടെ കൈയ്യില് വാളുകള് കൊടുത്ത് കുട്ടിയെ കൊല്ലാന് നോക്കി. എന്നാല് രാക്ഷസര്, ഭഗവാന്റെ മായയാല് തങ്ങളില് തങ്ങളില് വെട്ടി മരിച്ചു. ആനയെകൊണ്ടു കുത്തി കൊല്ലാനും ശ്രമിച്ചു.
പക്ഷെ ഭഗവാന്റെ മായയാല് ആനകളുടെ കൊമ്പോടിഞ്ഞു പോയി. അഷ്ടനാഗങ്ങളെ കൊണ്ട് കടിപ്പിക്കാനും നോക്കി. പക്ഷെ അവിടെയും പ്രഹ്ലാദന് വിഷബാധയേറ്റില്ല . കൈയും കാലും കെട്ടി അഗ്നിയിലിട്ടു. അവിടെയും കുട്ടി കൂടുതല് ശോഭയുള്ളതായി മാറി. ഒടുവില് കുട്ടിയെ നാഗപാശം കൊണ്ട് കെട്ടി സമുദ്രത്തിന്റെ ആഴങ്ങളില് താഴ്ത്തി, മുകളില് വലിയ പാറക്കല്ലുകള് കയറ്റിവച്ചു . നാരായണ ഭക്തനായ കുട്ടിയുടെ കെട്ടുകളൊക്കെ പൊട്ടി; പാറക്കല്ലുകള് ഉരുണ്ടുപോയി. സമുദ്രനാഥനായ വരുണന് കുട്ടിയെ എടുത്തു കരയില് കൊണ്ട് നിര്ത്തി.



ഭ്രുത്യന്മാരെക്കൊണ്ട് ആയിരം യോജന ഉയരമുള്ള മലമുകളില് കയറ്റി കൊണ്ടുപോയി കൈ കാലുകള് ബന്ധിച്ച് താഴേക്കെറിഞ്ഞു. ഭൂമിദേവി സ്ത്രീ രൂപം പൂണ്ടു കീഴ്പ്പോട്ടു വരുന്ന ബാലനെ തൃക്കൈയ്യിലെടുത്തു മടിയില്വച്ച് താലോലിച്ചു. പ്രഹ്ലാദന് ദേവിയെ സ്തുതിച്ചു.
ഇതെല്ലാം കണ്ട് മറ്റുള്ളവര് ഭഗവദ് ഭക്തരായിത്തീര്ന്നു. തന്റെ ഗുരുക്കളെയും പ്രഹ്ലാദന് ആത്മോപദേശം നല്കി ആനന്ദത്തിലാക്കി.
കലിപൂണ്ട ഹിരണ്യകശിപു പ്രഹ്ലാദനോട് ക്രോധത്തില് എവിടെയാണ് ഈശ്വരന് ഉള്ളത് എന്ന് ചോദിച്ചു. അതിനുത്തരമായിട്ട് ശാന്തസ്വരത്തില് " ഈ കാണുന്ന സകല ചരാചരങ്ങളിലും, തൂണിലും, തുരുമ്പിലും ഈശ്വരന് നിറഞ്ഞിരിക്കുന്നു" എന്ന് പറഞ്ഞു.



ഹിരണ്യകശിപു ഇതുകേട്ട് തന്റെ വാളൂരി മുന്നില്ക്കണ്ട തൂണില് ആഞ്ഞു വെട്ടി. അത്ഭുതം! തൂണ് പൊട്ടിപ്പിളര്ന്ന് ഭീകര രൂപത്തില് നരസിംഹം പുറത്തു ചാടി. ഉടനെ ആകാശത്തില് ദേവന്മാര്, യക്ഷന്മാര്, കിന്നരന്മാര്, ബ്രഹ്മാവ് തുടങ്ങിയവരെല്ലാം നിരന്നുനിന്നു.


നേരം സന്ധ്യയോടടുത്തിരിന്നു (രാത്രിയും പകലും അല്ല). നരസിംഹരൂപിയായ സാക്ഷാല് വിഷ്ണുഭഗവാന് (ബ്രഹ്മാവിന്റെ സൃഷ്ടിയില് പെട്ടതല്ല ) അസുരനെ പിടിച്ചു പടിയിലിരുന്ന്(അകത്തും പുറത്തുമല്ല), തന്റെ തുടയില് അസുരനെ കിടത്തി നഖം കൊണ്ട് (ആയുധം കൊണ്ടല്ല) ഉടല് കുത്തിക്കീറി ചോര കുടിച്ച് കുടല്മാലയെടുത്ത് കഴുത്തില് ധരിച്ചു.
അങ്ങനെ മൂന്ന് ലോകവും വിറപ്പിച്ച അസുരന്റെ കഥ കഴിഞ്ഞു.
ശിവനും ബ്രഹ്മാവും ദേവേന്ദ്രനും ഹരിയെ സ്തുതിച്ചു.
ആര്ക്കും നരസിംഹത്തിന്നടുത്തെക്ക് ചെല്ലാന് ധൈര്യമുണ്ടായില്ല . അത്രയ്ക്ക് ഭയമായിരുന്നു. ബ്രഹ്മാവിന്റെ നിര്ദ്ദേശപ്രകാരം പ്രഹ്ലാദന് ഭഗവാന്റെ സമീപത്തു ചെന്ന് സ്തുതിച്ചപ്പോള് ഭഗവാന് ശാന്തസ്വരൂപനായി .
പ്രഹ്ലാദനെ ആശ്ലേശിച്ചിട്ട് അപ്പോഴത്തെ മന്വന്തരക്കാലം അസുരാധിപനായി വാഴാനും അനുഗ്രഹം നല്കി.


അങ്ങനെ ബ്രഹ്മാവ് പ്രഹ്ലാദനെ അസുര ചക്രവര്ത്തിയായി അഭിഷേകം ചെയ്തു....

ധ്രുവചരിതം - പുരാണകഥകൾ,

ധ്രുവചരിതം - പുരാണകഥകൾ,


"ശ്രീമദ് ഭാഗവത മാഹാത്മ്യം"


സ്വായംഭുവ മനുവിന്റെ പുത്രനായിരുന്നു ഉത്താനപാദ മഹാരാജാവ് .
അദ്ദേഹത്തിന് സുനീതിയും സുരുചിയും എന്ന രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടു ഭാര്യമാരിലും ഓരോ പുത്രന് വീതം ജനിച്ചു. സുനീതിയുടെ മകന് ധൃവനും, സുരുചിയുടെ മകന് ഉത്തമവും ആയിരുന്നു.


സുരൂചി കൂടുതല് സൌന്ദര്യവതിയായതിനാല് രാജാവിന് സുരൂചിയോടും മകന് ഉത്തമനോടും കൂടുതല് സ്നേഹമുണ്ടായിരുന്നു.

പക്ഷെ ബുദ്ധി കൂടുതലുള്ളത് ധൃവനുമായിരുന്നു. ഒരുദിവസം രാജാവ് രത്നസിംഹാസനത്തില് ഇരിക്കുമ്പോള് ഉത്തമന് ഓടിവന്നു രാജാവിന്റെ മടിയില് കയറിയിരുന്നു. ധൃവനും അതുപോലെയിരിക്കാന് ഇഷ്ടപ്പെട്ടെങ്കിലും സുരൂചി അതിനു കൂട്ട് നില്ക്കാതെ ധ്രുവനെ പിടിച്ചു മാറ്റുകയും, "അങ്ങനെ വേണമെങ്കില് പോയി നാരായണനെ ഭജിച്ചു വിഷ്ണു പ്രസാദിച്ചാല് എന്റെ വയറ്റില് വന്നു പിറക്കാം, പിന്നെ ഇതുപോലെ സിംഹാസനത്തില് അച്ഛന്റെ മടിയില് കയറി ഇരിക്കാം" എന്ന് താക്കീതും കൊടുത്ത് പറഞ്ഞു വിട്ടു.


രാജാവാകട്ടെ തന്റെ പ്രിയതമക്ക് അഹിതമായി ഒന്നും മിണ്ടിയതുമില്ല. ധ്രുവന് കരഞ്ഞുംകൊണ്ട് പെറ്റമ്മയുടെ അടുത്തു ചെന്നു.
മകനെ വാരിപുണര്ന്ന മാതാവ് വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി മകനെ ആശ്വസിപ്പിച്ചു . അമ്മ മകന് ഭഗവദ് മാഹാത്മ്യങ്ങള് പറഞ്ഞു മനസ്സിലാക്കികൊടുത്തു.


ഭഗവാന്റെ മാഹാത്മ്യങ്ങള് പഠിച്ചു മനസ്സിലാക്കിയ ധ്രുവന്, അമ്മയെ കാല്ക്കല് വീണു നമസ്കരിച്ചിട്ട് ഭഗവാന്റെ അനുഗ്രഹം നേടാന് കാട്ടിലേക്ക് യാത്ര പുറപ്പെട്ടു. അമ്മ മകനെ ആശീര്വദിച്ചു . അതോടൊപ്പം നാരായണ ഭഗവാനെ കരഞ്ഞു പ്രാര്ത്ഥിച്ചു  .


അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ധ്രുവനെ തപസ്സിനു പോകാന് അമ്മ അനുഗ്രഹിച്ചു.


ഭഗവദ് ചിന്തയില് മുഴുകി പോകുന്ന ധ്രുവന് കാണുന്നതെല്ലാം
നാരായണനായിട്ടാണ് തോന്നിയത്. വഴിയില്വച്ച് നാരദന് കുട്ടിയെ കണ്ടു. ധ്രുവന് നാരദ മഹര്ഷിയെ കാല്ക്കല് വീണു ദണ്ഢനമസ്കാരമാണ് ചെയ്തത്. അഞ്ചു വയസ്സായ കുട്ടിക്ക് തപസ്സിനുള്ള ശക്തി ഉണ്ടോ എന്ന് പരീക്ഷിച്ച് സംതൃപ്തനായ നാരദ മഹര്ഷി ധ്രുവന് മന്ത്രോപദേശം നല്കി.
ദ്വാദശാക്ഷരി മന്ത്രമാണ് കുട്ടിക്ക് ഉപദേശിച്ചത് . "ഓം നമോ ഭഗവതേ വാസുദേവായ!" ഈ മന്ത്രം ചൊല്ലി തപസ്സന്ഷ്ടിക്കേണ്ടത് എങ്ങിനെയാണെന്നും വിവരിച്ചു കൊടുത്തു. "നിനക്ക് ഭഗവാന് താമസിയാതെ പ്രത്യക്ഷപ്പെട്ടു വേണ്ട വരങ്ങള് തരും" എന്ന് അനുഗ്രഹിച്ച ശേഷമാണ് നാരദന് മറഞ്ഞത്.


നാരദമുനിയുടെ ഉപദേശപ്രകാരം ധ്രുവന് യമുനാ നദിയുടെ തീരത്തുള്ള മധുവനമാണ് തപസ്സിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തത്. യമുനാനദിയില് കുളിച്ച് സൂര്യോദയം കണ്ട് ഗുരുവിനെയും ഇഷ്ടദേവതയെയും ധ്യാനിച്ച് തൊഴുതു തപസ്സാരംഭിച്ചു .
ധ്രുവന് മനസ്സില് ഉറപ്പിച്ച ഹരിരൂപം ഇങ്ങനെയായിരുന്നു:-
'സദാ പ്രസന്നമായ ശ്രീമുഖം. മാറില് ശ്രീവത്സവും, വനമാലയും. കാര്മേഘത്തിന്റെ നിറം. നാല് തൃക്കൈകളില് ശംഖു , ചക്രം, ഗദ, പത്മം എന്നിവ ധരിച്ചിരിക്കുന്നു. കിരീടം, കുണ്ഢലം തുടങ്ങി എല്ലാ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. കഴുത്തില് കൌസ്തുഭം'.
ആദ്യത്തെ ഒരു മാസക്കാലം മൂന്ന് ദിവസം കൂടുമ്പോള് ഒരു പ്രാവശ്യം മാത്രം ഫലങ്ങള് ഭക്ഷിച്ചു തപസ്സു ചെയ്തു. രണ്ടാമത്തെ മാസത്തില് ആറ് ദിവസം കൂടുമ്പോള് ഒരു നേരം പുല്ലും ഇലയും ഭക്ഷിച്ചു പോന്നു. മൂന്നാം മാസത്തില് ഒമ്പത് ദിവസം കൂടുമ്പോള് ഒരു ദിവസം ഒരു നേരം പാനീയം മാത്രം കഴിച്ചുപോന്നു. അഞ്ചാം മാസത്തില് വായുപോലും ഉപേക്ഷിച്ചു. അഞ്ചു വയസ്സുമാത്രം പ്രായമുള്ള ഈ കുട്ടിയുടെ തപസ്സിന്റെ കാഠിന്യത്താല് വായുവിനു ചലനമില്ലാതായി.സങ്കടമുണര്ത്തിക്കാന് ഏവരും ബ്രഹ്മാവിന്റെ അടുത്തു ചെന്നു. ബ്രഹ്മാവ് അവരെയും കൂട്ടി പരമശിവന്റെ അടുത്തു ചെന്നു. ശിവനും നിവൃത്തിയില്ലാത്തതുകൊണ്ട് എല്ലാപേരും നാരായണനെ ചെന്നുകണ്ട് സ്തുതിച്ച് വിവരം അറിയിച്ചു.


വിഷ്ണുഭഗവാന് അവരോട് ഇപ്രകാരം അരുളിച്ചെയ്തു: " 

ഉത്താനപാദരാജാവിന്റെ മകനായ ധ്രുവന്റെ തപിസ്സിന്റെ കാഠിന്യം കൊണ്ടാണ് ഇങ്ങനെ ഉണ്ടായത്. അവന്റെ തപസ്സു മതിയാക്കി ഞാന് അവനുവേണ്ട വരങ്ങള് നല്കാം. അങ്ങനെ നിങ്ങളുടെ സങ്കടവും തീരും". ഉടനെ വിഷ്ണുഭഗവാന് ഗരുഡന്റെ പുറത്തുകയറി ധ്രുവന്റെ മുന്നില് പ്രത്യക്ഷപ്പെട്ടു.


ധ്യാനനിരതനായിരുന്ന ധ്രുവന്റെ ഹൃദയത്തില് വിളങ്ങിനിന്നിരുന്ന ആനന്ദസ്വരൂപനായ ഭഗവാനെ കാണാനില്ലാതായി. പെട്ടെന്ന് കണ്ണുതുറന്നു നോക്കിയപ്പോള് സാക്ഷാല് വിഷ്ണുഭഗവാന് തന്റെ മുന്നില് കണ്ടപ്പോള് ധ്രുവന് ആ തൃപ്പാദങ്ങളില് കൂപ്പി വണങ്ങിയ ശേഷം ഭക്തിപൂര്വ്വം ഭഗവാനെ സ്തുതിച്ചു .


സംതൃപ്തനായ ഭഗവാന്, എല്ലാവരാലും പൂജിതനായി ഇരുപത്താറായിരം വര്ഷം ശതൃക്കളില്ലാതെ സിംഹാസനത്തിലിരുന്നു രാജ്യം ഭരിക്കാനുള്ള വരം നല്കി.


ഇതുകേട്ട് സന്തോഷഭരിതനായ ധ്രുവന് പറഞ്ഞു: "ഭക്തി പൂര്വ്വം ഭഗവദ്പാദസേവ ചെയ്തുകൊണ്ട് നല്ലവരില്വച്ചു നല്ലവനായി, സര്വ്വലോകങ്ങളും കണ്ടു കണ്ട് സര്വ്വത്തിനും മുകളിലായി സര്വ്വകാലവും സര്വ്വജ്ഞനായി വാഴുന്നതിന് അനുഗ്രഹിക്കേണമേ".


അങ്ങനെതന്നെയെന്നു വരംകൊടുത്ത് ഭഗവാന് മറഞ്ഞു.
നാരദമുനിയില് നിന്നും വിവരങ്ങള് അറിഞ്ഞ ഉത്താനപാദന്,
കാട്ടില്നിന്നും തിരിച്ചുവരുന്ന ധ്രുവനെ പരിവാരസമേതം തേരില്കയറ്റി രാജധാനിയിലേക്ക് കൊണ്ടുപോയി.


ധ്രുവനെ രാജാവായി അഭിഷേകം ചെയ്തു വാഴിച്ചശേഷം ഉത്താനപാദന് വാനപ്രസ്ഥം സ്വീകരിച്ചു.

ധ്രുവന് ധര്മ്മിഷ്ടനായി രാജ്യം ഭരിച്ചു. ശിംശുമാരപ്രജാപതിയുടെ മകളായ ഭൂമിയെ പാണിഗ്രഹണം ചെയ്തു. പിന്നെ വായുപുത്രിയായ ഇളയേയും വിവാഹം ചെയ്തു.


ഭൂമിയെന്ന പത്നിയില് രണ്ടു പുത്രന്മാരുണ്ടായി . കല്പനും, വത്സനും. ഇളയില് ഒരു പുത്രന്, ഉള്ക്കലൻ.


ഉത്തമന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒരു ദിവസം നായാട്ടിനുപോയ അവന് കാട്ടില്വച്ച് ഒരു യക്ഷനുമായി ഏറ്റുമുട്ടി മരിച്ചു.
പുത്രനെ കാണാതായപ്പോള് മാതാവ് സുരഭി മകനെ തേടി പോയി. അവര് കാട്ടുതീയില്പ്പെട്ടു മരണമടഞ്ഞു. ധ്രുവന് കാട്ടില്ചെന്നു യക്ഷന്മാരുമായി വളരെക്കാലം പൊരുതി.
ഒടുവില് വിഷ്ണുഭഗവാന് ഇരുകൂട്ടരെയും യുദ്ധത്തില് നിന്നും പിന്തിരിപ്പിച്ചു. "ഉത്തമനും സുരൂചിക്കും നേരിട്ട വിപത്ത് വിധിമതമാണ്. അത് ആര്ക്കും തടുക്കാവതല്ല" എന്ന് ഭഗവാന് അരുളിച്ചെയ്തു.
ഇതുകേട്ട ധ്രുവന് ഭഗവാനെ സ്തുതിച്ച് ഒരുവരം കൂടി ആവശ്യപ്പെട്ടു. "തന്റെ സമസ്താപരാധങ്ങളും പൊറുത്തുമാപ്പ് തരണം. ഭഗവാന് ഈ രൂപത്തില് തന്റെ ഹൃദയകമലത്തില് എപ്പോഴും ഉണ്ടായിരിക്കണം"


ഭഗവാന് ആ വരവും നല്കി.


ധ്രുവന് യജ്ഞങ്ങള് നടത്തി കീര്ത്തി വര്ദ്ധിപ്പിച്ചു. ഇരുപത്താറായിരം വര്ഷം രാജ്യം ഭരിച്ചശേഷം മകനായ ഉള്ക്കലനെ രാജാവായി വാഴിച്ചു. അതിനുശേഷം വാനപ്രസ്ഥത്തില് ഏര്പ്പെട്ട് ബദര്യാശ്രമത്തില് എത്തി. അവിടെവച്ച് വിഷ്ണുപാര്ഷദന്മാരായ സുനന്ദനും, നന്ദനും സുവര്ണരഥവുമായി വന്ന് ധ്രുവനെ സ്വര്ഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോയി. 
ഭഗവാന് അദ്ദേഹത്തിന് ആകാശത്തില് വടക്കുഭാഗത്തു എല്ലാറ്റിന്റെയും മുകളിലായി എല്ലാവര്ക്കും കാണത്തക്കവിധം സ്ഥാനം നല്കി. ധ്രുവന് ഇന്നും നക്ഷത്രമായി അവിടെ സ്ഥിതിചെയ്യുന്നു.



സപ്തര്ഷികള് എന്നൊരു നക്ഷത്രസമൂഹമുണ്ട്, 
അതിനടുത്താണ് ഈ ധ്രുവനക്ഷത്രം.......

പ്രുഥു ചരിതം - പുരാണകഥകൾ

പ്രുഥു ചരിതം - പുരാണകഥകൾ



"ശ്രീമദ് ഭാഗവത മാഹാത്മ്യം"


ധ്രുവന്റെ സന്തതിപരമ്പരയില് അംഗന് എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു.


അദ്ദേഹത്തിന്റെ മകന് വേനന് ജന്മനാ ഒരു ദുഷ്ടനായിരുന്നു. പൊറുതിമുട്ടി വിരക്തനായ അംഗന് നാടുവിട്ടുപോയി. അതോടെ രാജ്യത്ത് അരാജകത്വം കളിയാടി. എല്ലാവരും ചേര്ന്ന് വേനനെ രാജാവായി വാഴിച്ചു.
വേനന്റെ ദുര്ഭരണം നിമിത്തം രാജ്യത്തില് 
ധര്മ്മനിഷ്ടകളൊക്കെ നശിച്ചുപോയി. ഭക്ഷ്യവസ്ത്തുക്കള് പോലും ദുര്ലഭമായി. വീര്പ്പുമുട്ടിയ പ്രജകളും മുനിമാരും വേനനെ ഉപദേശിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഫലം വിഫലമായപ്പോള് മുനിമാര് ഹുംകാരത്താല് വേനനെ കൊന്നു.


ദുഖിതയായ അവന്റെ അമ്മ ശവശരീരം മന്ത്രൌഷധങ്ങള് കൊണ്ട് കാത്തുസൂക്ഷിച്ചു വച്ചു. നാട്ടില് വീണ്ടും അരാജകത്വമായി. പ്രജകള് വിഷമത്തിലായി.

മുനിമാര് ആ ശവശരീരമെടുത്തു കടയാന് തുടങ്ങി.,ആദ്യം തുടയാണ് കടഞ്ഞത്. അതില്നിന്ന് കറുത്ത് ഉയരം കുറഞ്ഞ ക്രൂരദൃഷ്ടിയായ ഒരു മനുഷ്യനുണ്ടായി. അവന് ചോദിച്ചു. "ഞാന് എന്താണ് ചെയ്യേണ്ടത്?" മുനിമാര് പറഞ്ഞു, 'നിഷാദ' എന്ന്. അങ്ങനെ അവന്റെ വംശം നിഷാദന്മാരായി (കാട്ടാളന്മാര്). അവര് കാടുകളിലും മലകളിലും പാര്ക്കുന്നു.


പിന്നെ മുനിമാര് അവന്റെ കൈകള് കടഞ്ഞു. അതില് നിന്നും ഒരു ആണ്കുട്ടിയും ഒരു പെണ്കുട്ടിയും ഉണ്ടായി. അവര് വിഷ്ണുഭഗവാന്റെയും ലക്ഷ്മീദേവിയുടെയും അംശങ്ങളായിരുന്നു . 


ആണ്കുട്ടിക്ക് പ്രുഥുവെന്നും, പെണ്കുട്ടിക്ക് അര്ച്ചിസ്സെന്നും പേരിട്ടു. അവര് വളര്ന്നുവന്ന്


ഭാര്യഭര്ത്താക്കാന്മാരായിത്തീര്ന്നു. എല്ലാവരും പ്രുഥുവിനെ രാജാവായി അഭിഷേകം ചെയ്തു. ബ്രഹ്മാവ്, വിഷ്ണു, ശിവന്, ഇന്ദ്രാദിദേവന്മാര് , മുനിമാര് എല്ലാം സന്നിഹിതരായിരുന്നു.


കുബേരന് സിംഹാസനം, വരുണന് കുട, വായു വെണ്ചാമരം , ഇന്ദ്രന് കിരീടം, യമന് ദണ്ഢം , ബ്രഹ്മാവ് ചട്ട, സരസ്വതി മുത്തുപ്പട്ടം , വിഷ്ണുഭഗവാന് സുദര്ശനചക്രം , അനന്തന് ഖഡഗം, ചന്ദ്രന് കുതിരകള് തുടങ്ങി സമ്മാനങ്ങളും നല്കി .


ദേവന്മാരും ഗന്ധര്വന്മാരും പ്രുഥുവിനെ സ്തുതിച്ചു പാടി, പുഷ്പവര്ഷം പൊഴിച്ചു..

പ്രുഥു രാജാവ് ഭൂമിയോട് അന്നത്തിനായി അപേക്ഷിച്ചു. ഭൂമി പശുരൂപം ധരിച്ച് രാജാവിനെ നമസ്കരിച്ചിട്ട് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങളെല്ലാം നല്കി രക്ഷിച്ചു.


രാജാവ് ഭൂമിയെ തന്റെ മകളായി അംഗീകരിച്ചു .സ്വന്തം വില്ലിന്റെ മുനകൊണ്ട്  മലകളും പര്വ്വതങ്ങളും തകര്ത്ത് ഭൂമിയെ കുറെയൊക്കെ നിരപ്പാക്കി അതില് പട്ടണങ്ങള് , നഗരങ്ങള് എന്നിവ നിര്മ്മിച്ചു . 
കോട്ടകള്, കൊട്ടാരങ്ങള്, ഇടയക്കുടിലുകള്, പട്ടാളപ്പാളയങ്ങള് എന്നിവയും നിര്മ്മിച്ചു. അങ്ങനെ ജനങ്ങള്ക്ക് താമസ സൌകര്യങ്ങള് ഉണ്ടാക്കി. ഭൂമി സസ്യസംപൂര്ണമായി പരിലസിച്ചു.


ധര്മ്മനിഷ്ടയോടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുമ്പോള് നൂറു അശ്വമേധയാഗം നടത്താന് തീരുമാനിച്ചു. ത്രിമൂര്ത്തികളെയും, ദേവന്മാരെയും, ഋഷിമാരെയും, ദിക്പാലകന്മാരെയും മറ്റും വിവരം അറിയിച്ചു. സരസ്വതി നദിയുടെ തീരത്ത് യജ്ഞശാല പണിത് യാഗം ആരംഭിച്ചു. തൊണ്ണൂറ്റിഒമ്പൊതു യാഗങ്ങളും വിധിയാംവണ്ണം കഴിഞ്ഞു.
നൂറാമത്തെ യാഗം നടക്കുമ്പോള്, ദേവേന്ദ്രന് തന്റെ ഇന്ദ്രപദം നഷ്ടപ്പെടുമോ എന്നൊരു ഭീതി തുടങ്ങി. അപ്പോള്, ദേവേന്ദ്രന് യജ്ഞക്കുതിരയെ കട്ടുകൊണ്ടുപോയി.

സംഗതി മനസ്സിലാക്കിയ അത്രിമഹര്ഷി പ്രുഥുപുത്രനെ വിളിച്ച് വിവരം പറഞ്ഞു. അതനുസരിച്ച് പ്രുഥുപുത്രന് ഇന്ദ്രനോട് പൊരുതി യജ്ഞകുതിരയെ വീണ്ടെടുത്തു.  അങ്ങനെ പലപ്രാവശ്യവും ഇന്ദ്രന് തടസ്സപ്പെടുത്തിയപ്പോള് രാജാവ് തന്നെ ഇന്ദ്രനോട് പൊരുതാന് തയ്യാറായി. അപ്പോള് ബ്രഹ്മാവ് പറഞ്ഞു "നിങ്ങള് രണ്ടുപേരും വിഷ്ണുവിന്റെ അംശങ്ങളാണ്. ഇന്ദ്രനെ കൊന്നാല് ഭഗവാന് പ്രസാദിക്കില്ല. തൊണ്ണൂറ്റൊമ്പത് യാഗങ്ങള് കൊണ്ടുതന്നെ നൂറു യാഗത്തിന്റെ ഫലം സിദ്ധിക്കും"

ബ്രഹ്മാവിന്റെ നിര്ദ്ദേശപ്രകാരം പ്രുഥു യാഗം നിര്ത്തി, ഇന്ദ്രനുമായി സഖ്യത്തിലേര്പ്പെട്ടു. അപ്പോള് വിഷ്ണുഭഗവാന് പ്രത്യക്ഷപ്പെടുകയും പ്രുഥുവിനു തത്വോപദേശം നല്കുകയും ചെയ്തു. രാജാവ് ഭഗവാനെ നമസ്കരിച്ചു സ്തുതിച്ചിട്ടു


"എനിക്ക് ഭഗവദ്ഭക്തി എന്നും ഉണ്ടായാല് മാത്രം മതി" എന്ന് അപേക്ഷിച്ചു. അങ്ങനെയാവട്ടെ എന്ന് പറഞ്ഞു ഭഗവാന് മറഞ്ഞു. എല്ലാവരും സന്തുഷ്ടരാകുകയും രാജാവിനെ ആശീര്വദിക്കുകയും ചെയ്തു.
പുത്രന്റെ നന്മ നിമിത്തം ദുഷ്ടനായ വേനനു സദ്ഗതി ലഭിച്ചു. പിന്നീടു രാജാവിന് സനകാദി മുനികള് ആത്മോപദേശം നല്കി. പ്രുഥുവിനു അര്ച്ചിസ്സില് അഞ്ചു പുത്രന്മാരുണ്ടായി. അവരില് ഒരുവനാണ് ഇന്ദ്രനില് നിന്നും യജ്ഞക്കുതിരയെ വീണ്ടെടുത്ത് പിതാവിന് നല്കിയത്. അവന്റെ പേര് വിജിതാശ്വന് എന്നാണ്. മറ്റു പുത്രന്മാര് ധ്രൂമകേശന് , ഹര്യക്ഷന്, ദ്രവിണന്, വ്രുകന് എന്നിവരാണ്. അവരെല്ലാം സല്പുത്രന്മാരായിരുന്നു.


വാര്ദ്ധ്യക്യത്തില് പ്രുഥു രാജ്യഭാരം പുത്രന്മാരെ ഏല്പ്പിച്ചിട്ട് പത്നീസമേതനായി വാനപ്രസ്ഥത്തിനു പോയി. കാട്ടില് ചെന്ന് തപസ്സനുഷ്ടിച്ച് രാജാവ് ശരീരം ത്യജിച്ച് സ്വര്ഗ്ഗാരോഹണം ചെയ്തു. അര്ച്ചിസ് ചിത കൂട്ടി ഭര്ത്താവിന്റെ ശരീരം ചിതയില് വച്ച് ഉദകക്രിയ ചെയ്തു.
പിന്നെ ദേവന്മാരെയും, ഗുരുക്കന്മാരേയും, വിഷ്ണുഭഗവാനെയും ധ്യാനിച്ച് ചിതക്ക് മൂന്നു വലം വച്ച് അതില് ചാടി ആ സതീരത്നം സതി ധര്മ്മം അനുഷ്ടിച്ചു .

അങ്ങനെ അവര് വിഷ്ണു പാദങ്ങളില് എത്തിച്ചേര്ന്നു. ദേവകള് ഇതുകണ്ട് പുഷ്പവൃഷ്ടി പൊഴിച്ചു........

അജാമിളമോക്ഷം - പുരാണകഥകൾ

അജാമിളമോക്ഷം - പുരാണകഥകൾ



"ശ്രീമദ് ഭാഗവത മാഹാത്മ്യം"


കന്യാകുബ്ജം എന്ന ദേശത്ത് അജാമിളന് എന്നു പേരായ ഒരു ബ്രാഹ്മണന് ഉണ്ടായിരുന്നു. അയാള് കുലാചാരമനുസരിച്ച് എല്ലാ കര്മ്മങ്ങളും പിഴകൂടാതെ ആചരിച്ചിരുന്നു.


ഒരു ദിവസം ഹോമത്തിനുള്ള വിറകും മറ്റും ശേഖരിക്കാന് കാട്ടില് പോയപ്പോള് അവിടെവച്ചു സുന്ദരിയായ ഒരു ശൂദ്രസ്ത്രീയെ കണ്ടുമുട്ടുകയും അവളില് അനുരക്തനാവുകയും ചെയ്തു.


നാടും വീടും വെടിഞ്ഞ് അയാള് അവളുടെകൂടെ താമസമാക്കി. അതോടെ കുലാചാരങ്ങളെല്ലാം മുടങ്ങി. എണ്പത്തെട്ടു വയസ്സായപ്പോള് രോഗബാധിധനായി കിടപ്പായി.. കാലദൂതന്മാര് കയറുമായി അയാളെ നരകത്തിലേക്ക് കൊണ്ടുപോകാന് തയ്യാറായി. പേടിച്ചുവിറച്ച ബ്രാഹ്മണന് തന്റെ മൂത്ത പുത്രനായ നാരായണനെ വിളിച്ചു സഹായമഭ്യര്ത്ഥിച്ചു അപ്പോള് സഹായത്തിനു പീതാംബരധാരികളും, ചതുര്ബാഹുക്കളില് ശംഖചക്രഗദാപത്മങ്ങള് ധരിച്ചവരുമായ പ്രകാശരൂപികളായ വിഷ്ണുപാര്ഷദന്മാര് അവിടെയെത്തി യമദൂതന്മാരെ തടഞ്ഞു. വിഷ്ണുപര്ഷദന്മാരെ തിരിച്ചറിഞ്ഞ യമദൂതന്മാര് നാരായണദൂതന്മാരെ വണങ്ങി യമപുരിയിലേക്ക് മടങ്ങി.


ഇതെല്ലാം അത്ഭുതത്തോടെ നോക്കികണ്ട അജാമിളനു ബോധോദയമുണ്ടായി, രോഗവും മാറി.അദ്ദേഹം തന്റെ തെറ്റ് മനസ്സിലാക്കി എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ച് ഗംഗാതീരത്ത് ചെന്ന് തപസ്സുചെയ്തു.
സര്വ്വാലങ്കാരഭൂഷിതയായ വിഷ്ണുഭഗവാനെ മനസ്സില് ഉറപ്പിച്ച് ധ്യാനം തുടര്ന്നു. ഒടുവില് വിഷ്ണുപാര്ഷദന്മാര് അയാളെ കനക വിമാനത്തില് കയറ്റി സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോയി. അങ്ങനെ അജാമിളന് വിഷ്ണുസയൂജ്യം നേടി.


യമപുരിയില് മടങ്ങിയെത്തിയ യമഭടന്മാരോട് യമരാജന് ഇപ്രകാരം പറഞ്ഞു: "എന്നും നാമം ചൊല്ലുന്നവര്, യോഗം ധരിച്ച് വൃതമാചരിച്ചു പൂജയും ധ്യാനവും ചെയ്യുന്നവര്,  തീര്ത്ഥങ്ങളില് സ്നാനം ചെയ്യുന്നവര്, ക്ഷേത്രദര്ശനം നടത്തി ഭൂപ്രദക്ഷിണം ചെയ്യുന്നവര്, ഉപവാസങ്ങളും വൃതങ്ങളും ആചരിക്കുന്നവര്, ക്ഷേത്രങ്ങളില് ഉത്സവം നടത്തുന്നവര്, പുണ്യസ്ഥലങ്ങളില് പുണ്യകര്മ്മങ്ങളനുഷ്ടിക്കുന്നവര് , വേദങ്ങള് മുതലായ വിദ്യകള് അഭ്യസിക്കുന്നവര്, കാരുണ്യശീലമുള്ളവര് ഇവരെല്ലാം ഈശ്വരന്റെ പ്രീയന്മാര് ആണ്".


ഭഗവദ്നാമ സങ്കീര്ത്തനം സര്വ്വ പാപഹരമാണ്. അങ്ങനെയുള്ളവരെ ഭക്തിയോടെ വണങ്ങണം. ഇതാണ് യമരാജന് യമഭടന്മാര്ക്ക് നിര്ദേശിച്ചത് .
അജാമിളനു മുജ്ജന്മ സുകൃതം കൊണ്ടാണ് മകന് ആ പേരിടാനും വിഷ്ണു നാമം ഉച്ചരിക്കാനും കഴിഞ്ഞത്. അങ്ങനെ സുകൃതം കൊണ്ട് അജാമിളനു മോക്ഷം കിട്ടി.


നാരായണ എന്നെടുത്ത നാമം
നാവിന്നും നന്ന് തനിക്കും നന്ന്
കേള്ക്കും ജനങ്ങള്ക്കൊട്ടേറ്റം നന്ന്.

വേതാളം - വിക്രമാദിത്യൻ

വേതാളം - വിക്രമാദിത്യൻ




സർവ്വജ്ഞാനിയാണ് .  വേദശാസ്ത്രപുരാണങ്ങളും ഉപനിഷത്തും ഇതിഹാസങ്ങളും വ്യാകരണവും ഛന്ദസ്സും ഗണിതവും ജ്യോതിശാസ്ത്രവും ആയുർവേദവും തുടങ്ങി എല്ലാം അറിയുന്ന രക്ഷസ്സ്...

പൂർവ്വജന്മത്തിൽ പഠനവും സന്ധ്യാവന്ദനവും ഭിക്ഷാടനവും കൊണ്ടു  ജീവിച്ച ഒരു സാധു ബ്രാഹ്മണൻ..

അറിയാതെ ബ്രഹ്മഹത്യ ചെയ്തു..
അതിൻറെ പാപഫലത്താൽ രക്ഷസ്സായി..
വേതാളമായി...
കോടാനുകോടി ദശാബ്ദകാലം വടവൃക്ഷത്തിൽ തലകീഴായി കിടക്കാനാണ് ശാപം കിട്ടിയത്...

ആര് വേതാളത്തെക്കാൾ ജ്ഞാനിയായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി  ആയിരം വട്ടം തോൽപ്പിക്കുന്നുവോ അന്ന് വേതാളത്തിനു മോക്ഷം.
അഥവാ അതിനു മുന്നെ ഉത്തരം ശരിയായി നൽകിയില്ലെങ്കിൽ അവരെ ഭക്ഷിച്ചു വടവൃക്ഷത്തിൽ കിടന്നടുക, നിദ്രപ്രാപിക്കുക...


വിക്രമാദിത്യൻ  വീണ്ടും വീണ്ടും വേതാളത്തെ തോൽപിച്ചു വടവൃക്ഷത്തിൻറെ ശാഖഭേദിച്ചു  വേതാളത്തെ കെട്ടിവരിഞ്ഞു ചുമലിൽ എടുത്തു ചുടുകാട്ടിലേക്കു നടന്നു..

ഒരിക്കൽ വേതാളം ചോദിച്ചു..

അല്ലയോ രാജൻ, ഈ ലോകത്ത് ഏറ്റവും മഹനീയമായ ബന്ധം ഏതാണ്, അതിൻറെ  മഹനീയതക്ക് കാരണം എന്താണ്..


ഇതിന്  അങ്ങ് ഉത്തരം നൽകിയില്ലെങ്കിൽ അങ്ങേയുടെ ശിരസ്സ് ആയിരം നുറുങ്ങുകളായി പൊട്ടി ചിതറും... രക്തത്തിൽ മുങ്ങിചിതറികിടക്കുന്ന ആ ശിരസ്സും ശരീരവും ഞാൻ എൻറെ പന്ത്രണ്ട് അടിയോളം വരുന്ന നാക്കും കൂർത്ത ദ്രമ്ഷ്ടങ്ങളും കൊണ്ട് നക്കിയും കൊറിച്ചും തിന്നു വിശപ്പടക്കി ഒരു ശതാബ്ദം നിദ്രയിൽ ലയിക്കും .
മുൻപ് ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കുംമേലെ കഠിനമായ ചോദ്യം
വിക്രമാദിത്യ മഹാരാജാവ് ചിന്തയിൽ അല്പം മുഴുകി...


ഒടുവിൽ ഒട്ടൊന്നു വിറയലോടെ പറഞ്ഞു

അല്ലയ്യോ വേതാള ജ്ഞാനി..
ഈ ലോകത്തു ഏറ്റവും മഹനീയം സൗഹൃദം എന്ന ബന്ധം ആണ്..
മറ്റേതു ബന്ധത്തിനും കടപ്പാടിൻറെ ബാധ്യതയുണ്ട് .
മാതാപിതാക്കളും കുട്ടികളും
സഹോദരങ്ങൾ തമ്മിലും
ഭാര്യയും ഭർത്താവും
ബന്ധുക്കൾ 
ഗുരുവും ശിഷ്യരും
അങ്ങനെ എല്ലാ ബന്ധങ്ങൾക്കും
കടപ്പാടുണ്ട്.
സൗഹൃദത്തിനാകട്ടെ ഒരു കടപ്പാടും ഇല്ല.
അതിനാൽ തന്നെ അതിനു മേലെ ശ്രേഷ്ഠമായി ഒരു വ്യക്തിബന്ധം ഇല്ല.

വേതാളം മന്ദഹസിച്ചു..

രാജൻ ഇത്തവണയും അങ്ങ് എന്നെ പരാജയപ്പെടുത്തി.
അതെ, സൗഹൃദത്തിലും മഹനീയമായ ഒരു ബന്ധം ഈ ലോകത്തില്ല...
കെട്ടുകൾ ഭേദിച്ചു വേതാളം വീണ്ടും വടവൃക്ഷത്തിലേക്കു പറന്നുയർന്നു...
.
.

തച്ചോളി ഒതേനൻ

തച്ചോളി ഒതേനൻ



തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്.


16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് ഉദയന കുറുപ്പ് എന്നായിരുന്നു.
കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു.


പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (പുതുപ്പണത്തു വാഴുന്നോർ) (ക്രി.വ. 1584)തച്ചോളി മാണിക്കോത്ത് വീട്ടിലെ ഉപ്പാട്ടിയമ്മയെ സംബന്ധം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മൂന്നുമക്കളിൽ രണ്ടാമനായിരുന്നു തച്ചോളി ഒതേനൻ.


കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു ഉപ്പാട്ടിയമ്മയുടെ മറ്റു രണ്ടു മക്കൾ. ദേശവാഴിയുടെ മകനായിട്ടും ദാരിദ്ര്യത്തിലായിരുന്നു ഒതേനന്റെ കുട്ടിക്കാലം.


ഉപ്പാട്ടിയമ്മയുടെയും മക്കളുടെയും സംരക്ഷണത്തിൽ വടകരവാഴുന്നോർ വലിയ ശ്രദ്ധയൊന്നും കാണിച്ചിരുന്നില്ല. തെങ്ങോല വിറ്റും തെങ്ങിൻ മടലു വിറ്റും മറ്റുമായിരുന്നു ഉപ്പാട്ടിയമ്മ മക്കളെ വളർത്തിയിരുന്നത് എന്ന് വടക്കൻ പാട്ടുകളിൽ കാണാം.


മാത്രമല്ല അവർ താമസിച്ചിരുന്ന തച്ചോളിമാണിക്കോത്ത് പറമ്പ് കുന്നോൻ കണ്ണക്കുറുപ്പ് എന്ന ജന്മി പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പറമ്പിൽനിന്നും യാതൊരു വിധ ആദായവും അവർക്ക് ലഭിച്ചിരുന്നില്ല.


ഒരിക്കൽ പറമ്പിൽ കൂട്ടിയിട്ട തേങ്ങകളിൽ നിന്ന് ഒരു തേങ്ങ അരയ്ക്കാനെടുത്തതിന് കണ്ണക്കുറുപ്പ് തെങ്ങിൻ കുലച്ചിൽ കൊണ്ട് ഉപ്പാട്ടിയമ്മയെ എറിഞ്ഞു. നിറഗർഭിണിയായ ഉപ്പാട്ടിയമ്മയുടെ വയറ്റിലാണ് ആ ഏറ് കൊണ്ടത്. അതുകൊണ്ടാണത്രെ ഒതേനന്റെ ഇടത്തുവാരിയിൽ ജന്മനാ ഒരു വടു ഉണ്ടായത്.


അദ്ദേഹം കേരളത്തിന്റെ പുരാതന ആയോധന കലയായകളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ അഭ്യസിച്ചു തുടങ്ങി.
ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു.



ഐതിഹ്യങ്ങൾ 

ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വാഴ്ത്തുന്നു.

കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവുപോലും ഒതേനനെ ബഹുമാനിച്ചിരുന്നു.

ഒതേനന്റെ സന്തതസഹചാരിയായിരുന്നു കണ്ടാച്ചേരി ചാപ്പൻ. മതിലൂർ ഗുരുക്കളായിരുന്നു ഒതേനന്റെ ഗുരു.

ഒതേനനെകുറിച്ച് നിരവധികഥകൾ ഉണ്ട്. ഒരിക്കൽ വഴിയൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ മഹാവീരനായ ചിണ്ടൻ നമ്പ്യാർ ഒതേനനുമായി അങ്കം കുറിച്ചു.

പയ്യം വെള്ളിചന്തു എന്ന സുഹൃത്തു പറഞ്ഞു കൊടുത്ത പൂഴിക്കടകൻ അടവുപയോഗിച്ച് പൊന്നിയം കളരിയിൽ വച്ച് ഒതേനൻ നമ്പ്യാരുടെ തലയരിഞ്ഞു.

പുന്നോറൻ കേളപ്പൻ, പുറമാല നമ്പിക്കുറുപ്പ് തുടങ്ങി നിരവധി പേരെ ഒതേനൻ വധിച്ചു.

ലോകനാർക്കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു.
അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, കളരിയിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ മടങ്ങിപ്പോവുകയും മായൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു .

കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കൽ എമ്മൻ പണിക്കരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്.