Friday, 9 February 2018

തച്ചോളി ഒതേനൻ

തച്ചോളി ഒതേനൻ



തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്.


16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് ഉദയന കുറുപ്പ് എന്നായിരുന്നു.
കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു.


പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (പുതുപ്പണത്തു വാഴുന്നോർ) (ക്രി.വ. 1584)തച്ചോളി മാണിക്കോത്ത് വീട്ടിലെ ഉപ്പാട്ടിയമ്മയെ സംബന്ധം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മൂന്നുമക്കളിൽ രണ്ടാമനായിരുന്നു തച്ചോളി ഒതേനൻ.


കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു ഉപ്പാട്ടിയമ്മയുടെ മറ്റു രണ്ടു മക്കൾ. ദേശവാഴിയുടെ മകനായിട്ടും ദാരിദ്ര്യത്തിലായിരുന്നു ഒതേനന്റെ കുട്ടിക്കാലം.


ഉപ്പാട്ടിയമ്മയുടെയും മക്കളുടെയും സംരക്ഷണത്തിൽ വടകരവാഴുന്നോർ വലിയ ശ്രദ്ധയൊന്നും കാണിച്ചിരുന്നില്ല. തെങ്ങോല വിറ്റും തെങ്ങിൻ മടലു വിറ്റും മറ്റുമായിരുന്നു ഉപ്പാട്ടിയമ്മ മക്കളെ വളർത്തിയിരുന്നത് എന്ന് വടക്കൻ പാട്ടുകളിൽ കാണാം.


മാത്രമല്ല അവർ താമസിച്ചിരുന്ന തച്ചോളിമാണിക്കോത്ത് പറമ്പ് കുന്നോൻ കണ്ണക്കുറുപ്പ് എന്ന ജന്മി പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പറമ്പിൽനിന്നും യാതൊരു വിധ ആദായവും അവർക്ക് ലഭിച്ചിരുന്നില്ല.


ഒരിക്കൽ പറമ്പിൽ കൂട്ടിയിട്ട തേങ്ങകളിൽ നിന്ന് ഒരു തേങ്ങ അരയ്ക്കാനെടുത്തതിന് കണ്ണക്കുറുപ്പ് തെങ്ങിൻ കുലച്ചിൽ കൊണ്ട് ഉപ്പാട്ടിയമ്മയെ എറിഞ്ഞു. നിറഗർഭിണിയായ ഉപ്പാട്ടിയമ്മയുടെ വയറ്റിലാണ് ആ ഏറ് കൊണ്ടത്. അതുകൊണ്ടാണത്രെ ഒതേനന്റെ ഇടത്തുവാരിയിൽ ജന്മനാ ഒരു വടു ഉണ്ടായത്.


അദ്ദേഹം കേരളത്തിന്റെ പുരാതന ആയോധന കലയായകളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ അഭ്യസിച്ചു തുടങ്ങി.
ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു.



ഐതിഹ്യങ്ങൾ 

ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വാഴ്ത്തുന്നു.

കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവുപോലും ഒതേനനെ ബഹുമാനിച്ചിരുന്നു.

ഒതേനന്റെ സന്തതസഹചാരിയായിരുന്നു കണ്ടാച്ചേരി ചാപ്പൻ. മതിലൂർ ഗുരുക്കളായിരുന്നു ഒതേനന്റെ ഗുരു.

ഒതേനനെകുറിച്ച് നിരവധികഥകൾ ഉണ്ട്. ഒരിക്കൽ വഴിയൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ മഹാവീരനായ ചിണ്ടൻ നമ്പ്യാർ ഒതേനനുമായി അങ്കം കുറിച്ചു.

പയ്യം വെള്ളിചന്തു എന്ന സുഹൃത്തു പറഞ്ഞു കൊടുത്ത പൂഴിക്കടകൻ അടവുപയോഗിച്ച് പൊന്നിയം കളരിയിൽ വച്ച് ഒതേനൻ നമ്പ്യാരുടെ തലയരിഞ്ഞു.

പുന്നോറൻ കേളപ്പൻ, പുറമാല നമ്പിക്കുറുപ്പ് തുടങ്ങി നിരവധി പേരെ ഒതേനൻ വധിച്ചു.

ലോകനാർക്കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു.
അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, കളരിയിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ മടങ്ങിപ്പോവുകയും മായൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു .

കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കൽ എമ്മൻ പണിക്കരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്.


Monday, 4 December 2017

അർജ്ജുനൻ

🕉🕉🕉🕉🕉🕉🕉

അർജ്ജുനൻ

യുദ്ധം അതിന്റെ വിനാശകരമായ വിസ്ഫോടനത്തിലേക്കു  ആർഷഭൂമിയുടെ പ്രിയ പുത്രരെ  കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനു മുമ്പ് , താനീ കൊടും  കൊലകൾക്കു കൂട്ടുനിൽക്കാമോ എന്ന്,  നീറിപ്പടരുന്ന ഉൾതേങ്ങലോടെ വെമ്പിപ്പതറിയ ദേവപുത്രനാണ് അർജ്ജുനൻ.

മനുഷ്യത്വത്തിന്റെ പൂർണ്ണതയാണ് ദേവത്വം. ദ്വാപര യുഗത്തിന്റെ സംക്രമ സന്ധിയിൽ, ധർമ്മ സംരക്ഷണ യജ്ഞത്തിന്റെ ഹിംസാത്മകമായ പ്രതിസന്ധിയിൽ, യുദ്ധത്തിനെതിരെ അതിലെ ബലിമൃഗങ്ങൾക്കുവേണ്ടി ആദ്യം ചിന്തിയ കണ്ണീർക്കണം അർജ്ജുനന്റേ തായിരുന്നു.

ഭാരതത്തിലെ ലോക ദർശനങ്ങളെ വെല്ലാൻ പോന്ന ഔന്നിത്യമുള്ള ഗീതാ ദർശനം പോലും ആ കണ്ണീർക്കണത്തിനു മുന്നിൽ ഒന്നു പകച്ചിരിക്കണം.

യജമാനന്റെ നിയോഗം മൃത്യുശാസനമായി ഏറ്റുവാങ്ങി, ഉപജീവനത്തിന്റെ ബലിവേദിയിൽ  യുദ്ധം കർമ്മയജ്ഞമാക്കി യനുഷ്ഠിക്കുന്ന മനുഷ്യാക്ഷൗഹിണിയുടെ  കൂട്ടക്കൊലയിൽനിന്ന്, പരസ്നേഹത്തിന്റെ നിറഞ്ഞ വിഷാദത്താൽ  പിൻതിരഞ്ഞത് ഭീഷ്മരോ ദ്രോണരോ ധർമ്മപുത്രരോ കർണ്ണനോ ആയിരുന്നില്ല. നര നാരായണന്മാരിൽ അർജ്ജുനനായിരുന്നു. ആ പിന്തിരിയലിലെ ശരിയും തെറ്റും തത്വ ചിന്തയുടെ ധർമ്മാധർമ്മ  നിർണ്ണയത്തിൽ  തുലാസിന്റെ ഏതു തട്ടിലേക്ക് കനം തൂങ്ങുമെന്നത് മറ്റൊരു പ്രശ്നമാണ്.

സംഭവിക്കാൻ പോകുന്ന മനുഷ്യ ഹത്യയുടെ ഭീതികരമായ ദുഖരംഗം ഭാവനയിൽക്കണ്ട് രാജ്യഭോഗങ്ങൾ  വലിച്ചെറിഞ്ഞു, മഹാസംഹാര മൊഴിവാക്കുന്നതിന്, പിച്ചതെണ്ടാൻപോലും സന്നദ്ധത പ്രകടിപ്പിച്ച അർജ്ജുനന്റെ രാഷ്ട്രീയ സദാചാരവും രണവിപ്രതിപത്തിയും ആധുനിക ജനാധിപത്യ വാദികൾ തങ്ങളുടെ ഭോഗപരായണമായ ജീവിതത്തിൽ, രോഗം പിടിപെട്ടു കിടക്കുമ്പോഴെങ്കിലും സ്മരിക്കേണ്ടതാണ്.

'' സമ: സർവ്വേഷു ഭൂതേഷു '' എന്നതാണ് ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണം. അതിൽ നിന്നാണ് അഹിംസയുടെ ഉത്പത്തി. ഹൃദയത്തിൽ അഹിംസ കുടിയിരിക്കുന്നതിന്റെ  ബാഹ്യ ലക്ഷണമാണ് ജീവകാരുണ്യം. അർജുനന്റെ താത്കാലികമായ യുദ്ധപരാങ്‌മുഖത്വം, ക്ഷത്രിയ ധർമ്മത്തിന് വിരുദ്ധമാണെന്നതിൽ  തർക്കമില്ല, എങ്കിലും ആസന്ന മരണന്മാർക്കു വേണ്ടി  തന്റെ ഹൃദയത്തിൽ ജീവകാരുണ്യത്തിന്റെ  ഒരു കണ്ണീർത്തുള്ളി  പൊടിഞ്ഞു. മമത ബന്ധം കൊണ്ടാണെന്നു വന്നാൽപോലും, അദ്ദേഹത്തിൻറെ  വ്യക്തിത്വത്തിന്  അത് അനുപമമായ മറ്റൊരു ധർമ്മ സൗന്ദര്യത്തിന്റെ  പ്രഭാ പരിവേഷം നൽകുന്നു.

അതുല്യമായ മനുഷ്യ ജീവൻ, എത്ര കിണഞ്ഞും, പരിരക്ഷിക്കപ്പെടേണ്ട താണെന്ന അർജ്ജുനന്റെ താൽക്കാലികമായ  ഈ ബോധോദയമാണ് ജന പരിരക്ഷണത്തിന്റെ  വൈദികകാല മൂർത്തിയായ, ഇന്ദ്രന്റെ  പുത്രനാണ്  അഥവാ  ലോക ഹിതത്തിനായി തപസ്സനുഷ്ഠിക്കുന്ന  ദേവന്മാരെക്കാൾ മേലെയായ നര നാരായണ ഋഷിമാരിൽ നരനാണ് , അദ്ദേഹമെന്ന വ്യാസ കല്പ്പനയുടെ  തത്വ ചിന്താപരമായ പൊരുൾ. 

ഏകലവ്യന്റെ ജീവചരിത്രം ഇതാണ്.

ഏകലവ്യന്റെ യഥാർത്ഥ നാമം ശത്രുഘ്നൻ എന്നാണ്. നിഷാദനായ ഹിരണ്യ ദാനുസ്സിന്റെ പുത്രനല്ല ഏകലവ്യൻ. ശ്രീകൃഷ്ണന്റെ അച്ഛൻ വസുദേവരുടെ അനിയൻ ദേവശ്രവസ്സിന്റെ പുത്രനാണ് ഏകലവ്യൻ. രക്ഷിതാക്കൾ ഈ മകനെ കാട്ടിൽ ഉപേക്ഷിച്ചു. അത്രയ്ക്ക് ദുഷ് പ്രവർത്തികൾ ചെയ്ത പുത്രനായിരുന്നു ഏകലവ്യൻ - ( ഹരിവംശ പർവ്വം 20.122 ഇൽ ഇങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങൾ പറയുന്നുണ്ട്.) നിഷാദൻ എന്നാൽ ഇവനിൽ പാപം സ്ഥിതിചെയ്യുന്നതിനാൽ നിഷാദൻ ( കൊല്ലുക പ്രഹരിക്കുക . പൊതുവെ പാപ വൃത്തികളിൽ തത്പരരായവർ. വേനൻ എന്ന രാജാവിൽ നിന്നും ഉണ്ടായതാണ് ഇവർ - വനപർവ്വം 130.) നിഷാദർ വസിച്ചിരുന്നത് സരസ്വതീ നദിയുടെ തീരത്താണ്. ഇവരുടെ ദുഷ് പ്രവർത്തികൾ മൂലം നദി ഹൃദത്തിൽ ഒളിച്ചു. ഒരു തീവ്രവാദി അല്ലെങ്കിൽ ഒരു ആതതായി ഇന്ന് തനിക്കു ശിക്ഷണം തന്നത് അല്ലെങ്കിൽ തന്റെ ഗുരു ഭാരത സൈന്യാധിപനാണെന്ന് പറഞ്ഞാൽ എന്തായിരിക്കും പുകിൽ. ദ്രോണർക്കു വേണമെങ്കിൽ ഏകലവ്യന്റെ ശിരസ്സ് അന്നത്തെ നിയമം അനുസരിച്ച് ഛെദിക്കാമായിരുന്നു. ഏകലവ്യൻ ഉപേക്ഷിക്കപ്പെട്ട യാദവനാണ്. യാദവർ ഭ്രാഷ്ടരായ ക്ഷത്രിയരും. കൊച്ചുപിച്ചാത്തിയുമായി നടന്നു ഭീഷണിപ്പെടുത്തി സമൃദ്ധമായ ഭൌതിക ജീവിതം നയിക്കാവുന്ന ഈ ലോകത്ത് ധനുർവേദത്തിന്റെ ഈ അവതാരപുരുഷൻ, കൊടും പട്ടിണിയുടെ ക്രൂരമായ വറുതിയിൽ പൊരിഞ്ഞീട്ടുപൊലും, തന്റെ ആയോധനകലയെ സമ്പന്നർക്കെതിരെ ഉപയോഗിച്ചില്ല. താൻ വിലക്കിയിരിക്കെ ദ്രോണരാണ് തന്റെ ഗുരു എന്ന് പ്രചരിപ്പിച്ചത് തെറ്റാണ് ശിക്ഷാർഹാവുമാണ്. മാത്രമല്ല അങ്ങനെ പ്രച്ചരിപ്പിച്ചതിന്റെ ലക്ഷ്യം എന്താണ്?. മറിച്ചൊന്നു ആലോചിക്കുക . ഏകലവ്യൻ ഗുരുദക്ഷിണ നല്കാൻ വിസമ്മതിചുവെന്നിരിക്കട്ടെ അത് ഏകലവ്യന്റെ ജീവഹാനിയിലായിരിക്കും കലാശിക്കുക. വിരൽ കൊടുത്ത് ജീവൻ നിലനിർത്തുകയായിരൂനു ഏകലവ്യൻ. ഏകലവ്യൻ എപ്പോഴാണ് ദ്രോണ ശിഷ്യൻ ആയത്? ആരാണ് അതിനു അദ്ദേഹത്തിനു അനുവാദം കൊടുത്തത്? ഏകലവ്യൻ ഇങ്ങനെ പ്രച്ചരിപ്പിച്ചതിന്റെ ലക്ഷ്യമെന്ത്?. ഈ ചോദ്യങ്ങള സുഘടിതമായി ചേർന്ന് രൂപപ്പെട്ടുവരുന്നത് ഏകലവ്യനെ ബന്ധിച്ചു നിർത്താനുള്ള പ്രതിക്കൂടാണ്. ഇത്രയും പറഞ്ഞത് അർജ്ജുനനു വേണ്ടിയല്ല ദ്രോണർ ഏകലവ്യനെ ശിക്ഷിച്ചത് എന്ന് പറയാനാണ്.

അർജ്ജുനൻ പഠിപ്പിലും അഭ്യസനത്തിലും വായുവേഗമുള്ളവനാണ്. ധനുർവേദത്തെക്കുറിച്ച് അനന്തമായ ജിജ്ഞാസ ഉണ്ടായിരുന്നു അർജ്ജുനന്. അത്ര ജിജ്ഞാസ ആരിലും കണ്ടില്ല. പഠനത്തിലും ബാഹുബലത്തിലും പ്രയോഗചാതുര്യത്തിലും സ്വന്തമായ ശൈലിയിലും അർജ്ജുനൻ മറ്റാരേക്കാളും മികച്ചുനിന്നു. അയാള് ദ്രോണർക്കു സമാനായി ഉയര്ന്നു. രാത്രിയിലും അദ്ദേഹം പരിശീലിച്ചിരുന്നു. ----ആദിപർവ്വം 131.13.14.15.27

ജിവിത സുഖങ്ങളെല്ലാം പഠനത്തിനും പരിശീലനത്തിനും വേണ്ടി അർജ്ജുനൻ ത്യജിച്ചു. രാത്രിയ്ൽ എല്ലാവരും സുഖനിദ്ര കൊള്ളുമ്പോൾ അർജ്ജുനനൊരാൾ മാത്രം ഉറക്കമൊഴിച്ച്, പഠിച്ചത് പ്രയോഗിച്ച് ശീലിക്കുന്നു. ജീവിത സുഖങ്ങൾ ധനുർവേദത്തിനു കാഴ്ചവച്ച് ധനുർവേദത്തെ തന്റെ ആജ്ഞാനുവർത്തിയാക്കി മാറ്റുന്നു. അർജ്ജുനനോട് മത്സരബുദ്ധി വച്ചുപുലർത്തുന്ന കർണ്ണൻപോലും ഇത്തരം നിരന്തരാഭ്യാസത്തിനു മുതിരുന്നില്ല.

ശിഷ്യന് പഠനം ആവേശമായി മാറിയപ്പോൾ ആചാര്യന് അദ്ദേഹത്തോട് വാത്സല്യം തോന്നിയതിൽ അപാകമൊന്നുമില്ല. താൻ ഏര്പ്പെട്ടിരിക്കുന്ന കൃത്യത്തിൽ ആര് സത്യസന്ധതയും ആത്മാർത്ഥതയും കാണിച്ചാലും അവരോടു അത് തിരിച്ചരിയുന്നവർക്കെല്ലാം ആദരമോ ബഹുമാനമോ തോന്നാം., തോന്നേണ്ടതുമാണ് . ദ്രോണ ശിഷ്യന്മാരിൽ അർജ്ജുനൻ മാത്രമാണ് പഠനം സാക്ഷാത്ക്കരിക്കാൻ തന്റെ ജീവിത ഉഴിഞ്ഞുവച്ചത്. അർജ്ജുനന് അത് തപസ്സും യജ്ഞവുമായിരുന്നു. മറ്റു ശിഷ്യന്മാർക്ക് അവരുടെ ദിനചര്യയുടെ ഒരു ഭാഗം മാത്രമാണ് പഠനം. അർജ്ജുനന്റെ ദിനചര്യ തന്നെ പഠനവുമായി താദാത്മ്യം പ്രാപിക്കലാണ്. ഈ സാഹചര്യത്തിൽ അർജ്ജുനനോട് സവിശേഷമായ താത്പര്യവും സ്നേഹവും മമതയും വാത്സല്യവും ദ്രോണർക്ക് തോന്നിയില്ലെങ്കിൽ അതദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള കുറ്റമാകും. ദ്രോണർക്കു അർജ്ജുനനോട് സാമാന്യാധികമായ വാത്സല്യം തോന്നിയെന്നല്ല ഇവിടെ പറയേണ്ടത് ; ശിഷ്യൻ ആചാര്യനിൽനിന്നും വാത്സല്യം പിടിച്ചുപറ്റിയെന്നാണ് . ദ്രോണരുടെ ശിഷ്യവാത്സല്യം അദ്ദേഹം ശിഷ്യന് കനിഞ്ഞുനല്കിയ സൌജന്യമല്ല; അർജ്ജുനൻ സ്വന്തം പ്രയത്നംകൊണ്ട് നേടിയെടുത്ത സമർഹമായ അവകാശമാണ്.

പാഞ്ചാലനെ പരാജയപ്പെടുത്തി ഒരു വർഷം കഴിഞ്ഞപ്പോൾ പ്രയോഗസംഹാരങ്ങളോടുകൂടി ബ്രഹ്മശിരോസ്ത്രം അർജ്ജുനന് ഉപദേശിച്ചപ്പോൾ ദ്രോണർ ആചാര്യ ദക്ഷിണയായി ആവശ്യപെട്ടത്

- '' നിന്നോട് ഞാൻ പൊരുതിയാൽ നീ എന്നോടും പൊരുതണം''

--------------- ആദിപർവ്വം 138.14

സ്ഥാവരജംഗമങ്ങളല്ല , സ്വർണ്ണ നാണയങ്ങളല്ല, ദ്രോണർ ദക്ഷിണയായി ആവശ്യപെട്ടത്‌. ലോക സാഹിത്യമാകെ പരതിയാലും ഇങ്ങനെ ഒരാവശ്യം ഒരു ഗുരുവും ഒരു ശിഷ്യനോട് ഉന്നയിചീട്ടുണ്ടാകില്ല. വരാൻ പോകുന്ന കുരുക്ഷേത്ര യുദ്ധത്തിന്റെ സംഹാര ഭീകരത ഒരു ഗുരുദക്ഷിണയുടെ നിതാന്ത സൌമ്യതയിൽ ഇത്ര ലളിതമായി നിക്ഷേപിക്കാൻ പ്രപഞ്ച ഗുരുവായ വ്യാസനല്ലാതെ മറ്റാർക്കും സാധ്യമല്ല.

ദ്രോണരുടേയും അര്ജ്ജുനന്റെയും ഗുരുഷിശ്യബന്ധം ധാര്മ്മികതയുടെ അതിർത്തികൾ അതിന്റെ ഒരു തലത്തിലും ലംഘിക്കുന്നില്ല.

അശ്വമേധത്തിൽ ജയിച്ചതും, നിവാത കവച കാലകേയരെ കൊന്നതും, ശിവനെ പ്രീതിപ്പെടുത്തിയതും, ഗന്ധർവന്മാരെ ജയിച്ചതും എല്ലാം അർജ്ജുനൻ ഒറ്റക്കാണ്. ഒരു യുദ്ധത്തിലും അർജ്ജുനൻ പരാജയപെട്ടീട്ടില്ല. അസത്യം പറഞീട്ടുമില്ല. മഹാഭാരത യുദ്ധത്തിലെ ഓരോ ദിവസവും തന്റെ വ്യൂഹം ഏതായിരിക്കണം എങ്ങനെയായിരിക്കണം എന്ന് തീരുമാനിച്ചിരുന്നത് അർജ്ജുനനാണ്. മഹാഭാരത യുദ്ധത്തിന്റെ സൈന്യാധിപൻ ധൃഷ്ടദ്യുമ്നൻ ആയിരുന്നെങ്കിലും സർവ്വസൈന്യാധിപൻ അർജ്ജുനനായിരുന്നു. ജയദ്രഥ വാദപർവ്വം അർജ്ജുനന്റെ അനിതരസാധാരണമായ യുദ്ധ പാടവം നമുക്ക് കാണിച്ചിരുന്നു.

🙏🙏🙏🙏🙏🙏🙏

ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്?

🕉🕉🕉🕉🕉🕉

ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്?

ഹിന്ദുമതഗ്രന്ഥമായ ഭഗവദ്ഗീത ഹിന്ദുക്കളില്‍ പോലും പലരും വായിക്കാന്‍ മെനക്കെട്ടുകാണില്ല. അതുകൊണ്ട് ഭഗവദ്ഗീതയിലെ ദൈവത്തെ അറിയാനും സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അറിയാത്തവര്‍ക്ക് അറിയാന്‍ ഇതാ ഒരവസരം.

മതങ്ങളുടെ മാര്‍ക്കെറ്റിങ്ങ് നടക്കുന്ന ഈ കോംപിറ്റിറ്റീവ് ലോകത്ത്, സ്വന്തം ഗ്രന്ഥം വിവരിക്കുന്ന ദൈവത്തെപ്പോലും അറിയാത്ത ഹിന്ദുക്കളുടെ അവസ്ഥയെ മാനിച്ച്, സെമറ്റിക് ദൈവത്തെ മാത്രം പരിചയമുള്ള അവര്‍ക്ക് വേണ്ടി അതിന്‍റേതായ രീതിയില്‍ ഭഗവദ്ഗീതയിലെ ദൈവത്തെ ഒന്ന് പരിശോധിക്കാം.

ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ദൈവം നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.

"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).

അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ" എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഗീതാദൈവത്തിന്‍റെ മതം.

തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത്. ഞാനാണ് ഏക രക്ഷകന്‍" എന്നൊന്നും പറയേണ്ട ഗതികേട് ഗീതാദൈവത്തിനില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം പറയുന്നത് എന്താണെന്ന് കേള്‍ക്കണ്ടേ?

“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”

ഇതില്‍ നിന്നും ഭഗവദ്ഗീതയിലെ ദൈവം സെമറ്റിക് ചിന്താഗതിക്കാരനല്ല, മറിച്ച് ഒരു മതേതരനാണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഗീതയിലെ ദൈവം പറയുന്നു. ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.

ഏകദൈവമേ ഉള്ളുവെങ്കില്‍ ഇടയ്ക്കിടയക്ക് മറ്റുദൈവങ്ങളില്‍ വിശ്വസിക്കരുതെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ പറയുന്ന ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ മുമ്പേ ഏതോ ദൈവത്തെ കണ്ടിട്ടുണ്ടെന്നും അങ്ങനെയാണ് അവര്‍ ദൈവമായതെന്നും ഉറപ്പിക്കാം. ശരിയല്ലേ ?

തന്നെ ആരാധിക്കാത്തവരെല്ലാം കാഫിറുകളാണെന്നോ, അവരുടെ ആരധനാ മൂര്‍ത്തികളും, ആരാധനാലയങ്ങളും ഷിര്‍ക്കുകളാണെന്നോ, അവരെയൊക്കെ എന്തു വിലകൊടുത്തും നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ത്തണമെന്നോ, അതിനു തയ്യാറാകാത്ത കാഫിറുകളേയും, ഷിര്‍ക്കുകളേയും നശിപ്പിക്കാനൊരു ജിഹാദ് നടത്തണമെന്നോ ഭഗവദ് ഗീതയിലെ ദൈവം പറയുന്നുണ്ടോ?

വരൂ... ഗീതയിലെ ദൈവത്തിന് കാഫിറുകളായ ശത്രുക്കളുണ്ടോ? ജിഹാദിന്‍റെ ആവശ്യമുണ്ടോ? എന്നൊക്കെ ഒന്ന് പരിശോധിക്കാം.

ഉണ്ട്. ഭഗവദ്ഗീതയിലെ ദൈവവും പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു? ആരാണാ കാഫിർ?

ഗീതാദൈവം പറയുന്ന ശത്രു ഇതാണ്

"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)

ഇവിടേയും ഒരു ജിഹാദിന്‍റെ ആവശ്യമുണ്ടെന്ന് ഗീതാദൈവം പറയുന്നു. എങ്ങനെയായിരിക്കണം ആ ജിഹാദ് അല്ലെങ്കില്‍ യുദ്ധം?

"ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)

വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഗീതാദൈവം ഉപദേശിക്കുന്ന ജിഹാദ് എന്നിരിക്കെ, ഈ ജിഹാദ് ചെയ്യുന്നവന് ഹൂറികളെ സമ്മാനമായിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം ഈ ജിഹാദിനിറങ്ങുന്നവര്‍ക്ക് നല്കുന്ന സമ്മാനമെന്താണ്?

"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചു കൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).

ഇതിലും വലിയ സമ്മാനം വേറെന്തു വേണം?

ഇനി അടുത്ത ചോദ്യം. ഭഗവദ്ഗീതയിലെ ദൈവം അദൃശ്യനാണോ? നമുക്ക് കാണാനൊക്കില്ലേ? ഒരു പഴം കഴിച്ചതിന്‍റെ പേരില്‍ നമ്മളെ തനിച്ചാക്കി അദൃശ്യനായവരുടെ കൂട്ടത്തിലാണോ ഇദ്ദേഹവും? ഉത്തരം ഗീതാദൈവം തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?

"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)

"ഞാന്‍ സൃഷ്ടിച്ചതെല്ലാം നിനക്ക് സുഖിക്കാന്‍ വേണ്ടിയാണ്" എന്ന വിഢ്ഢി പ്രസ്ഥാവനയിറക്കി ആപ്പിലായ ഒരു ദൈവത്തെ നമുക്കറിയാം. പ്രസ്ഥാവനയിറക്കിയവരുടെ അനുയായികള്‍തന്നെ ആ പഴമെടുത്ത് കഴിച്ചു. പിന്നീടിങ്ങോട്ട് ലോകത്തെ മുഴുവനും നശിപ്പിക്കാനും, സ്വാര്‍ത്ഥബുദ്ധിയോടെ എല്ലാറ്റിനേയും കൊന്നു തിന്നാനും, മനുഷ്യനെ പ്രേരിപ്പിച്ചതും 'ദൈവം ഈ സൃഷ്ടിച്ചതെല്ലാം നമുക്ക് വേണ്ടിയല്ലേ, പിന്നെന്താ കുഴപ്പം?' എന്ന ഈ മുടന്തന്‍ ന്യായമാണ്.

എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32) എന്നാണ് ഭഗവദ്ഗീതയിലെ ദൈവത്തിന്‍റെ അഭിപ്രായം. ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്.

ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ദൈവം ആരാണെന്ന് നോക്കാം. ആ ദൈവം എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം.

ഗീതാ ദൈവം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു." (2:30) "മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7) "സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)

വെറും ഏഴ് ദിവസം കൊണ്ട് എല്ലാറ്റിനേയും സൃഷ്ടിച്ച് സ്വര്‍ഗ്ഗത്തിലെ കസേരയിലിരുന്ന് നമ്മുടെ പാപത്തിന്‍റെ കണക്കെടുകയല്ല, മറിച്ച് സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയിലെ ദൈവം പറയുന്നു.

"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)

നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം.

നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍" എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും. അതാണ്‌ ശിവം.

ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ,  എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാം

🙏🙏🙏🙏🙏🙏
🕉🕉🕉🕉🕉🕉


ശ്രീമഹാഭാഗവതകഥകൾ: അമ്പാടിപ്പൈതൽ

     വസുദേവർ നന്ദഗൃഹത്തിലെത്തി യശോദയുടെ നികടത്തിൽ പൈതലിനെ കിടത്തി തിരിച്ച്പോന്ന് അല്പം കഴിഞ്ഞപ്പോൾ ശിശുരോദനം ചെയ്തു. അതുകേട്ട് യശോദയും സൂതികാഗൃഹത്തിലുണ്ടായിരുന്ന പരിചാരകന്മാരും ഞെട്ടിയുണർന്നു. എന്തത്ഭുതം! നന്ദപത്നിയുടെ പ്രസവം കഴിഞ്ഞിരിക്കുന്നു. യാതൊരു വേദനയും വൈഷമ്യവും കൂടാതെ; ഒന്നുമറിയാതെ; നിദ്രയുടെ നിസ്തന്ദ്രതയിൽ, ദേവിയുടെ പ്രസവം നടന്നത് ദൈവാനുഗ്രഹമെന്നേ പറയാനുളളൂ എന്ന് അവിടെയുണ്ടായിരുന്നവർക്കെല്ലാം അപ്പോൾ തോന്നി.
       " കൈകാലുകൾ കുടഞ്ഞുകരയുന്ന ഓമനത്തമുളള ഒരാൺകുഞ്ഞ്! കാർമേഘവർണ്ണം " ----- ഇങ്ങനെ പരിചാരികമാർ തമ്മിൽ പറയുന്നതു കേട്ടുകൊണ്ട് ആനന്ദതുന്ദിലനായി നന്ദഗോപൻ ആ പ്രസവമുറിയിലേക്ക് കടന്നുവന്നു. പത്നിയേയും പൈതലിനേയും അദ്ദേഹം സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് വീക്ഷിച്ചു. ആർക്കും ചെന്നെടുത്ത് ഉമ്മവയ്ക്കാൻ തോന്നുന്ന ഓമനത്തമുളള ഒരു ശിശു! നന്ദൻ തൻറെ അതിരറ്റ ഭാഗ്യത്തെ ഓർത്തു വൈകുണ്ഡനാഥനെ ഉളളഴിഞ്ഞു പ്രാർത്ഥിച്ചു. എല്ലാം ആ ഭക്തവത്സലൻറെ അനുഗ്രഹമെന്ന് മനസ്സിൽ ദൃഢമായി ഉറച്ചു. യശോദയും ആ പൂമ്പൈതലിനെക്കണ്ട് ആനന്ദവാരാന്നിധിയിൽ മുഴുകി, നിർവൃതിയിൽ ലയിച്ചു അല്പനേരം മതിമറന്നിരുന്നു പോയി. അനന്തരം അതിനെ കരതലത്തിലെടുത്ത്, പാൽചുരത്തി നിന്ന മുല മെല്ലെ കുടിപ്പിച്ചു.
       നേരം കിളളിവെളുത്തില്ല, അതിനു മുമ്പുതന്നെ, യശോദ അതികോമളനായ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു എന്നവാർത്ത, ഗോപവാടം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. പിന്നെ അവിടെ നടന്ന ആഘോഷം എന്തെന്നും എങ്ങിനെയെന്നും പറയാൻ വാക്കുകൾ പോരാ. അതേ; ഗോപന്മാരും ഗോപികളുംചേർന്ന്, ആടുക, പാടുക, തുളളുക, നൃത്തം ചെയ്യുക, സന്തോഷംകൊണ്ട് കരയുക, പരസ്പരം ആശ്ലേഷിക്കുക---- എന്നുവേണ്ട എന്തെല്ലാം മാനസോല്ലാസപ്രകടനങ്ങളാണ് അവർ നടത്തിയതെന്ന് വർണ്ണിക്കാൻ സാദ്ധ്യമല്ല. നന്ദഗോപൻ ആ പ്രജാവാസികളുടെ നാഥനാണ്. അദ്ദേഹത്തിന്റെ പത്നി "ആറ്റുനോറ്റ് " ഒരു ആൺപൈതലിനെ പ്രസവിച്ചപ്പോൾ അവർക്ക് അപ്രകാരം ആനന്ദാഹ്ലാദമുണ്ടായതിൽ അത്ഭുതമില്ല.
********
     കുഞ്ഞിൻറെ അഭ്യുദയത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി, നന്ദഗോപൻ ഉത്തമബ്രാഹ്മണർക്ക് ധനദാനം, ഗോദാനം,വസ്ത്രദാനം,സ്വർണ്ണദാനം മുതലായവ നൽകി, ഒരു നല്ല ശുഭമുഹൂർത്തത്തിൽ ഉണ്ണിയുടെ ജാതകർമ്മങ്ങളും കഴിച്ചു. അന്നുമുതൽ അമ്പാടിയിൽ പണ്ടെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഐശ്വര്യവും വിളയാടാൻ തുടങ്ങി. ആത്മവല്ലഭൻ പളളികൊളളുന്ന പുണ്യസ്ഥലത്ത് പൂമങ്കയും വിളയാടി വിളങ്ങണമല്ലോ.
     ഗോപന്മാർ തങ്ങളുടെ ഗോപുരഭാഗങ്ങളിൽ ധ്വജങ്ങൾ നാട്ടി സന്തോഷസൂചകമായി കൊടിക്കൂറകൾ തൂക്കി. ദിവസവും പുലർവേളയിൽ, കുളിച്ചു ഗോപീചന്ദനക്കുറികളും ചാർത്തി, തലമുടി മേൽപ്പോട്ടാക്കി കൂട്ടിക്കെട്ടി അതിൽ മയൂരപിഞ്ഛങ്ങളും കുത്തി ഗോപന്മാർ അമ്പാടിമണിക്കുഞ്ഞിനെ വന്നു ദർശിച്ചുകൊണ്ടിരുന്നു. അതുപോലെ ദിവസവും ഗോപാംഗനകൾ കുളിച്ചു ശുഭ്രവസ്ത്രങ്ങളണിഞ്ഞ് വാർമുടി കോതിക്കെട്ടി കണ്ണെഴുതി ചാന്തിൻപൊട്ടും തൊട്ട് ചമഞ്ഞൊരുങ്ങി തങ്ങളുടെ പഞ്ചാമൃതപ്പൈങ്കിളിപ്പൈതലിനെ വന്നുകണ്ട്, ആടിപ്പാടി നൃത്തങ്ങൾ വച്ച് ഓമനത്തം തുളുമ്പുന്ന പിഞ്ചിളം ചെന്താർവദനത്തെയും ശ്യാമളമേഘവർണ്ണംപൂണ്ട പൂന്തനുവിനേയും ചുംബിച്ചു ആനന്ദപ്പൂമരന്ദപ്പുഴയിൽ മുഴുകി രസിച്ചു.
      കുഞ്ഞിന് കാണികളുടെ കണ്ണുദോഷം പറ്റാതിരിക്കാൻ നന്ദഗോപൻ മന്ത്രവാദികളെക്കൊണ്ട് രക്ഷാമന്ത്രങ്ങൾ എഴുതിച്ച വാറോലകൾ സൂതികാഗൃഹത്തിന് നാലുവശവും തൂക്കിവച്ചു. ആ ദിവസങ്ങളിൽ  അമ്പാടിയിൽ ഒരു മഹോത്സവത്തിൻറെ പ്രതീതിയാണ് എപ്പോഴും ദൃശ്യമായിരുന്നത്. പശുക്കളെ കുളിപ്പിച്ച് കൊമ്പുകളിൽ പട്ടുറകളിട്ട് അലങ്കരിക്കുക, തൊഴുത്തുകളിൽ പൂമാലകളും കുരുത്തോലകളും തൂക്കി ഭംഗിവരുത്തുക--- എന്നിങ്ങനെ ഗോവൃന്ദങ്ങൾക്കും സന്തോഷംവരുമാറ് ഗോപന്മാർ പലതും ചെയ്തു.                           
🙏🙏🙏🙏🙏🙏🙏

മഹാ വൈദ്യനായ ശാസ്താവ്

🕉🕉🕉🕉🕉🕉🕉

മഹാ വൈദ്യനായ ശാസ്താവ്

യസ്യ ധന്വന്തരിർ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം

രോഗദുരിതപീഡകളിൽ നിന്നു രക്ഷനേടാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂർത്തിയുടേയും വൈദ്യനാഥനായ ഭഗവാൻ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധർമ്മശാസ്താവ്.
അമൃതകലശം കൈയിൽ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകൾ കേരളത്തിലുണ്ട്(തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കൽപ്പങ്ങൾ കൂടി ചേർന്ന ശാസ്താ ഭാവമാണിത്.അമൃതത്വം നൽകുന്നവനാണ് ശാസ്താവ്.ഭഗവാൻ ഭക്തർക്കു തരുന്ന അമൃത് എന്താണ്? മരണമില്ലാതാക്കാനുള്ള അമൃതാണോ? അതോ ജനിമൃതികളിൽ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ?. ഭഗവദ്ഗീതയിൽ കൃഷ്ണൻ സൂചിപ്പിക്കുന്ന ധർമ്മാമൃതമാണ്(ഭഗവദ്ഗീത ഭക്തിയോഗം നോക്കുക)ശാസ്താവു നൽകുന്നത്. ആത്മാവിൻറെ നിത്യതയിലേക്കു നയിക്കുന്ന ധർമ്മാമൃതം കൈയിൽ ധരിച്ച ദേവൻ എന്നു അറിഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ധർമ്മശാസ്താവിനെയാണ് വസിഷ്ഠ, പരശുരാമാദി മഹർഷിമാർ അമൃതകലശഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.

കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങൾ ചികിത്സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചൻകോവിൽ ക്ഷേത്രവും ഉദാഹരണങ്ങൾ. അച്ചൻ കോവിൽ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചൻകോവിൽ ശാസ്താ വിഗ്രഹത്തിൻറെ വലതു കൈയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സർപ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളിൽ വെച്ച് ആർക്കെങ്കിലും സർപ്പദംശനമേറ്റാൽ അവരെ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിൻറെ കൈയിലെ ചന്ദനം മുറിവിൽ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം. വിഷംതീണ്ടിയവരേയും കൊണ്ട് അർദ്ധരാത്രിയിലാണ് എത്തുന്നതെങ്കിലും ശ്രീകോവിൽ നടതുറന്ന് മേൽശാന്തി ചന്ദനം നൽകണമെന്നതാണ് ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചൻകോവിൽ ക്ഷേത്രത്തിനു ചുറ്റുമുള്ളവർക്ക് സർപ്പദംശനം ഏൽക്കാനുള്ള സാധ്യതയും വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ടുതന്നെസംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിർവഹിക്കേണ്ടിയിരുന്നു.

തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങൾക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായർക്ക് സ്വപ്‌നത്തിൽ ശാസ്താവ് പറഞ്ഞു നൽകിയതാണ് എണ്ണയുടെ കൂട്ട്. എണ്പിത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേർത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണ് ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയിൽ വിശദമാക്കുന്നുണ്ട്.
ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങൾക്കുള്ള മരുന്നും നൽകുന്ന വിധത്തിൽ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങൾ നിലകൊണ്ടിരുന്നത് എന്നു സാരം
കടപ്പാട്: ജന്മഭൂമി 
സ്വാമിയേ ശരണമയ്യപ്പാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ

🌹🌹🌹🌹🌹🌹🌹🌹

Sunday, 19 November 2017

ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..

ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..

നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ നിന്നും നിലമ്പൂർ കോവിലകത്തിന് വീണു കിട്ടിയ സൗഭാഗ്യമാണ് കുട്ടി കേശവൻ. സർവ്വ ലക്ഷണങ്ങളും തികഞ്ഞ കുട്ടിക്കുറുമ്പൻ.. കോവിലകത്തെ സകല അംഗങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. അങ്ങനെയിരിക്കെ മലബാർ കലാപം എന്ന മാപ്പിള ലഹള പൊട്ടി പുറപ്പെട്ടു. നിലമ്പൂർ കോവിലകം ആക്രമിച്ച കൊള്ളക്കാർ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത കൂട്ടത്തിൽ കേശവനേയും തട്ടിയെടുത്തു..
കേശവനെ നഷ്ടപ്പെട്ടതിൽ എല്ലാവരും വളരെയധികം വിഷമിച്ചു.ഗുരുവായൂരപ്പന്റെ ഭക്തയായ വല്യ തമ്പുരാട്ടി ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു. യാതൊരു കുഴപ്പവും കൂടാതെ കേശവനെ തിരികെ കിട്ടിയാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടതള്ളിക്കോളാം എന്ന് വഴിപാടും നേർന്നു. കോവിലകത്തെ ഭടന്മാർ കാടും നാടും മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആനക്കുട്ടിയെ കിട്ടിയില്ല

മാസങ്ങൾ കഴിഞ്ഞു. കൊള്ളക്കാർ കൊടും കാടിനകത്ത് ഒരു ഗുഹക്കുള്ളിൽ താമസിച്ചു വന്നിരുന്നു. ആന കുട്ടിയെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. ഒരു ദിവസം ഒരു വഴി പോക്കൻ അവിടെ എത്തുകയും എല്ലാവർക്കും മദ്യം നൽകി മയക്കി ആനയെ അഴിച്ചു കൊണ്ടു പോരികയുമുണ്ടായി.. അത് സാക്ഷാൽ ഗുരുവായൂരപ്പൻ വേഷം മാറി ചെന്നതാണെന്ന് ജനങ്ങൾ വിശ്വസിച്ചു വരുന്നു.
കോവിലകത്ത് സന്തോഷം അലതല്ലി...
1922 ജനുവരി 17 ന് കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി.മഹാ കുസൃതിയായിരുന്ന അവൻ കൊടിമരച്ചുവട്ടിൽ നമസ്കരിക്കാൻ പോലും കൂട്ടാക്കിയില്ല. ആരെയും അനുസരിക്കാതെ ഭ്രാന്തമായ പെരുമാറ്റ രീതികൾ. ഭ്രാന്തൻ കേശവൻ എന്ന പേരു വീഴുകയും ചെയ്തു. അവന്റെ ആ സ്വഭാവം മാറ്റാനായി 41 ദിവസം കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരുത്തി.. നേദിച്ച ചോറും പായസവും കൊടുത്ത് നരസിംഹ മന്ത്രം ജപിച്ച നെയ്യും കൊടുത്തു.. 3 വർഷത്തോളം അവനെ അമ്പലത്തിൽ കുളിച്ച് തൊഴുവിച്ചു.. അവന്റെ സ്വഭാവം അടിമുടി മാറി. അനുസരണയുള്ള നല്ല കുട്ടിയായി മാറി. അവനെ മകനെപ്പോലെ സ്നേഹിച്ച അച്ചുതൻ നായർ എന്ന പാപ്പാനും കൂട്ടിനെത്തി. ഉയരത്തിലും സ്വഭാവ സവിശേഷത്തിലും അവൻ ഒന്നാം നമ്പരായി.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഏറ്റവും കൂടുതൽ വരുമാനവും പ്രസിദ്ധിയുണ്ടായത് കേശവൻ മൂലമാണ്. കേരളത്തിലെ പേരുകേട്ട എല്ലാ ഉത്സവങ്ങൾക്കും കേശവൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. 55 വർഷത്തെ ഗുരുവായൂർ ജീവിതത്തിനിടയിൽ അവൻ ഒരാൾക്കു പോലും ഒരപകടവും ഉണ്ടാക്കിയിട്ടില്ല.
തനിക്ക് അഹിതമായത് ആര് പ്രവർത്തിച്ചാലും അവൻ എതിർത്തു വന്നിരുന്നു. ആരുമായി പിണങ്ങിയാലും അത് എവിടെയാണെങ്കിലും അവൻ നേരെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു പോക്കാണ്. കിഴക്കേ ഗോപുരം കടന്ന് കൊടിമരച്ചുവട്ടിൽ നിന്ന് ഭഗവാനെ ദർശിച്ച ശേഷമേ അവൻ ശാന്തനായിരുന്നുള്ളു.. ഒരിക്കൽ പിണങ്ങി തേക്കിൻകാട് മൈതാനത്ത് വലം വച്ച അവനെ വെടിവച്ചു വീഴിക്കാൻ വരെ ആലോചനയുണ്ടായി. ചേർപ്പുളശേരിക്കാരനായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്ന ആളുടെ രൂപത്തിൽ ഗുരുവായൂരപ്പൻ നേരിട്ടെത്തി അവനെ തളച്ചെന്നുള്ള ഒരു കഥയും ജനങ്ങൾ വിശ്വസിക്കുന്നു.

ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ
 തന്നെയായിരുന്നു . ഗുരുവായൂരപ്പൻ ഏറ്റവും കൂടുതൽ കയറിയെഴുന്നളളിയത്  കേശവന്റെ പുറത്താണ്.

ആനയുടെ ലക്ഷണശാസ്ത്രം വച്ച് ക്ഷത്രിയ കുലജാതനായിരുന്നു കേശവൻ. ഭഗവാന്റെ ശീവേലിത്തിടമ്പുമായി വരുന്ന ആളെ അല്ലാതെ ആരെയും അവൻ മുൻ കാലുകളിൽ കൂടി തന്റെമുകളിൽ കയറ്റിയിട്ടില്ല. മറ്റാനകളോട് ദേഷ്യമോ പിണക്കമോ അവനുണ്ടായിരുന്നില്ല.
അവന്റെ കേമത്തവും സ്വഭാവ ഗുണവും കണക്കാലെടുത്ത് അവന് ഗജരാജ പട്ടം നൽകി ദേവസ്വം ആദരിച്ചു.
.കേശവന്റെ 60-ാം പിറന്നാൾ വളരെ കേമമായി ദേവസ്വം ആഘോഷിക്കുകയുണ്ടായി.

1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി  12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി  പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.
പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി.ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ  " അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം " എന്നാരംഭിക്കുന്ന കേശാദിപാദം  ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.. അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണവാർത്തയോടെയാണ്.. ആബാലവൃദ്ധം ജനങ്ങൾ ആ പറമ്പിലേക്കൊഴുകിയെത്തി.. വൈകുന്നേരം 6 മണി വരെ പൊതുദർശനം നടത്തിയ ശേഷം വടക്കഞ്ചേരിക്കടുത്തുള്ള അകമലയിൽ ആ ശരീരം അഗ്നിയിലേക്കമർന്നു.. ഇന്ത്യയിൽ നിന്നു പ്രസിദ്ധികരിക്കുന്ന എല്ലാ പ്രധാന മാധ്യമങ്ങളിലും ആ മരണവാർത്ത അച്ചടിച്ചു വന്നു.
കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ അയ്മ്പൊന്നുകൊണ്ടു പൊതിഞ്ഞ് കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും ഒരു മാത്ര കേശവനെ ഓർക്കാതിരിക്കാനാവില്ല.. എല്ലാവർഷവും ദശമി ദിവസം കേശവൻ അനുസ്മരണം നടത്തപ്പെടുന്നു. അവൻ ചെരിഞ്ഞ സ്ഥലത്ത് കേശവന്റെ അതേ മുഴുപ്പിൽ ഉണ്ടാക്കിയ രൂപത്തിൽ ഇളമുറയിലെ ആനകൾ ആദരവ് അർപ്പിക്കുന്നു.

നിഷ്കാമ ഭക്തിയോടെ തന്നെ ഭജിച്ച ഒരു മിണ്ടാപ്രാണിക്ക് വരെ മോക്ഷം നൽകിയ ഭഗവാനേ....ഗുരുവായൂരപ്പാ !! രക്ഷമാം രക്ഷമാം...

Friday, 13 October 2017

ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു

മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .

ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.

വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.

" ഇവിടെ എവിടേയോ കാണണം"

വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.

"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം".

വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.

'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.

തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.

തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.

ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.

' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..😇.?'

ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.

മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല.

ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".

"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്.

സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .

നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...

യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....

എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.

 മനസ്സിരുത്തി  വായിക്കുക. ജീവിതത്തിൽ പകർത്തുക .....
സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ച സൃഷ്ടിയെ വണങ്ങുക... നല്ലതുമാത്രം വിചാരിക്കുക, നമുക്ക് കിട്ടിയതെല്ലാം  അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...

മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക

നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

ആരോഗ്യകരമായ ശരീരത്തില്‍  ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക

പ്രാര്‍ത്ഥന പതിവാക്കുക.
 ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക,  ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം, നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

 ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

 ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.

നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.

ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.

ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.